ആപ്പിള്‍ മാപ്പിങ്ങ് സേവനങ്ങള്‍ വാങ്ങി കൂട്ടുന്നു; ഹോപ്പ്സ്റ്റോപ്പ്‌, ലോകേഷനറി എന്നിവ ആപ്പിളിന്റെ കീശയില്‍

Posted on Jul, 22 2013,ByTechLokam Editor

സ്വന്തം മാപ്പിങ്ങ് സേവനം മെച്ചപെടുത്താന്‍ ആപ്പിള്‍ കഠിന പരിശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി ഹോപ്പ്സ്റ്റോപ്പ്‌ (HopStop), ലോകേഷനറി (Locationary) എന്നീ ഓണ്‍ലൈന്‍ ഗതിനിര്‍ണയ സേവനങ്ങള്‍ ആപ്പിള്‍ സ്വന്തമാക്കിയിരിക്കുന്നു.

HopStop

സ്വന്തമായി മാപ്പിങ്ങ് സേവനം ആരംഭിക്കുന്നതിന് മുന്‍പ് ആപ്പിള്‍ ഗൂഗിള്‍ മാപ്പ് ആണ് അവരുടെ ഐഒഎസ് ഉപകരണങ്ങളില്‍ ഉപയോഗിച്ചിരുന്നത്. സ്വന്തം മാപ്പിങ്ങ് സേവനതിലോട്ട് ഉള്ള മാറ്റം ഒരു പരാജയമായിരുന്നു. കൃത്യതയുടെ കാര്യത്തില്‍ ഗൂഗിള്‍ മാപ്പിന്റെ ഏഴയലത്ത് പോലും വരില്ലായിരുന്നു ആപ്പിളിന്റെ ഈ സേവനം. അങ്ങനെ ആപ്പിള്‍ കുറെയേറെ പഴി കേള്‍ക്കേണ്ടി വന്നിട്ടുണ്ട്. ആപ്പിള്‍ സിഇഒ ടിം കുക്കിന് ഉപഭോക്താക്കളോട് മാപ്പ് പറയേണ്ട അവസ്ഥയില്‍ വരെ എത്തി കാര്യങ്ങള്‍. തങ്ങളുടെ മാപ്പിങ്ങ് സേവനം കൂടുതല്‍ മെച്ചപെടുത്തുന്നത് വരെ ഗൂഗിള്‍ മാപ്പ്, വേസ് എന്നീ സേവനങ്ങള്‍ ഉപയോഗിക്കാന്‍ വേണ്ടി അദേഹം നിര്‍ദേശിച്ചു.

ന്യൂയോര്‍ക്ക് ആസ്ഥാനമായുള്ള ഹോപ്പ്സ്റ്റോപ്പ്‌ പ്രധാന ഗതാകത മാര്‍ഗങ്ങള്‍, ബൈക്കിംഗ് പാതകള്‍ എന്നിവ നിര്‍ദേശിക്കുന്ന ഒരു സേവനമാണ്. ടോറെന്റോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോകേഷനറി ലോക്കല്‍ ബിസിനസ്സിനെ കുറിച്ച് വിവരങ്ങള്‍ തരുന്ന വളരെ കൃത്യതയാര്‍ന്ന മാപ്പിംഗ് സേവനംമാണ്. ലോകേഷനറി തുടര്‍ച്ചയായി വിവരങ്ങള്‍ ശേഖരിച്ച്, അവ കൂടിചേര്‍ത്ത് തങ്ങളുടെ സേവനത്തിന്റെ കൃത്യത ഉറപ്പ് വരുത്താറുണ്ട്.

ലോക്കല്‍ ട്രാഫിക്‌ മോനിട്ടറിംഗ് സേവനമായ വേസ് (Waze) നെ ഏറ്റെടുക്കാന്‍ ആപ്പിള്‍ ശ്രമിച്ചിരുന്നു. പക്ഷേ ആപ്പിളിനെ പിന്തള്ളി ഗൂഗിള്‍ വേസിനെ കൈക്കലാക്കി. എങ്ങനെയെങ്കിലും ഗൂഗിള്‍ മാപ്പിനോട് കിടപിടിക്കുന്ന ഒരു മാപ്പിങ്ങ് സേവനം ഉണ്ടാക്കിയെടുക്കുക എന്നത് ആപ്പിളിന്റെ അഭിമാന പ്രശനം ആണ്.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക