ഗൂഗിള്‍ സേവനങ്ങളിലെ പിഴവ് കണ്ടെത്തുന്നവര്‍ക്ക് നല്‍കുന്ന പാരിതോഷികം അഞ്ചിരട്ടിയാക്കി; ഇനി 5000 ഡോളര്‍ വരെ ലഭിക്കും

Posted on Aug, 21 2013,ByTechLokam Editor

ഗൂഗിള്‍ അവരുടെ വെബ്ബ് സേവനങ്ങളിലെയോ, ക്രോം ബ്രൌസറിലെയോ, ക്രോം ഒഎസ്സിലെയോ തെറ്റുകളോ, സുരക്ഷാ പിഴവുകളോ കണ്ടെത്തുന്നവര്‍ക്ക് നല്‍കുന്ന സമ്മാനത്തുക അഞ്ചിരട്ടിയാക്കി. മുന്‍പ് ഇത് 1000 ഡോളര്‍ ആയിരുന്നു. ഗൂഗിള്‍ ഇതുവരെ ഏകദേശം 2 മില്ല്യന്‍ ഡോളര്‍ ഇങ്ങനെ സമ്മാനത്തുകയായി നല്‍കി കഴിഞ്ഞു.

Chrome Bug Bounty

തങ്ങളുടെ സോഫ്റ്റ്‌വെയറിലെയും, വെബ്ബ് സേവനങ്ങളിലെയും സുരക്ഷാപിഴവുകളും, ബഗ്ഗുകളും കുറച്ച് കുറ്റമറ്റതാക്കാന്‍ വേണ്ടിയാണ് ഗൂഗിള്‍ എത്രയും വലിയ സമ്മാനത്തുക നല്‍കി ബഗ് ബൌണ്ടി പ്രോഗ്രാം (Bug bounty programme) നടത്തുന്നത്. ഗൂഗിള്‍ മൂന്ന് വര്‍ഷം മുന്‍പാണ്‌ ഈ പ്രോഗ്രാം തുടങ്ങിയത്. ഇതുവരെ ഏകദേശം 2000 സുരക്ഷാപിഴവുകള്‍ ഇതുവഴി കണ്ടെത്തി പരിഹരിച്ചു.

ഫെയ്സ്ബുക്കും അവരുടെ വെബ്സൈറ്റിലെ പിഴവുകള്‍ കണ്ടെത്തുന്നവര്‍ക്ക് കാശ് നല്‍കുന്നുണ്ട്. അവര്‍ ഏകദേശം 1 മില്ല്യന്‍ ഇതുവഴി കൊടുത്തു എന്നാണ് പറയുന്നത്. ഇതില്‍ പകുതിയില്‍ അധികവും ലഭിച്ചത് ഇന്ത്യയില്‍ നിന്ന് പിഴവുകള്‍ റിപ്പോര്‍ട്ട് ചെയ്തവര്‍ക്കാണ്. മൈക്രോസോഫ്റ്റ് അവരുടെ ഏറ്റവും പുതിയ ഒഎസ്സിലെ സുരക്ഷാപിഴവുകള്‍ കണ്ടെത്തുന്നവര്‍ക്ക് ഏകദേശം ഒരു ലക്ഷം ഡോളര്‍ സമ്മാനത്തുക പ്രഖ്യാപിച്ചിട്ടുണ്ട്.

ഗൂഗിള്‍ സേവനങ്ങളിലെ ബഗ് കണ്ടെത്താന്‍ കഴിഞ്ഞാല്‍ നിങ്ങള്‍ക്കും നേടിയെടുക്കാം പുല്ലുപോലെ 5000 ഡോളര്‍. നിങ്ങള്‍ക്ക് ഒരു ബഗ് റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ഉണ്ടെങ്കില്‍ security@google.com എന്ന ഇമെയിലേക്ക് അതിനെ കുറിച്ചുള്ള വിവരങ്ങള്‍ മെയില്‍ ചെയ്യുക. ഗൂഗിള്‍ ബഗ് ബൌണ്ടി പ്രോഗ്രാമ്മിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ ലിങ്ക് സന്ദര്‍ശിക്കുക. എന്താ ഒരു കൈ നോക്കുന്നോ?

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക