ഗൂഗിള്‍ 5 മിനിറ്റ് പണിമുടക്കി, വെബ്ബ് ട്രാഫിക്ക് 40 ശതമാനം കുറഞ്ഞെന്ന് റിപ്പോര്‍ട്ട്‌

Posted on Aug, 18 2013,ByTechLokam Editor

ഇന്റര്‍നെറ്റ് ഭീമനായ ഗൂഗിളിന്‍റെ സെര്‍ച്ച്‌, ജിമെയില്‍ തുടങ്ങിയ സേവനങ്ങള്‍ അഞ്ച്‌ മിനിറ്റ് നേരത്തേക്ക് പണിമുടക്കി. ഓഗസ്റ്റ്‌ 17ന് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 04.20 മുതല്‍ അഞ്ച് മിനിറ്റ് സമയത്തേക്കാണ് ഗൂഗിള്‍ സേവനങ്ങള്‍ നിലച്ചുപോയത്. ഈ സമയത്ത് ഈ സേവനങ്ങള്‍ തേടി എത്തിയവര്‍ക്ക് 502 സെര്‍വര്‍ എറര്‍ എന്ന സന്ദേശമാണ് മറുപടിയായി ലഭിച്ചത്.

Google 502 error

വെറും അഞ്ച്‌ മിനിറ്റ് നേരത്തേക്ക് ആണ് ഗൂഗിള്‍ സെര്‍ച്ച്‌ നിലച്ചുപോയത്, പക്ഷേ ആ ഒരു സമയംകൊണ്ട് ആഗോള വെബ്ബ് ട്രാഫിക്ക് 40 ശതമാനം കുറഞ്ഞെന്നാണ് ഇന്റര്‍നെറ്റ് വിശകലന സ്ഥാപനമായ ഗോസ്ക്വയേര്‍ഡ്(GoSquared) റിപ്പോര്‍ട്ട്‌ ചെയ്തത്. ആഗോള ഇന്റര്‍നെറ്റ് ട്രാഫിക് ഗൂഗിളിനെ എത്രകണ്ട് ആശ്രയിക്കുന്നുവെന്ന് ഗൂഗിളിന്റെ ഈ പണിമുടക്ക് നമുക്ക് കാണിച്ചുതരുന്നു.

ഗൂഗിള്‍ സെര്‍വ്വറുകള്‍ക്ക് താങ്ങാവുന്നതിലും കൂടുതല്‍ ആളുകള്‍ ഒരേസമയം ഗൂഗിള്‍ സൈറ്റുകളിലേക്ക് കടന്നുവന്നതാണ് ഗൂഗിള്‍ ഡൗണാകാന്‍ കാരണം. അപകടം മനസിലാക്കി വളരെ പെട്ടന്ന് അവ പരിഹരിക്കാന്‍ ഗൂഗിള്‍ എഞ്ചിനീയര്‍മാര്‍ക്ക് കഴിഞ്ഞു. പിഴവ് പരിഹരിച്ച് പത്ത് മിനിറ്റിനകം തന്നെ തങ്ങളുടെ എല്ലാ സേവനങ്ങളും പൂര്‍വ്വ സ്ഥിതിയിലാക്കിയെന്ന് ഗൂഗിള്‍ ഔദ്യോഗികമായി അറിയിച്ചു.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക