ഐഫോണ്‍ 5സിയും, ഐഫോണ്‍ 5എസും റിലയന്‍സ് വഴി തവണ വ്യവസ്ഥയില്‍ സ്വന്തമാക്കാം

ആപ്പിളിന്‍റെ പുതിയ ഐഫോണുകളായ 5സിയും 5എസും തവണ വ്യവസ്ഥയില്‍ നിങ്ങള്‍ക്ക് സ്വന്തമാക്കാം. റിലയന്‍സും ആപ്പിളും ചേര്‍ന്നാണ് ദീപാവലി ഓഫറായി തവണ വ്യവസ്ഥയില്‍ ഈ ഫോണുകള്‍ ഇന്ത്യയില്‍ ലഭ്യമാക്കുന്നത്. എന്നാല്‍ എല്ലാം ഓഫറുകളിലും ഉള്ള പോലെ ചില നിബന്ധനകള്‍ ഇതിലും ഉണ്ടെന്നു മാത്രം.

iPhone 5s - iphone 5c

പതിനാറ് ജിബിയുടെ 5സിയ്ക്ക് മാസം 2599 രൂപയും 5എസിന് 2999 രൂപയുമാണ് മാസം അടയ്ക്കേണ്ടിവരുക. ഫോണ്‍ വാങ്ങുമ്പോള്‍ പണമൊന്നും നല്‍കേണ്ടിവരില്ലെന്നാണ് ഈ ഓഫറിന്‍റെ പ്രത്യേകത. ഇരുപത്തിനാല് മാസത്തെ തവണ വ്യവസ്ഥയിലാണ് ഇരുഫോണുകളും ലഭ്യമാക്കുന്നത്.

5സിക്ക് 41,900 രൂപയും 5എസിന് 53,300 രൂപയുമാണ് ഇന്ത്യയിലെ വില. അണ്‍ലിമിറ്റഡ് വിളിക്കാനുള്ള സൗകര്യങ്ങളും 3ജി ഇന്‍റര്‍നെറ്റ് സംവിധാനവും അണ്‍ലിമിറ്റഡ് എസ്എംഎസ് സൗകര്യവും ഉള്‍പ്പെടെയാണ് ആപ്പിള്‍ ഐഫോണുകള്‍ ലഭ്യമാക്കുന്നത്. ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ കൂടുതല്‍ വിഹിതം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പിളിന് റിലയന്‍സുമായി ഇങ്ങനെ ഒരു സഹകരണം.

ഇന്ത്യയിലെ ഫോണ്‍ വിപണയില്‍ മൂന്നാം സ്ഥാനത്തുള്ള ടെലികോം കമ്പനിയാണ് റിലയന്‍സ്. സിഡിഎംഎയും ജിഎസ്എമ്മുമായി 12,67,55,483 കണക്ഷനുകളാണ് റിലയന്‍സിനുള്ളത്. ഇത് ഏതാണ്ട് ഇന്ത്യയിലെ ഫോണ്‍, ഇന്‍റര്‍നെറ്റ് കണക്ഷനുകളുടെ 14.469 ശതമാനത്തോളം വരും.

ഐസിഐസിഐ ബാങ്കിന്റെയും എച്ച്.ഡി.എഫ്.സി ബാങ്കിന്റെയും ക്രഡിറ്റ് കാര്‍ഡ് ഉടമകള്‍ക്കു മാത്രമായിരിക്കും ഓഫര്‍ എന്നും റിപ്പോര്‍ട്ടുണ്ട്. പദ്ധതിയെപ്പറ്റി കൂടുതല്‍ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ കമ്പനി തയ്യാറായിട്ടില്ല. കരാര്‍ അടിസ്ഥാനത്തില്‍ അമേരിക്കയിലും മറ്റും വ്യാപകമാണെങ്കിലും ഇന്ത്യയില്‍ ഇങ്ങനെ ഒരു പദ്ധതി ആദ്യമാണ്.

Leave a Reply