3ജി നിരക്കുകള്‍ 50 ശതമാനം കുറച്ച്കൊണ്ട് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്

Posted on Jul, 20 2013,ByTechLokam Editor

റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് 3ജി നിരക്കുകള്‍ കുത്തനെ കുറച്ച് മറ്റ് സേവന ദാതാക്കള്‍ക്ക് വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നു. 3ജി നിരക്കില്‍ 50 ശതമാനം കുറവാണ് റിലയന്‍സ് വരുത്തിയിരിക്കുന്നത്. ഒരു ജിബി 3ജി ഡാറ്റാ പാക്കിന് 250 രൂപയായിരുന്നു പഴയ നിരക്ക്. പുതിയ നിരക്ക് പ്രകാരം അത് 123 രൂപയായി കുറഞ്ഞിരിക്കുന്നു. ഇളവ് ഇന്ത്യയിലെ 13 സര്‍ക്കിളുകളിലും ലഭ്യമാകുമെന്ന് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍ അറിയിച്ചു. 2ജിബി, 3ജിബി പാക്കുകളിലും ഈ കുറവ് ലഭ്യമാണ്.

Reliance Communications

മൊബൈല്‍ ഇന്റര്‍നെറ്റ് സാന്ദ്രത വര്‍ദ്ധിപ്പിക്കാനാണ് നിരക്ക് കുറച്ചതെന്ന് ആര്‍കോം അറിയിച്ചു. ഇന്ത്യയില്‍ 3ജി ഫോണുള്ള നാലില്‍ മൂന്ന് ഉപഭോക്താക്കളും ഇപ്പോളും 2ജി സേവനമാണ് ഉപയോഗിക്കുന്നത്. നിരക്ക് കുറച്ചാല്‍ ഇത്രയും പേരെ കൂടി ത്രിജിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുമെന്ന് ആര്‍കോം അഭിപ്രായപ്പെട്ടു.

വൊഡാഫോണും, ഐഡിയയും അടക്കമുള്ള കമ്പനികള്‍ കഴിഞ്ഞ മാസം 2ജി നിരക്കുകള്‍ കുറച്ചിരുന്നു. ഈ സമയത്ത് റിലയന്‍സ് കുറച്ചിരുന്നില്ല. പക്ഷേ ഇപ്പോള്‍ 3ജി നിരക്ക് കുറക്കുക വഴി വലിയ ഒരു നിരക്ക് യുദ്ധത്തിനാണ് റിലയന്‍സ് തുടക്കം കുറിച്ചിരിക്കുന്നത്. എന്തുവന്നാലും ഇത് ഉപഭോക്താക്കള്‍ക്ക് ഗുണമേ ചെയ്യൂ.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക