4ജി സ്പീഡിലേക്ക് കേരളവും; ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ എന്നിവ വഴി നാലാം തലമുറ ടെലികോം സേവനം കേരളത്തിലേക്കും

4ജി സേവനം ഇന്നു വരും നാളെ വരും എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് വര്‍ഷം മൂന്ന് കഴിഞ്ഞു. അവസാനം ഈ കാത്തിരിപ്പിന് ഒരറുതി വരുത്തി കൊണ്ട് 4ജി സേവനം കേരളത്തിലും വരുന്നു. ഭാരതി എയര്‍ടെല്‍, റിലയന്‍സ് ജിയോ ഇന്‍ഫോകോം എന്നിവയാണ് കേരളത്തില്‍ 4ജി സേവനം അവതരിപ്പിക്കുന്നത്.

4g logo

കേരളത്തില്‍ 4ജി സേവനം ലഭ്യമാക്കാന്‍ ലൈസന്‍സുള്ള ക്വാള്‍കോമിന്റെ വയര്‍ലെസ് ബിസിനസ് സര്‍വീസസ് എന്ന കമ്പനിയെ ഏറ്റെടുത്തതോടെയാണ് കേരളത്തിലേക്ക് എയര്‍ടെല്‍ 4ജി എത്തുന്നത്. അടുത്ത വര്‍ഷം ആദ്യ പകുതിയില്‍ തന്നെ എയര്‍ടെല്‍ കേരളത്തില്‍ 4ജി സേവനം അവതരിപ്പിക്കുമെന്നാണ് കരുതുന്നത്. കൊല്‍ക്കത്ത, കര്‍ണാടക, പഞ്ചാബ്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ 4ജി സേവനം അവതരിപ്പിച്ച ശേഷമാണ് എയര്‍ടെല്‍ കേരളത്തിലെത്തുന്നത്. എയര്‍ടെലില്‍ 3ജി നിരക്കുകളേക്കാള്‍ കുറഞ്ഞ നിരക്കിലാണ് 4ജി ലഭ്യക്കുക. രണ്ടു ജി.ബി.ക്ക് 450 രൂപയും, 10 ജി.ബി.ക്ക് 999 രൂപയും ആണ് എയര്‍ടെലില്‍ 4ജി നിരക്ക്.

മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ 2014 മാര്‍ച്ച് അവസാനത്തോടെ കേരളത്തില്‍ 4ജി സേവനം തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ്. ഇന്ത്യയിലെ മുഴുവന്‍ സംസ്ഥാനങ്ങളിലും മാര്‍ച്ചില്‍ തന്നെ 4ജി സേവനമെത്തിക്കാനാണ് റിലയന്‍സ് ജിയോയുടെ പദ്ധതി. കേരളത്തില്‍ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂര്‍, തൃശ്ശൂര്‍, കൊല്ലം, ആലപ്പുഴ, കോട്ടയം, പാലക്കാട് എന്നിവിടങ്ങളിലാണ് ആദ്യം 4ജി അവതരിപ്പിക്കുക. പിന്നീട് മറ്റിടങ്ങളിലേക്കും സേവനം വ്യാപിപ്പിക്കും.

ലോങ് ടേം ഇവല്യൂഷന്‍ (LTE) സാങ്കേതിക വിദ്യയാണ് 4ജി സേവനത്തിനായി ഉപയോഗിക്കുന്നത്. 3ജി സേവനത്തില്‍ ഇന്റര്‍നെറ്റ് ഡൗണ്‍ലോഡ് പരമാവധി വേഗത സെക്കന്‍ഡില്‍ 21 എംബി ആണെങ്കില്‍ 4ജിയില്‍ ഇത് സെക്കന്‍ഡില്‍ 100 വരെയാണ്. അതായത് ഇന്റര്‍നെറ്റ് ഡാറ്റാ കൈമാറ്റത്തിന്റെ വേഗത അഞ്ചു മടങ്ങ് വര്‍ധിക്കും. 4ജി ബ്രോഡ്ബാന്‍ഡിലൂടെ ഫേസ്ബുക്കില്‍ ഒരു ഫോട്ടോ അപ്‌ലോഡ് ചെയ്യാന്‍ ഒരു സെക്കന്‍ഡ് പോലും വേണ്ടിവരില്ല. അതുപോലെ യൂട്യൂബില്‍ ഇടതടവില്ലാതെ വീഡിയോകള്‍ കാണാം. ഓണ്‍ലൈന്‍ ഗെയിമിങ് രംഗവും ശക്തിപ്പെടും. 4ജി എത്തുന്നതോടെ തടസ്സങ്ങളില്ലാതെ സ്കൈപ്പ്, ഗൂഗിള്‍ പ്ലസ്‌ ഹാങ്ങ്‌ഔട്ട്‌, വിചാറ്റ് എന്നിവ വഴി കീശയിലെ പണം ചോരാതെ തന്നെ വീഡിയോ കോളിങ് നടത്താമെന്നതാണ് പ്രവാസികള്‍ ഏറെയുള്ള കേരളത്തിന് ഒരനുഗ്രഹമാകും.