ഫയര്‍ഫോക്സ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ZTE ഫോണുകള്‍ ഇബേ വഴി ഇന്ത്യയിലും വരുന്നു

Posted on Oct, 30 2013,ByTechLokam Editor

ഫയര്‍ഫോക്സിന്റെ മൊബൈല്‍ ഒഎസില്‍ അധിഷ്ഠിതമായ ZTE സ്മാര്‍ട്ട്‌ഫോണുകള്‍ ഇന്ത്യന്‍ വിപണിയിലും വരുന്നു. ഫോണ്‍ നിര്‍മ്മാതാക്കളായ ചൈനയിലെ ZTE കോര്‍പ്പറേഷന്‍ ഇകൊമ്മേഴ്സ് വെബ്സൈറ്റ് ആയ ഇബേയുമായി സഹകരിച്ചാണ് ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ കൊണ്ടുവരുന്നത്.

ZTE Open

ZTE എന്ന പേരില്‍ ഇബേ വഴി ഈ ഫോണ്‍ ഇപ്പോള്‍ ലഭ്യമാണ്. 6,990 രൂപയാണ് ഇബേയില്‍ ഈ ഫോണിന്റെ വില. ഫയര്‍ഫോക്സ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ ഇന്ത്യന്‍ വിപണിയില്‍ ഇറക്കാന്‍ സോണിക്ക് പദ്ധതിയുണ്ടായിരുന്നു. പക്ഷേ സോണിക്ക് മുന്‍പേ തന്നെ ZTE ഇന്ത്യന്‍ വിപണിയില്‍ ഫയര്‍ഫോക്സ് ഫോണുകള്‍ ഇറക്കി.

ZTE Open

ലോകത്തെ പ്രധാന വിപണികള്‍ പിടിക്കുകയെന്ന തന്ത്രത്തിന്റെ ഭാഗമായി അമേരിക്കയിലും ഇംഗ്ലണ്ടിലും ഇബേ വഴി ഫോണ്‍ ലഭ്യമാക്കുമെന്ന് കമ്പനി ആദ്യം തന്നെ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തീര്‍ത്തും അപ്രതീക്ഷിതമായാണ് ഇന്ത്യന്‍ വിപണിയില്‍ ഫയര്‍ഫോക്സ് ഒഎസ്‍ ഫോണ്‍ എത്തുന്നത്. സെര്‍വെ പ്രോ എന്ന കമ്പനി വഴി ഒരു വര്‍ഷത്തെ തേര്‍ഡ് പാര്‍ട്ടി വാറന്‍റി ഇതിനുണ്ടാവും.

കുറഞ്ഞ വിലയില്‍ സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങള്‍ മുഴുവന്‍ പേര്‍ക്കും പ്രാപ്യമാക്കുകയെന്ന ഫയര്‍ഫോക്സിന്റെ ലക്ഷ്യത്തിലേക്കുള്ള നിര്‍ണ്ണായക ചുവടുവെപ്പാണിത്. ഈ ഫോണ്‍ ഇബേ വഴി വാങ്ങാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക