നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുത്ത്‌ യാഹൂ; അമേരിക്കയില്‍ ഗൂഗിളിനെ കടത്തിവെട്ടി യാഹൂ വീണ്ടും മുന്നില്‍

Posted on Aug, 23 2013,ByTechLokam Editor

കഴിഞ്ഞ മാസത്തെ കണക്കു പ്രകാരം അമേരിക്കയില്‍ വെബ്ബ് ട്രാഫിക്കില്‍ ഗൂഗിളിനെ പിന്നിലാക്കി യാഹൂ മുന്നിലെത്തി. പ്രമുഖ ഇന്ററ്‌നെറ്റ് വിശകലന ഏജന്‍സിയായ കോംസ്കോറാണ് ഈ റിപ്പോര്‍ട്ട്‌ പുറത്തു വിട്ടത്. യാഹൂവിന്റെ പുതിയ സിഇഒ മെരിസ്സാ മേയറുടെ തന്ത്രങ്ങള്‍ ഫലം കണ്ടുവരുന്നു. മെരിസ്സാ മേയര്‍ ഗൂഗിള്‍ വിട്ട് യാഹൂവിലേക്ക് ചേക്കേറിയതാണ്.

Yahoo logo

കോംസ്കോറിന്റെ കണക്ക് പ്രകാരം കഴിഞ്ഞ ജൂലൈയില്‍ 196,564,000 ഇന്റര്‍നെറ്റ് ഉപഭോക്താക്കളാണ് അമേരിക്കയില്‍ യാഹൂ സന്ദര്‍ശിച്ചത്. പക്ഷേ 192,251,000 പേരാണ് ഗൂഗിള്‍ സന്ദര്‍ശിച്ചത്. ഗൂഗിളിനെക്കാള്‍ ഏകദേശം 4.3 ദശലക്ഷം കൂടുതല്‍ ആളുകളാണ് ഇക്കുറി യാഹുവിലെത്തിയത്. രണ്ട് വര്‍ഷത്തിന് ശേഷം ഇതാദ്യമായാണ് യാഹു ഒന്നാം സ്ഥാനത്ത് എത്തുന്നത്.

നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ പുതിയ സിഇഒ മെരിസ്സാ മേയറുടെ നേതൃത്വത്തില്‍ വിപുലമായ മാറ്റങ്ങള്‍ ആണ് നടന്നത്. യാഹൂ ഉദ്യോഗസ്ഥര്‍ വീട്ടില്‍ ഇരുന്ന് ജോലി ചെയ്യാവുന്ന കീഴ്വഴക്കം നിര്‍ത്തലാക്കി. പല പ്രധാനപ്പെട്ട ഏറ്റെടുക്കലുകള്‍ നടത്തി. മൈക്രോ ബ്ലോഗിങ്ങ് വെബ്സൈറ്റ് ആയ ടംബ്ലെര്‍ ഏറ്റെടുത്തത് അവയില്‍ ചിലത് മാത്രം. ഓണ്‍ലൈന്‍ ആയി ഫോട്ടോ മാനേജ് ചെയ്യാന്‍ സഹായിക്കുന്ന സേവനമായ ഫ്ലിക്കര്‍ നവീകരിച്ചു. ഫ്ലിക്കറിന്റെ സൗജന്യ സംഭരണശേഷി ഒരു ടെറാ ബൈറ്റ് ആയി ഉയര്‍ത്തി. യാഹുവിന്റെ രൂപകല്പനയിലും ചില മാറ്റങ്ങള്‍ വരുത്താനും മേയര്‍ നിര്‍ദേശിക്കുകയുണ്ടായി.

ഇപ്പോള്‍ നേടിയ വിജയം തന്റെ മാത്രം കഴിവല്ല, അതൊരു ടീം വര്‍ക്ക്‌ ആണ് എന്ന് പറഞ്ഞ് തന്റെ വിനയം മെരിസ്സാ മേയര്‍ കാണിച്ചു.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക