ഗൂഗിള്‍ മാപ്പില്‍ ഇനിമുതല്‍ തല്‍സമയ ട്രാഫിക്ക് റിപ്പോര്‍ട്ട്‌ ലഭ്യമാകും

Posted on Aug, 20 2013,ByTechLokam Editor

ഗൂഗിള്‍ മാപ്പ് വഴി ഇനി തല്‍സമയ ട്രാഫിക്ക് റിപ്പോര്‍ട്ട്‌ നമുക്ക് ലഭിക്കും. ഗൂഗിള്‍ ഈയിടെ ഏറ്റെടുത്ത വേസ് എന്ന മൊബൈല്‍ നാവിഗേഷന്‍ അപ്ലിക്കേഷന്‍ വഴി ലഭിക്കുന്ന തല്‍സമയ ട്രാഫിക്ക് റിപ്പോര്‍ട്ട്‌ ഇനിമുതല്‍ ഗൂഗിള്‍ മാപ്പിന്റെ ആന്‍ഡ്രോയ്ഡ്, ഐഒഎസ് മൊബൈല്‍ ആപ്പുകളില്‍ ലഭ്യമാകും.

Google maps waze data

വേസ് അപ്ലിക്കേഷന്‍ ഉപഭോക്താക്കള്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്ന ഗതാഗത തടസങ്ങള്‍, അപകടങ്ങള്‍, റോഡിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ തല്‍സമയ വിവരങ്ങള്‍ ഇനി ഗൂഗിള്‍ മാപ്പിന്റെ മൊബൈല്‍ ആപ്പ് ഉപഭോക്താക്കള്‍ക്കും ലഭിക്കും. തുടക്കത്തില്‍ ഈ സേവനം അര്‍ജന്റീന, ബ്രസീല്‍, ചിലി, കൊളമ്പിയ, ഇക്വഡോര്‍, ഫ്രാന്‍സ്‌, ജര്‍മ്മനി, മെക്സിക്കോ, പനാമ, പെറു, സ്വിറ്റ്സര്‍ലന്‍ഡ്, യുകെ, യുഎസ് എന്നിവടങ്ങളിലെ ഗൂഗിള്‍ മാപ്പ് ഉപഭോക്താക്കള്‍ക്ക് ആകും ലഭ്യമാവുക.

ഏറ്റെടുക്കലിന് ശേഷം വേസ് ആപ്പിലും ഗൂഗിള്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. വേസ് ആപ്പില്‍ കൂട്ടിച്ചേര്‍ത്ത ഗൂഗിള്‍ സെര്‍ച്ച്‌ വഴി വേസ് ഉപഭോക്താക്കള്‍ക്ക് ബിസിനസ്‌ അഡ്രസ്‌, ലോക്കല്‍ അഡ്രസ്‌ തുടങ്ങിയവ വേസ് ആപ്പില്‍ തന്നെ ലഭ്യമാകും. വേസ് മാപ്പ് എഡിറ്ററില്‍ ഇപ്പോള്‍ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ലഭ്യമാകും. ഇത് ഉപയോഗിച്ച് വേസിന് അവരുടെ മാപ്പിലെ തെറ്റുകള്‍ വളരെ കൃത്യതയോടെ തിരുത്താന്‍ സഹായകമാകും എന്നാണ് ഗൂഗിള്‍ പറയുന്നത്.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക