സാംസങിന് പിന്നാലെ വക്രസ്‌ക്രീനുള്ള സ്മാര്‍ട്ട്‌ഫോണ്‍ എല്‍ജിയും അവതരിപ്പിച്ചു

വക്ര സ്ക്രീനുള്ള ഫോണ്‍ എന്ന് കേള്‍ക്കുമ്പോള്‍ ഒരു പുതുമ തോന്നും. അതെ സാംസങിന് പിന്നാലെ വക്രസ്‌ക്രീനുള്ള സ്മാര്‍ട്ട്‌ഫോണ്‍ എല്‍ജിയും അവതരിപ്പിച്ചു. ജി ഫ്ലെക്സ് (G Flex) എന്നാണ് ഫോണിന്റെ പേര്. ആറിഞ്ച് 720പിക്സല്‍ ഉള്ള വളഞ്ഞ OLED ഡിസ്‌പ്ലേയാണ് ഫോണില്‍ ഉള്ളത്.

ഏതാനും ആഴ്ച്ചകള്‍ക്കുമുമ്പാണ് സാംസങ് അവരുടെ വക്രസ്‌ക്രീന്‍ സ്മാര്‍ട്ട്‌ഫോണായ ഗാലക്‌സി റൗണ്ട് അവതരിപ്പിച്ചത്. 5.7 ഇഞ്ച് ഡിസ്‌പ്ലേയൊടുകൂടിയ ഗാലക്‌സി റൗണ്ടിന്റെ ഡിസ്‌പ്ലേയില്‍ ഇടത്തുനിന്ന് വലതുവശത്തേക്കാണ് വക്രതയെങ്കില്‍ , ജി ഫ്ലെക്‌സില്‍ മുകളില്‍നിന്ന് താഴേക്ക് എന്ന രീതിയില്‍ കുത്തനെയാണ് സ്‌ക്രീനിന്റെ വക്രത.

LG G Flex

സാധാരണ ഫോണുകളെക്കാള്‍ കൂടുതല്‍ മിഴിവുള്ള ചിത്രങ്ങളും വീഡിയോകളും വളഞ്ഞ ഡിസ്‌പ്ലെയില്‍ കാണാന്‍ സാധിക്കും. പിടിക്കാന്‍ സുഖവും വളഞ്ഞ ഡിസ്‌പ്ലെക്കാണെന്നാണ് എല്‍.ജിയുടെ അവകാശവാദം. ഇത് ലോകത്തിലെ ഏറ്റവും വലിയ പ്ലാസ്റ്റിക് ഒഎല്‍ഇഡി ഡിസ്‌പ്ലെയാണെന്ന് എല്‍ജിയുടെ മറ്റൊരു അവകാശവാദം.

2 ജിബി റാം , 2.26 GHz ക്വാഡ്‌കോര്‍ സ്‌നാപ്പ്ഡ്രാഗണ്‍ 800 പ്രൊസസര്‍ എന്നിവ ഫോണിന് കരുത്തുപകരുന്നു. പിന്‍ക്യാമറ 13 എംപിയും മുന്‍ക്യാമറ 2.1 എംപിയുമാണ്. ഫോണിന് വക്രാകൃതിയുള്ള 3,500 mAh ബാറ്ററി ഊര്‍ജം പകരുന്നു. ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒഎസ്സിലാണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്.

എല്‍ടിഇ കണക്ടിവിറ്റിയുള്ള ജി ഫ്ലെക്‌സില്‍ , എല്‍ജിയുടെ ജി2 ഫോണിലേതു പോലെ പിന്നിലാണ് കണ്‍ട്രോള്‍ ബട്ടണുകളുള്ളത്. കൂടാതെ ഒട്ടേറെ തനത് ഫീച്ചറുകളും ജി ഫ്ലെക്‌സിലുണ്ട്. ഏറ്റവും ശ്രദ്ധേയം സ്‌ക്രീനിന്റെ വക്രതയുടെ ദിശയില്‍ ചലിപ്പിച്ചാല്‍ , ഫോണ്‍ സ്വയം ലോക്കാവുന്ന ‘സ്വിങ് ലോക്ക്‌സ്‌ക്രീന്‍ ‘ ( Swing Lockscreen ) ഫീച്ചറാണ്.

നവംബര്‍ മുതല്‍ ദക്ഷിണ കൊറിയയില്‍ ഫോണ്‍ ലഭിക്കും. മറ്റു രാജ്യങ്ങളില്‍ പിന്നീട് പുറത്തിറക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഉത്പാദനചെലവ് അധികമായതുകൊണ്ട് വിലയും കൂടാനാണ് സാധ്യത. വില വിവരം ഇതുവരെ എല്‍.ജി പറത്തുവിട്ടിട്ടില്ല

Leave a Reply