യുട്യൂബ് ചാനലുകള്‍ ഡിടിഎച്ച് സേവനം വഴി ടിവിയില്‍ കാണാനുള്ള വഴിയൊരുങ്ങുന്നു

ഇന്ത്യയില്‍ അധികം താമസിയാതെ യുട്യൂബ് ചാനലുകള്‍ ടിവിയില്‍ കാണാം. ഡിടിഎച്ച് സേവനം വഴിയായിരിക്കും യുട്യൂബ് ചാനലുകള്‍ ടിവിയില്‍ ലഭ്യമാവുക. ഗൂഗിള്‍ ഇന്ത്യയിലെ ഡിടിഎച്ച് സേവന ദാതാക്കളുമായി ഇതിനുവേണ്ടിയുള്ള ചര്‍ച്ചയിലാണ് എന്നാണ് ഗൂഗിളിന്റെ പ്ലാറ്റ്ഫോം പാര്‍ട്ട്‌നഷിപ്പ് ആഗോള തലവന്‍ ഫ്രാന്‍സിസ്കോ വരേല (Francisco Varela) പറയുന്നത്. ഏതെല്ലാം സേവന ദാതാക്കളുമായാണ് ചര്‍ച്ച നടക്കുന്നത് എന്ന വിവരം ലഭ്യമല്ല. ഇന്ത്യയില്‍ യുട്യൂബിന്റെ പ്രചാരം വര്‍ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഗൂഗിളിന്റെ പുതിയ നീക്കം.

YouTube Close to Launching Paid Channel Subscriptions

ഇന്ത്യയില്‍ നിന്നും യുട്യൂബിന് ഒരു മാസം 55 ദശലക്ഷം സന്ദര്‍ശകര്‍ ലഭിക്കുന്നുണ്ട്. ഇതില്‍ 40 ശതമാനത്തില്‍ അധികവും മൊബൈല്‍ വഴിയാണ് യുട്യൂബ് സന്ദര്‍ശിക്കുന്നത്. 2012 ല്‍ 5000 കോടി ഡോളര്‍ ആയിരുന്നു യൂട്യൂബില്‍ നിന്നുള്ള വരുമാനം. ഡിടിഎച്ച് വഴി കൂടുതല്‍ സന്ദര്‍ശകര്‍ ലഭിക്കുന്നതിലൂടെ പരസ്യവരുമാനം ഇനിയും കൂടും.

ട്രായിയുടെ കണക്ക് പ്രകാരം കഴിഞ്ഞ വര്‍ഷാവസാനം വരെ ഇന്ത്യയില്‍ 54 ദശലക്ഷം ആളുകള്‍ ഡിടിഎച്ച് സേവനം ഉപയോഗിക്കുന്നുണ്ട്. ഈ ഉപഭോക്താക്കളെ ലക്ഷ്യം വെച്ചാണ്‌ ഗൂഗിളിന്റെ ഈ പുതിയ നീക്കം.