ജിമെയില്‍ എന്നാല്‍ ജിസ്പാം(Gspam); ജിമെയിലിനെ രൂക്ഷമായി കളിയാക്കുന്ന മൈക്രോസോഫ്റ്റിന്റെ പുതിയ സ്ക്രൂഗിള്‍ഡ് വീഡിയോ

ജിമെയില്‍ ഇന്‍ബോക്സിന്റെ പുതിയ രൂപമാറ്റം എല്ലാവരും കണ്ടിരിക്കും. വളരെ രൂക്ഷമായ വിമര്‍ശനമാണ് ഇതിനെതിരെ ഉയര്‍ന്നിരിക്കുന്നത്. യഥാര്‍ത്ഥത്തില്‍ ഉള്ള ഇമെയില്‍ പോലെ തോന്നിപ്പിക്കുന്ന പരസ്യങ്ങള്‍ ഇന്‍ബോക്സില്‍ കാണിച്ച് ഗൂഗിള്‍ ഉപഭോക്താക്കളെ കബളിപ്പിക്കുകയാണ്. ഇങ്ങനെ ഗൂഗിള്‍ സ്പാമിങ്ങ് നടത്തുകയാണ് എന്നാണ് മൈക്രോസോഫ്റ്റ് പറയുന്നത്. മൈക്രോസോഫ്റ്റ് അവരുടെ പുതിയ സ്ക്രൂഗിള്‍ഡ് വീഡിയോയില്‍ ജിമെയില്‍ എന്നാല്‍ ജിസ്പാം(Gspam) എന്ന് പറഞ്ഞ് കണക്കിന് കളിയാക്കുന്നുണ്ട്.

New gmail inbox

ജിമെയില്‍ ഇപ്പോള്‍ ഇമെയിലിനെക്കാളും കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നത് പരസ്യങ്ങള്‍ക്കാണ്. ഗൂഗിള്‍ ഉപഭോക്താക്കളുടെ ഇമെയില്‍ സ്കാന്‍ ചെയ്ത്‌ അതുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ വായിക്കാത്ത പുതിയ ഇമെയില്‍ പോലെയാണ് ഇപ്പോള്‍ കാണിക്കുന്നത്. ജിമെയില്‍ നിങ്ങളുടെ ഇമെയിലിലെ ഓരോ വാക്കും വായിക്കുന്നു അങ്ങനെ അവര്‍ ഉപഭോക്താക്കളുടെ സ്വകാര്യതക്ക് ഭംഗം വരുത്തുന്നു. തുടങ്ങി രൂക്ഷമായ വിമര്‍ശനങ്ങള്‍ ആണ് മൈക്രോസോഫ്റ്റ് ഗൂഗിളിനെതിരെ ഈ വീഡിയോയില്‍ ഉന്നയിച്ചിരിക്കുന്നത്.

ഔട്ട്‌ലുക്ക് മെയില്‍ വളരെ വ്യത്യസ്തമാണ്, പരസ്യങ്ങള്‍ ലക്ഷ്യം വെച്ച് ഉപഭോക്താക്കളുടെ ഇമെയില്‍ ഞങ്ങള്‍ സ്കാന്‍ ചെയ്യാറില്ല, കൂടാതെ പേര്‍സണല്‍ ഇമെയില്‍ പോലെയുള്ള പരസ്യങ്ങള്‍ ഉപഭോക്താക്കളുടെ ഇന്‍ബോക്സില്‍ കാണിക്കാറില്ല എന്നൊക്കെയാണ് മൈക്രോസോഫ്റ്റ് അവകാശപെടുന്നത്.