മംഗള്‍യാന് വിജയകരമായ തുടക്കം; അടുത്ത 300 ദിവസം വളരെ നിര്‍ണ്ണായകമെന്ന് ഐഎസ്ആര്‍ഒ

Posted on Nov, 05 2013,ByTechLokam Editor

ഇന്ത്യയുടെ അഭിമാനമുയര്‍ത്തിക്കൊണ്ട് രാജ്യത്തിന്റെ പ്രഥമ ചൊവ്വ പര്യവേഷണ പേടകം മംഗള്‍യാന്‍ ശ്രീഹരിക്കോട്ടയില്‍നിന്ന് കുതിച്ചുയര്‍ന്നു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രത്തില്‍ നിന്നാണ് ഉച്ചയ്ക്ക് 2.38ന് വിജയകരമായി വിക്ഷേപിച്ചത്. ആദ്യഘട്ടം വിജയകരമാണെന്ന് ഐഎസ്ആര്‍ഒ വക്താക്കള്‍ വെളിപ്പെടുത്തി.

Mangalyaan take off

വിക്ഷേപണത്തിന്റെ ആദ്യഘട്ടങ്ങള്‍ നിശ്ചയിച്ചതുപോലെ പിന്നിട്ട് ‘മാഴ്‌സ് ഓര്‍ബിറ്റര്‍ മിഷന്‍ ‘ എന്ന മംഗള്‍യാന്‍ ഭൂമിയുടെ ഭ്രമണപഥത്തിലെത്തി. ഇതോടെ പിഎസ്എല്‍വി റോക്കറ്റിന്റെ ദൗത്യം അവസാനിക്കും. പിന്നീട് 25ഓളം ദിവസം ഭൂമിയുടെ ഭ്രമണപഥത്തില്‍ ചുറ്റിക്കറങ്ങുന്ന പേടകം ചൊവ്വയിലേക്കുള്ള പ്രയാണം ആരംഭിക്കും. 200 ദശലക്ഷം കിലോമീറ്റര്‍ സഞ്ചരിച്ച് അടുത്ത വര്‍ഷം സെപ്റ്റംബര്‍ മാസം പേടകം ചൊവ്വയുടെ ഭ്രമണപഥത്തിനടുത്തെത്തും. മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലേക്കെത്താന്‍ മുന്നൂറോളം ദിവസങ്ങളാണെടുക്കുന്നത്.

Mangalyaan take off

വിക്ഷേപണം കഴിഞ്ഞ് ഏതാണ്ട് 35 മിനിറ്റ് കഴിഞ്ഞപ്പോള്‍ ഐഎസ്ആര്‍ഒ അവരുടെ ഫെയ്‌സ്ബുക്ക് പേജില്‍ ഇങ്ങനെ കുറിച്ചു : ‘ചരിത്രം സൃഷ്ടിച്ചിരിക്കുന്നു… ഐഎസ്ആര്‍ഒ യുടെ മാഴ്‌സ് ഓര്‍ബിറ്റര്‍ മിഷന്‍ പേടകം പിഎസ്എല്‍വി-സി25 ല്‍ നിന്ന് വിജയകരമായി വേര്‍പെട്ടിരിക്കുന്നു’.

ചൊവ്വയുടെ ചിത്രങ്ങള്‍ ഒപ്പിയെടുക്കുന്നതിനുള്ള കളര്‍ ക്യാമറയും മീഥെയ്ന്‍ വാതകം മണത്തറിയുന്നതിനുള്ള സെന്‍സറുമടക്കം അഞ്ച് ശാസ്ത്ര ഉപകരണങ്ങളാണ് മംഗള്‍യാന്‍ പേടകത്തിലുള്ളത്. യൂറോപ്യന്‍ യൂണിയനും അമേരിക്കയ്ക്കും റഷ്യയ്ക്കും ശേഷം ചൊവ്വയുടെ ഭ്രമണപഥത്തില്‍ പര്യവേക്ഷണ വാഹനമെത്തിക്കുന്ന രാജ്യം എന്ന ചരിത്രനേട്ടമാണ് ഇന്ത്യയെ കാത്തിരിക്കുന്നത്. ചൈനയെയും ജപ്പാനെയും മറികടന്ന് ഇന്ത്യ ഈ നേട്ടം കൈവരിക്കുന്നത് കാണാന്‍ ഇന്ത്യന്‍ രാഷ്ട്രീയനേതൃത്വവും ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക