ഇന്ത്യയുടെ ചൊവ്വാ പര്യവേക്ഷണത്തിന്റെ വിക്ഷേപണത്തിന് കൗണ്ട് ഡൗണ്‍ തുടങ്ങി

Posted on Nov, 03 2013,ByTechLokam Editor

ഇന്ത്യയുടെ പ്രഥമ ചൊവ്വാദൗത്യമായ മംഗള്‍യാന്റെ (മാര്‍സ് ഓര്‍ബിറ്റര്‍ മിഷന്‍) കൗണ്ട് ഡൗണ്‍ തുടങ്ങി. 56മണിക്കൂറും 30 മിനുട്ടുമാണ് മംഗള്‍യാന്‍ വിക്ഷേപണത്തിന്റെ കൗണ്ട് ഡൗണ്‍ സമയം. ഇന്ന്‍ പുലര്‍ച്ചെ 6.08 നാണ് കൗണ്ട് ഡൗണ്‍ തുടങ്ങിയത്.

Mangalyaan

നവംബര്‍ അഞ്ചിന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് രാവിലെ 2.38 നാണ് മംഗള്‍യാന്റെ വിക്ഷേപണം നടത്തുക. പി.എസ്.എല്‍.വി സി-25 റോക്കറ്റിലാണ് വിക്ഷേപണം. 350 കി.മി ഭാരമുള്ള പേടകത്തെ 300 ദിവസം കൊണ്ടാണ് 40 കോടി കിലോമീറ്റര്‍ അകലെയെത്തിക്കുന്നത്.

പോര്‍ട്ട് ബ്ലെയറിലെയും ബാംഗ്ലൂരിലെയും വെഹിക്കിള്‍ ട്രാക്കിങ് സെന്ററുകളില്‍ നിന്നായിരിക്കും റോക്കറ്റിന്റെ യാത്രയുടെ നിയന്ത്രണം. ദക്ഷിണ പസഫിക് സമുദ്രത്തിലെ എസ്. സി. ഐ നളന്ദ, എസ്.സി.ഐ യമുന എന്നീ രണ്ട് കപ്പലുകളില്‍ നിന്നും പി.എസ്.എല്‍.വി റോക്കറ്റിന്റെ പ്രയാണം നിയന്ത്രിക്കും.

ചൊവ്വയില്‍ ജീവന്റെ സാന്നിധ്യമുണോയെന്ന് കണ്ടെത്തുകയാണ് മംഗള്‍യാന്‍ പ്രധാന ലക്ഷ്യം. ഇതിനായി മീഥേന്റെ സാന്നിധ്യമുണ്ടോയെന്നാണ് അന്വേഷിക്കുക. മീഥേന്റെ സാന്നിധ്യമുണ്ടെങ്കിലെ ജീവന്‍ ഉണ്ടാകൂ. ഗ്രഹത്തിന്റെ കൂടുതല്‍ പഠനകളും ചിത്രങ്ങളും പദ്ധതിയിലൂടെ ലഭ്യമാക്കുവാനും ലക്ഷ്യമിടുന്നുണ്ട്.

ഐ.എസ്.ആര്‍.ഒ ഒരു വലിയ വെല്ലുവിളിയാണ് ഏറ്റെടുത്തിരിക്കുന്നത്. അമേരിക്ക, യൂറോപ്യന്‍ സ്‌പേസ് ഏജന്‍സി, ജപ്പാന്‍, ചൈന എന്നിവയ്ക്ക് മാത്രം കഴിഞ്ഞൊരു നേട്ടം. ഭൂമിയില്‍ നിന്ന് 40 കോടി കിലോമീറ്റര്‍ അകലെയുള്ള ചൊവ്വാഗ്രഹത്തിലേക്ക് ഒരു പേടകമയയ്ക്കുക, ചൊവ്വയുടെ ഉപരിതലത്തില്‍ നിന്ന് വെറും 372 കി.മീ അടുത്തുള്ള ഭ്രമണപഥത്തില്‍ ചുറ്റിത്തിരിഞ്ഞ് അവിടത്തെ വിശേഷങ്ങള്‍ അറിഞ്ഞ് ഭൂമിക്ക് നല്‍കുക എന്നിങ്ങനെയുള്ള ദൗത്യങ്ങളാണ് ഐ.എസ്.ആര്‍.ഒയ്ക്ക് മുന്നിലുള്ളത്.

ദേശീയ ബജറ്റിന്റെ വെറും 0.01 ശതമാനം തുകയ്ക്കാണ് ഇത്തരമൊരു മഹാദൗത്യം ഇന്ത്യ നിറവേറ്റുന്നത്. ഇതുവരെയുള്ള എല്ലാ റോക്കറ്റുകളും ചൊവ്വയിലേക്ക് നേര്‍യാത്രയാണ് നടത്തിയത്. എന്നാല്‍ മംഗള്‍യാന്‍ ആകട്ടെ, ക്രമബദ്ധമായി വലുതാകുന്ന അഞ്ച് ഭ്രമണ പഥങ്ങളില്‍ ഭൂമിയെ ചുറ്റി ആറാം തവണയാണ് ചൊവ്വയുടെ ഭ്രമണപഥം പൂകുന്നത്. അഞ്ച് ഘട്ടങ്ങളില്‍ എരിഞ്ഞവസാനിക്കുന്ന, ഒടുവില്‍ ചൊവ്വയെ ചുറ്റിത്തിരിയാന്‍ ഊര്‍ജം കൊടുക്കുന്ന ആറ് എന്‍ജിനുകളുണ്ടാകും മംഗള്‍യാനില്‍. എല്ലാം കൃത്യമായി ഭവിച്ചാല്‍ 2014 സപ്തംബര്‍ 21 ന് മംഗള്‍യാന്‍ ചൊവ്വയുടെ ഭ്രമണപഥത്തിലെത്തും.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക