മൈക്രോസോഫ്റ്റ് സിഇഒ സ്റ്റീവ് ബാല്‍മര്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ വിരമിക്കും

വരുന്ന ഒരു വര്‍ഷത്തിനുള്ളില്‍ സിഇഒ സ്റ്റീവ് ബാല്‍മര്‍ വിരമിക്കും എന്ന വിവരം മൈക്രോസോഫ്റ്റ് പുറത്തുവിട്ടിരിക്കുന്നു. അദ്ദേഹത്തിന് ഒരു പകരക്കാരനെ കണ്ടെത്തുന്നത് വരെ സ്റ്റീവ് സിഇഒ ആയി തുടരും. 1980 മുതല്‍ സ്റ്റീവ് മൈക്രോസോഫ്റ്റില്‍ ജോലി ചെയ്യുന്നുണ്ട്. 2000ല്‍ ബില്‍ ഗേറ്റ്സ് പടിയിറങ്ങിയത് മുതല്‍ സ്റ്റീവ് ബാല്‍മര്‍ ആണ് മൈക്രോസോഫ്റ്റ് സിഇഒ.

Steve Ballmer

ബില്‍ ഗേറ്റ്സും അംഗമായുള്ള ഒരു പ്രത്യേക കമ്മിറ്റിയാണ് സ്റ്റീവിന്റെ പകരക്കാരനെ കണ്ടെത്തുക. കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയറില്‍ പ്രവര്‍ത്തി പരിചയം ഉള്ള ഒരാളായിരിക്കും പുതിയ സിഇഒ എന്നൊരു അഭ്യൂഹം ഉണ്ട്. തന്റെ തീരുമാനം അറിയിച്ച് സ്റ്റീവ് ബാല്‍മര്‍ മൈക്രോസോഫ്റ്റിലെ ജോലിക്കാര്‍ക്ക് അയച്ച ഇമെയിലിന്റെ ഒരു പകര്‍പ്പ് മൈക്രോസോഫ്റ്റ് അവരുടെ വെബ്സൈറ്റില്‍ പുറത്ത് വിട്ടിട്ടുണ്ട്.

ഒരു സിഇഒ എന്ന നിലയില്‍ സ്റ്റീവ് ബാല്‍മര്‍ ഒരു തികഞ്ഞ പരാജയമായിരുന്നു. അദ്ദേഹത്തിന്റെ മേല്‍നോട്ടത്തില്‍ വന്ന വിസ്റ്റ, വിന്‍ഡോസ് 7, വിന്‍ഡോസ്‌ 8 എന്നിവക്ക് വിപണിയില്‍ കാര്യമായ ചലനം സൃഷ്ട്ടിക്കാന്‍ കഴിഞ്ഞില്ല. മൊബൈല്‍, ടാബ്ലെറ്റ് വിപണിയില്‍ മേല്‍ക്കോയ്മ നേടാന്‍ കഴിഞ്ഞില്ല. വിന്‍ഡോസ്‌ 8 മൊബൈല്‍ ഒഎസ്സിന് ഇപ്പോള്‍ കിട്ടിയ ഒരു നേട്ടം ബ്ലാക്ക്‌ബെറിയുടെ വീഴ്ച്ച വഴി വന്നതാണ്‌ എന്നാണ് വിമര്‍ശകര്‍ പറയുന്നത്. മൈക്രോസോഫ്റ്റിന്റെ ഓണ്‍ലൈന്‍ സേവനങ്ങള്‍ എല്ലാം തന്നെ വന്‍പരാജയമാണ്.

സ്റ്റീവ് ബാല്‍മര്‍ ഒരു മികച്ച സെയില്‍സ്മാന്‍ ആയിരുന്നു, പക്ഷേ ഒരിക്കലും ഒരു മികച്ച സിഇഒ ആയിരുന്നില്ല എന്നാണ് വിമര്‍ശകര്‍ പറയുന്നത്.