ഇന്ത്യയുടെ മനുഷ്യ കമ്പ്യൂട്ടര്‍ ശകുന്തള ദേവിയെ ഓര്‍മ്മിച്ച് ഗൂഗിള്‍ ഡൂഡിള്‍

Posted on Nov, 04 2013,ByTechLokam Editor

ഇന്ത്യയുടെ മനുഷ്യ കമ്പ്യൂട്ടര്‍ എന്നറിയപെടുന്ന ശകുന്തള ദേവിയെ ആദരിച്ച്‌, അവരുടെ ജന്മദിനമായ നവംബര്‍ 4ന് ഗൂഗിള്‍ ഇന്ത്യയുടെ ഹോംപേജില്‍ ശകുന്തള ദേവി വിഷയമായിട്ടുള്ള ഡൂഡിള്‍ ആണ് ഗൂഗിള്‍ നല്‍കിയിരിക്കുന്നത്. ഈ വര്‍ഷം ഏപ്രിലില്‍ ആണ് അവര്‍ ഇഹലോകവാസം വെടിഞ്ഞത്. ഇന്ന് ജീവിച്ചിരിക്കുകയാണെങ്കില്‍ ദേവിക്ക് 81 വയസ് തികയുമായിരുന്നു.

Shakuntala Devi - Google Doodle

ഇന്ന് ഗൂഗിള്‍ ഹോം പേജ് സന്ദര്‍ശിക്കുന്നവര്‍ക്ക് ഒരു കാല്‍കുലേറ്റര്‍ സ്ക്രീന്‍ ആണ് ഗൂഗിള്‍ ലോഗോക്ക്‌ പകരം കാണാന്‍ കഴിയുക. അതില്‍ നമ്പര്‍ ഉപയോഗിച്ച് ഗൂഗിള്‍ എന്ന് എഴുതിയിട്ടുണ്ട്, കൂടെ ശകുന്തള ദേവിയുടെ ചിത്രവും കാണാം.

ഗണിതശാസ്ത്ര അത്ഭുതമായ അവര്‍ കണക്ക്കൂട്ടലിലെ മിന്നല്‍ വേഗത്തിന് ഒരു ഗിന്നസ് ലോക റെക്കോര്‍ഡിന് ഉടമയുമാണ്. 1977ഇല്‍ 203 അക്കങ്ങള്‍ ഉള്ള സംഖ്യയുടെ 23മത് റൂട്ട് വെറും 50 സെക്കന്റ്‌കൊണ്ട് കണ്ടിട്ടുണ്ട്. 1980ഇല്‍ ലണ്ടനിലെ ഇംപീരിയല്‍ കോളേജിലെ കമ്പ്യൂട്ടര്‍ ഡിപാര്‍ട്ട്‌മെന്റ് നല്‍കിയ രണ്ട് 13 അക്ക സംഖ്യകള്‍ തമ്മിലുള്ള ഗുണനഫലം നിമിഷങ്ങള്‍ക്കുള്ളില്‍ നല്‍കിയിട്ടുണ്ട്.

ഫണ്‍ വിത്ത്‌ നബേര്‍സ്, അസ്ട്രോളജി ഫോര്‍ യു തുടങ്ങി നിരവധി പുസ്തകങ്ങള്‍ എഴുതിയിട്ടുണ്ട് ദേവി. കണക്ക് കൂട്ടലിലെ തന്റെ അത്ഭുതം പ്രദര്‍ശിപ്പിക്കുന്നതിന് ദേവി പല ലോക പര്യടനങ്ങളും നടത്തിയിട്ടുണ്ട്. ദേവിയുടെ മൂന്നാമത്തെ വയസില്‍ അച്ഛനാണ് അവരിലെ പ്രതിഭയെ കണ്ടെത്തിയത്.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക