ചൊവ്വയ്ക്ക് ശേഷം സൂര്യനെ ലക്ഷ്യംവെച്ച് ഇന്ത്യന്‍ ബഹിരാകാശ ദൗത്യം

Posted on Nov, 19 2013,ByTechLokam Editor

ചൊവ്വയിലേക്കുള്ള മംഗല്‍യാന്‍ ദൗത്യത്തിനു ശേഷം ഇന്ത്യ സൂര്യനിലേക്കുള്ള ഒരു ബഹിരാകാശ ദൗത്യത്തിന് തയ്യാറെടുക്കുന്നു. ആദിത്യ 1 എന്ന്‍ നാമകരണം ചെയ്തിരിക്കുന്ന ഈ ദൗത്യത്തിന്റെ ലക്ഷ്യം സൂര്യന്റെ പ്രഭാമണ്ഡലത്തെക്കുറിച്ച് പഠിക്കുകയാണ്.

Sun

ഇതിന് അന്തിമ രൂപം നല്‍കാന്‍ ഇന്ത്യന്‍ ഗവേഷകര്‍ ഉടന്‍ ബംഗലൂരുവില്‍ യോഗം ചേരും. 2015-16 വര്‍ഷത്തിലാണ് ആദിത്യ 1 വിക്ഷേപിക്കാന്‍ ഇന്ത്യന്‍ ബഹിരാകാശ സംഘടന ശ്രമം നടത്തുന്നത്. സൂര്യന്റെ പ്രഭാമണ്ഡലം അഥവ കോര്‍ണിയയിലെ ചൂട് ഏറുന്നതിനെക്കുറിച്ച് പഠിക്കുവനാണ് ആദിത്യ 1 പ്രധാനമായും ലക്ഷ്യമിടുന്നത്. ‘സ്‌പേസ് സോളാര്‍ കൊറോണഗ്രാഫാ’യിരിക്കും, സൗര്യദൗത്യമായ ആദിത്യ 1 ന്റെ മുഖ്യഭാഗം.

ഇന്ത്യയുടെ അഭിമാനമായ പോളാര്‍ സാറ്റ്‌ലൈറ്റ് ലോഞ്ച് വെഹിക്കിള്‍ ( PSLV ) ഉപയോഗിച്ച്, ഭൂസ്ഥിര ഭ്രമണപഥത്തിലേക്ക് ആകും ആദിത്യയെ എത്തിക്കുകയെന്ന്, ഐഎസ്ആര്‍ഒ വെബ്സൈറ്റില്‍ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യയുടെ’ബഹിരാകാശ ഗവേഷണ ഉപദേശക സമിതി’ 2008 ല്‍ മുന്നോട്ടുവെച്ച ആശയമാണ് ആദിത്യ 1. 2008 നവംബര്‍ 10 ന് ഈ പദ്ധതിക്ക് അംഗീകാരം ലഭിച്ചു. ഈ പദ്ധതി മുന്നോട്ടുവെക്കുമ്പോള്‍ 50 കോടി രൂപയാണ് നിര്‍മ്മാണ ചിലവ് പ്രതീക്ഷിച്ചിരുന്നത്. പക്ഷേ ഇപ്പോള്‍ അതിലും ചിലവ് കൂടുമെന്നാണ് അറിയുന്നത്.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക