എച്ടിസി വണ്‍ ഫോണിന്റെ കുഞ്ഞന്‍ പതിപ്പ് എച്ടിസി വണ്‍ മിനി അവതരിപ്പിച്ചു

Posted on Jul, 19 2013,ByTechLokam Editor

അഭ്യൂഹങ്ങള്‍ക്ക് അറുതിവരുത്തി എച്ടിസി അവസാനം അവരുടെ മുന്‍നിരഫോണായ എച്ടിസി വണ്ണിന്റെ കുഞ്ഞന്‍ പതിപ്പ് എച്ടിസി വണ്‍ മിനി അവതരിപ്പിച്ചു. വലുപ്പം കുറച്ചു എന്നല്ലാതെ രൂപകല്‍പ്പനയിലും, സവിശേഷതകളിലും വലിയ മാറ്റമൊന്നും ഈ കുഞ്ഞന്‍ പതിപ്പിനില്ല. ഫോണിന്റെ ബോഡി മുഴുവനായി അലുമിനിയത്തില്‍ ആണ് നിര്‍മ്മിച്ചിരിക്കുന്നത്.

HTC One Mini

720p റെസലൂഷനോട് കൂടിയ 4.3 ഇഞ്ച്‌ ഡിസ്പ്ലേയാണ് ഫോണില്‍ ഉള്ളത്. കൊര്‍ണിങ്ങ് ഗോറില്ല ഗ്ലാസ് (Corning Gorilla Glass 3) സ്ക്രാച്ചില്‍ നിന്നും ഫോണിന്റെ ഡിസ്പ്ലേക്ക് സുരക്ഷയേകുന്നു. 1.4 GHz ഡ്യുയല്‍ കോര്‍ ക്വാല്‍ കോം സ്നാപ്ഡ്രാഗണ്‍ 400 വേഗതയേറിയ പ്രൊസസ്സറും, 1 ജിബി റാമും ഫോണിന്റെ കരുത്ത് കാണിക്കുന്നു.

എച്ടിസി വണ്ണിലേത് പോലെ മിനിയിലും ബൂംസൌണ്ട് സ്പീക്കറുകളാണുള്ളത്. 16 ജിബിയാണ് ഓണ്‍ബോര്‍ഡ് സ്റ്റോറേജ്. പക്ഷേ മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് മെമ്മറി വര്‍ദ്ധിപ്പിക്കാനാവില്ല. ഇത് ഈ എച്ടിസി ഫോണിന്റെ ഒരു പോരായ്മയാണ്. കൂടുതല്‍ സ്റ്റോറേജ് വേണ്ടവര്‍ ഡ്രോപ്പ്ബോക്സ്, ഗൂഗിള്‍ ഡ്രൈവ് തുടങ്ങിയ ക്ലൌഡ് സ്റ്റോറേജ് സേവനങ്ങള്‍ ഉപയോഗിക്കേണ്ടി വരും.

ആന്‍ഡ്രോയ്ഡ് 4.2 ജെല്ലി ബീന്‍ ഓപ്പറേറ്റിങ്ങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന മിനിക്ക് അള്‍ട്രാ മെഗാപിക്സലോടുകൂടിയ 4 മെഗാപിക്സല്‍ പിന്‍ക്യാമറയും, 1.6 മെഗാപിക്സല്‍ മുന്‍ ക്യാമറയും ഉണ്ട്. 1800mAh ബാറ്ററിയാണ് ഈ ഫോണില്‍ ഉള്ളത്. മിക്ക എച്ടിസി ഫോണുകളെയും പോലെ ഫോണിനോട് ഘടിപ്പിക്കപ്പെട്ട രീതിയിലാണ്‌ ബാറ്ററി ഉള്ളത്. ഈ കുഞ്ഞന്‍ ഫോണിന്റെ ഭാരം 122 ഗ്രാമണ്.

സില്‍വര്‍ , കറുപ്പ് എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. ആഗസ്റ്റ് മാസത്തോടെ തിരഞ്ഞെടുത്ത രാജ്യങ്ങളിലെത്തുമെന്നും സെപ്റ്റംബറോടെ ആഗോള റിലീസ് നടക്കുമെന്നും എച്ടിസി അറിയിച്ചു. എന്നാല്‍ ഇന്ത്യയില്‍ എന്നാണ് ഫോണ്‍ എത്തുകയെന്നോ എത്രയായിരിക്കും വിലയെന്നോ അറിവായിട്ടില്ല.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക