എല്‍ജി ജി 2; കരുത്തേറിയ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുമായി എല്‍ജി

Posted on Aug, 10 2013,ByTechLokam Editor

ലോക സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ തങ്ങളുടെ സ്ഥാനം അരക്കിട്ടുറപ്പിക്കാന്‍ കരുത്തുറ്റ ഒരു ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട്‌ഫോണുമായി എല്‍ജി രംഗത്തെത്തിയിരിക്കുന്നു. എല്‍ ജി 2 എന്നാണ് പുതിയ ഫോണിന്റെ പേര്. സാംസങ്ങ് ഗാലക്സി എസ് 4, ഗൂഗിള്‍ മോട്ടോ എക്സ്, എച്ടിസി വണ്‍ എന്നീ ഫോണുകളോട് കിടപിടിക്കുന്ന സവിശേഷതകളോട് കൂടിയ ഒരു ഫോണ്‍ തന്നെയാണ് എല്‍ജി ജി 2.

LG G 2

ഇതുവരെ ഒരു പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളും പരീക്ഷീകാത്ത ഒരു പുതിയ രൂപകല്‍പ്പനയാണ് ജി 2ല്‍ എല്‍ജി പരീക്ഷിച്ചിരിക്കുന്നത്. പവര്‍, വോള്യം ബട്ടണുകള്‍ ജി 2 ഫോണിന്റെ പിന്നിലാണ് സ്ഥാപിച്ചിരിക്കുന്നത്. വശങ്ങളിലല്ലാതെ പിന്‍ഭാഗത്ത് ബട്ടണുകള്‍ സ്ഥാപിച്ച ഒരു സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെത്തുന്നത് ആദ്യമായാണ്. ഇപ്പോള്‍ ഇറങ്ങുന്ന ഫോണുകളുടെ കട്ടി വളരെ കുറവാണ് അതുകൊണ്ട് വശങ്ങളിലുള്ള ബട്ടണുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. അതിനൊരു പരിഹാരമായാണ് ജി 2എല്‍ എല്‍ജി ബട്ടണുകള്‍ ഫോണിന്റെ പിന്‍ഭാഗത്തേക്ക് മാറ്റിയത്. എല്‍ജി കഴിഞ്ഞ വര്‍ഷം വിപണിയിലിറക്കി വിജയിപ്പിച്ചെടുത്ത ഒപ്റ്റിമസ് ജിയുടെ പിന്‍ഗാമിയാണ് ജി2.

2.26GHz ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 800 ക്വാഡ്‌കോര്‍ പ്രൊസസര്‍ ആണ് ഫോണിന് ശക്തിപകരുന്നത്. സാംസങ്ങ്, എച്ടിസി, ആപ്പിള്‍ തുടങ്ങിയ പ്രമുഖര്‍ ഒന്നും തങ്ങളുടെ ഫോണില്‍ ഇത്രയും കരുത്തേറിയ പ്രൊസസര്‍ അവതരിപ്പിച്ചിട്ടില്ല. ആന്‍ഡ്രോയ്ഡ് ജെല്ലി ബീന്‍ 4.2.2 ല്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ കൂടുതല്‍ മികവുള്ള 3000 mAh ബാറ്ററിയാണ് ഉള്ളത്. ബാറ്ററി പെട്ടന്ന് ചോര്‍ന്നു തീരാതിരിക്കാന്‍ സവിശേഷമായ ഒരു ഗ്രാഫിക്‌സ് കാര്‍ഡിന്റെ സഹായം ഫോണില്‍ തേടിയിരിക്കുന്നു. മാത്രല്ല, മികവുറ്റ ശബ്ദസങ്കേതങ്ങളും ഫോണിലുണ്ട്.

1080 x 1920 പിക്സല്‍ റെസലൂഷനോട് കൂടിയ 5.2 ഇഞ്ച് ഡിസ്പളെയുള്ള ഫോണിന്റെ റാം 2 ജിബി ആണ്. 4ജി എല്‍ടിഇ സംവിധാനവും ഫോണില്‍ ഉണ്ട്. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസറുള്ള 13 മെഗാപിക്സ‍ല്‍‌ പിന്‍ ക്യാമറയും 2.1 മെഗാപിക്സല്‍ മുന്‍ ക്യാമറയും വഴി മിഴിവേറിയ ചിത്രങ്ങള്‍ എടുക്കാം. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസര്‍ സംവിധാനത്തോട് കൂടിയ ഏറ്റവും കൂടുതല്‍ പിക്സല്‍ ഉള്ള ക്യാമറയാണ് ജി 2ല്‍ ഉള്ളത്. ക്യാമറയുടെ ഗ്ളാസ് ആന്‍റി ഫിങ്കര്‍പ്രിന്‍റ് ആണ് അതുകൊണ്ടുണ്ട് ക്യാമറ ഗ്ലാസില്‍ വിരല്‍പാട് കൊണ്ട് ചിത്രങ്ങള്‍ക്കുണ്ടാവുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കാന്‍ ഈ സാങ്കേതിക വിദ്യയക്ക് സാദിക്കും.

ഈ ഫോണിന്റെ 16 ജിബി, 32 ജിബി പതിപ്പുകള്‍ ആയിരിക്കും വിപണികളില്‍ ലഭ്യമാവുക. ദക്ഷിണകൊറിയ, വടക്കേയമേരിക്ക, യൂറോപ്പ് എന്നിവടങ്ങളിലാകും ഫോണ്‍ ആദ്യം വിപണിയിലെത്തുക. എട്ട് ആഴ്ചയ്ക്കകം ലോകത്തിന്റെ ഇതരഭാഗങ്ങളിലും ഫോണ്‍ വില്‍പ്പനയ്‌ക്കെത്തും. കറുപ്പും വെളുപ്പും നിങ്ങളില്‍ ഫോണ്‍ ലഭ്യമാകും. ഫോണിന് ഇന്ത്യയില്‍ ഏതാണ്ട് 35,500 രൂപ വിലവരുമെന്നാണ് നിഗമനം.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക