യുട്യൂബ് ആപ്പിന്റെ ആന്‍ഡ്രോയ്ഡ് പതിപ്പ് പുതിയ രൂപത്തില്‍

Posted on Aug, 20 2013,ByTechLokam Editor

യുട്യൂബ് അവരുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പിന് കാര്യമായ ഭേദഗതികള്‍ വരുത്തി നവീകരിച്ചിരിക്കുന്നു. പുതിയ രൂപകല്‍പ്പനയോട് കൂടെ മള്‍ടിടാസ്കിങ്ങ് ഫീച്ചറും കൂടിച്ചേര്‍ത്തിട്ടുണ്ട്. വീഡിയോ കാണുമ്പോള്‍ തന്നെ മറ്റ് വീഡിയോകള്‍ ബ്രൌസ് ചെയ്യാനും സെര്‍ച്ച്‌ ചെയ്യാനും ഈ പുതിയ പതിപ്പില്‍ കഴിയും. ഈ ഫീച്ചര്‍ നിലവില്‍ ആന്‍ഡ്രോയ്ഡ് പതിപ്പില്‍ മാത്രമേ ഉള്ളൂ. മറ്റ് പ്ലാറ്റ്ഫോമുകള്‍ക്ക് അധികം വൈകാതെ ലഭ്യമാകും.

Youtube 5

ഈ പുതിയ പതിപ്പിന്റെ മറ്റൊരു പ്രധാന സവിശേഷത വെബ്ബ് ഇന്റര്ഫേസ് ആണ്. അതായത് ഈ പുതിയ ആപ്പ് ഡെസ്ക്ടോപ്പ് ബ്രൌസറില്‍ യുട്യൂബ് ഉപയോഗിക്കുന്ന ഒരു പ്രതീതി തരുന്നു. പുതിയ സ്വൈപ്പിങ്ങ് ഫീച്ചര്‍ വഴി ഒരു വീഡിയോ കാണുബോള്‍ നമുക്ക് മറ്റ് വീഡിയോകള്‍ ബ്രൌസ് ചെയ്യാം. അതിനായി കണ്ടുകൊണ്ടിരിക്കുന്ന വീഡിയോയില്‍ താഴേക്ക് സ്വൈപ്പ് ചെയ്യുക, അപ്പോള്‍ വീഡിയോ ചെറുതായി സ്ക്രീനിന്റെ താഴെ വലത് മൂലയിലേക്ക് നീങ്ങുന്നു. അങ്ങനെ നിങ്ങള്‍ക്ക് മറ്റ് വീഡിയോകള്‍ ബ്രൌസ് ചെയ്യാം. ചെറുതായ വീഡിയോ മുകളിലേക്ക് സ്വൈപ്പ് ചെയ്താല്‍ അത് പഴയ പോലെ ആകും.

ക്രോംകാസറ്റ്‌ പോലെയുള്ള ഉപകരണങ്ങള്‍ വഴി ടിവിയില്‍ യുട്യൂബ് വീഡിയോ കാണാന്‍ സഹായിക്കുന്ന കാസറ്റ്‌ ബട്ടണും ഈ പുതിയ പതിപ്പില്‍ ഉണ്ടാകും. ഈ പുതിയ പതിപ്പ് ഉടന്‍ ഗൂഗിള്‍ പ്ലേയില്‍ ലഭ്യമാകുന്നതാണ്.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക