ഇന്ത്യ പാക്ക് സുഹൃത്ബന്ധത്തിന്റെ വികാര നിര്‍ഭരമായ കഥ പറയുന്ന ഗൂഗിളിന്റെ പരസ്യം യൂട്യൂബില്‍ വൈറലാകുന്നു

ഗൂഗിള്‍ സെര്‍ച്ചിന്റെ പ്രചാരണത്തിനായി ഗൂഗിള്‍ ഇന്ത്യ പുറത്തിറക്കിയ പരസ്യം യൂട്യൂബില്‍ വൈറലാകുന്നു. ഒരു ഇന്ത്യക്കാരന്റെയും, പാക്കിസ്ഥാനിയുടെയും സുഹൃദ്ബന്ധത്തിന്റെ വികാര നിര്‍ഭരമായ കഥയാണ് ഗൂഗിള്‍ ഈ പരസ്യത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഉറ്റ സുഹൃത്തുക്കളായ രണ്ട് വൃദ്ധന്മാര്‍ വര്‍ഷങ്ങള്‍ക്കു ശേഷം കണ്ടുമുട്ടുന്നതാണ് പരസ്യത്തിന്റെ ഉള്ളടക്കം.

Google Search Ad

ഒരു യുവതി തന്റെ മുത്തച്ചനുമായി സംസാരിക്കുന്നതും മുത്തച്ഛന്‍ തന്റെ ബാല്യകാല സുഹൃത്തിനെ ഓര്‍മ്മിക്കുന്നതും എന്നാല്‍ പിന്നീടു ഇന്ത്യ വിഭജനത്തിനു ശേഷം പാക്കിസ്ഥാനില്‍ ജീവിക്കുന്ന തന്റെ സുഹൃത്തിനെ വിട്ടു പോരേണ്ടി വന്ന കഥയും ദുഖത്തോടെ പറയുന്നതാണ് പരസ്യത്തിന്റെ ആദ്യം ഭാഗം.

സുഹൃത്തിനെ വിട്ടുപോരേണ്ടി വന്ന മുത്തച്ഛന്റെ ദു:ഖം കണ്ട് പേരക്കുട്ടി, ഗൂഗിള്‍ സെര്‍ച്ച്‌ വഴി മുത്തച്ഛന്‍ പറഞ്ഞ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ലാഹോറിലുള്ള മുത്തച്ഛന്റെ ബാല്യകാല സുഹൃത്ത് നടത്തുന്ന ബേക്കറി കട കണ്ടു പിടിക്കുകയും, ആ പെണ്‍കുട്ടി അവിടുത്തേക്ക് ഫോണ്‍ ചെയ്യുകയും ചെയ്യുന്നു. അതേ സമയം പഴയ സുഹൃത്തിനെ കാണുവാന്‍ ആഗ്രഹിക്കുന്ന പാകിസ്ഥാന്‍ സുഹൃത്തിന്റെ കൊച്ചുമോന്‍ ഇന്ത്യയിലേക്ക് വരുവാന്‍ വേണ്ടി വിസ റെഡി ആക്കുവാന്‍ വേണ്ടിയും ഗൂഗിള്‍ സെര്‍ച്ച് തന്നെ ഉപയോഗിക്കുന്നു.

തുടര്‍ന്ന് രണ്ടു ബാല്യകാല സുഹൃത്തുക്കള്‍ തമ്മില്‍ കണ്ടു മുട്ടുന്ന വികാരനിര്‍ഭരമായ രംഗങ്ങളിലാണ് പരസ്യം അവസാനിക്കുന്നത്. രാജ്യാതിര്‍ത്തികള്‍ കടന്നു പോകുന്ന ബന്ധത്തെക്കുറിച്ചും ഒക്കെ ഓര്‍മ്മിപ്പിക്കുന്നു. മൂന്നരമിനുട്ട് ദൈര്‍ഘ്യമുള്ള പരസ്യം മനുഷ്യബന്ധങ്ങളുടെ വിലയെക്കുറിച്ച് മനസ്സിലാക്കി തരുന്നു. ഈ കഴിഞ്ഞ നവംബര്‍ 13ന് ആണ് ഈ പരസ്യം യുട്യൂബില്‍ അപ്‌ലോഡ്‌ ചെയ്തത്.