ഐഫോണ്‍ 5 എസ് ഇന്ത്യയില്‍ വമ്പന്‍ ഹിറ്റ്; ഇറങ്ങി 24 മണിക്കൂര്‍ കഴിയും മുന്‍പേ ഐഫോണ്‍ 5 എസ് കാലിയായി

Posted on Nov, 03 2013,ByTechLokam Editor

ഇറങ്ങി 24 മണിക്കൂര്‍ കഴിയും മുന്‍പേ ഐഫോണ്‍ 5 എസ് സ്റ്റോക്ക്‌ തീര്‍ന്നു. ഇതാദ്യമായാണ് ഐഫോണിന് ഇറങ്ങിയ അന്നുതന്നെ ഇന്ത്യയില്‍ ഇങ്ങനെ വില്‍പ്പന നടക്കുന്നത്. ഇന്നലെയാണ് ഇന്ത്യയിലെ തിരഞ്ഞെടുത്ത നഗരങ്ങളില്‍ ഐഫോനിന്റെ പുതിയ പതിപ്പുകളുടെ വില്‍പ്പന തുടങ്ങിയത്.

iPhone Store India Delhi

വെള്ളിയാഴ്ചയാണ് ഹൈദരാബാദിലും ബാംഗ്ലൂരിലും അഹമ്മദാബാദിലും ഡല്‍ഹിയിലും ലുധിയാനയിലും മുംബൈയിലും പൂനെയിലും ചെന്നൈയിലും ഗുര്‍ഗാവിലും കൊല്‍ക്കത്തയിലും സംഘടിപ്പിച്ച ചടങ്ങുകളില്‍ തങ്ങളുടെ പുതിയ രണ്ടു ഐഫോണ്‍ പതിപ്പുകളുമായി ആപ്പിള്‍ എത്തുന്നത്‌. ഇന്ത്യയില്‍ ഐഫോണ്‍ 5 എസിന് 53,500 നും 71,500 നും ഇടയിലാണ് വില. 5സിക്ക് ആണെങ്കില്‍ 41,900 നും 53,500 നും ഇടയിലാണ് വില. ഇന്‍ബില്‍റ്റ് മെമ്മറിയുടെ വ്യത്യാസം അനുസരിച്ചാണ് വിലയിലെ ഈ മാറ്റം.

iPhone Store India

മുംബൈയില്‍ ഐഫോണ്‍ അവതരിപ്പിക്കാന്‍ തീരുമാനിച്ച ഫീനിക്സ് മില്‍സ് എന്ന സ്ഥാപനത്തില്‍ വൈകീട്ട് 5 മണിക്കാണ് റീലീസിങ്ങ് ചടങ്ങ്‌ തുടങ്ങാന്‍ തീരുമാനിച്ചത് പക്ഷേ ആ കടക്ക് മുന്‍പില്‍ രാവിലെ 8 മണി മുതല്‍ ആളുകള്‍ വരിക്ക് നില്‍ക്കാന്‍ തുടങ്ങിയിരുന്നു. ഇവിടെ വെറും മൂന്ന് മണിക്കൂര്‍ കൊണ്ടാണ് ഐഫോണ്‍ 5 എസ് വിറ്റ് തീര്‍ന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ മൊബൈല്‍ വില്‍പ്പന ശൃംഖലയായ ദി മൊബൈല്‍സ്റ്റോറിന്റെ ഔട്ട്‌ലെറ്റുകളില്‍ വെള്ളിയാഴ്ച തന്നെ സ്റ്റോക്ക്‌ തീര്‍ന്നു.

അമേരിക്കയില്‍ ഇറങ്ങി അധികം വൈകാതെ തന്നെ ഇന്ത്യയിലും ഐഫോണ്‍ 5 എസ് അവതരിപ്പിക്കാന്‍ ആപ്പിളിന് കഴിഞ്ഞു. ഈ കാരണത്താല്‍ ആണ് ഐഫോണ്‍ 5 എസ് ഇന്ത്യയില്‍ വമ്പന്‍ ഹിറ്റ് ആയി മാറിയതെന്ന് ദി മൊബൈല്‍സ്റ്റോര്‍ സിഇഒ അഭിപ്രായപെട്ടു.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക