നോക്കിയ ലൂമിയ 1020; 41 മെഗാ പിക്സെല്‍ ക്യാമറ ഫോണ്‍ അവതരിപ്പിച്ച് നോക്കിയ

Posted on Jul, 12 2013,ByTechLokam Editor

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം നോക്കിയ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡല്‍ ആയ ലൂമിയ 1020, 41 മെഗാപിക്സല്‍ ക്യാമറ ഫോണ്‍ അവതരിപ്പിച്ചു. ഇറങ്ങുന്നതിന് മുന്‍പേ തന്നെ ക്യാമറയുടെ കാര്യത്തില്‍ സ്മാര്‍ട്ട്‌ഫോണ്‍ ലോകത്ത് ഏറെ ചര്‍ച്ചാവിഷയമായ ഫോണ്‍ ആണിത്. ഡിജിറ്റല്‍ ക്യാമറ ഉപയോഗിച്ച് എടുക്കുന്ന ചിത്രങ്ങളുടെ അത്രയും മേന്‍മ ഈ ഫോണ്‍ ഉപയോഗിച്ച് എടുക്കുന്ന ചിത്രങ്ങള്‍ക്ക് ഉണ്ടാകും എന്നാണ് നോക്കിയയുടെ അവകാശവാദം. പ്യുര്‍വ്യൂ ടെക്നോളജി ഉപയോഗിച്ചുള്ള ക്യാമറ ഫോണ്‍ ആണിത്.

Nokia lumia 1020 launch

ഇതിന് മുന്‍പ് നോകിയ ഇറക്കിയ 41 മെഗാപിക്സെല്‍ ഫോണ്‍ ആണ് നോക്കിയ ലൂമിയ 808. എന്നാല്‍ മികച്ച ഒരു ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ അഭാവം കൊണ്ടൊന്നു മാത്രം പ്യുര്‍വ്യൂ 808 വിപണിയില്‍ പരാജയപ്പെട്ടു പോയി.

41 മെഗാപിക്സല്‍ സെന്‍സറാണ് നോക്കിയയുടെ പുതിയ സ്മാര്‍ട് ഫോണിനെ മറ്റ് ഫോണുകളില്‍ നിന്നും മികച്ചതാക്കുന്നത്. 41 മെഗാപിക്സല്‍ എന്ന വിസ്മയത്തിനപ്പുറം എടുത്ത ചിത്രങ്ങളെ സൂം ചെയ്യാനും ഫ്രയിം ആഗിള്‍ മാറ്റാനും സാധിക്കും ഈ ഫോണില്‍. ഈ ഫോണിന് മങ്ങിയ വെളിച്ചത്തില്‍ വ്യക്തമായ ഫോട്ടോയെടുക്കാനുള്ള കഴിവുമുണ്ട്.

6 എലമെന്റുകള്‍ ഉപയോഗിച്ചുള്ള ലെന്‍സാണ് നോക്കിയ ഉപയോഗിച്ചിരിക്കുന്നത്. അതിനാല്‍ തന്നെ ഫോണിന്റെ ക്യാമറാ യൂണിറ്റിന് അല്‍പം വലിപ്പം കൂടുതലാണ്. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലസേഷന്‍ അടക്കമുള്ള സാങ്കേതിക വിദ്യകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്റ്റില്‍ ഇമേജിന് സെനോണ്‍ ഫ്ലാഷും, വീഡിയോയ്ക്ക് എല്‍ഇഡി ഫ്ലാഷും ഇതിനുണ്ട്. 1.2 മെഗാപിക്സലിന്റേതാണ് മുന്‍ ക്യാമറ. വൈറ്റ് ബാലന്‍സ്, ഷട്ടര്‍ സ്പീഡ്, ഐഎസ്ഒ, ഫോക്കസ് എന്നിവ അഡ്ജസ്റ്റ് ചെയ്യാന്‍ കഴിയുമെന്നതാണ് ഇതിന്റെ മറ്റൊരു സവിശേഷത. 38, 34 മെഗാപിക്സല്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതിനൊപ്പം തന്നെ 5 മെഗാപിക്സല്‍ ചിത്രവും പകര്‍ത്താന്‍ സാധിക്കും.

Nokia Lumia 1020

മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസ് മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ആണ് ഈ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 768×1280 പിക്സലാണ് റെസലൂഷന്‍ ഉള്ള 4.5 ഇഞ്ച് AMOLED ഡിസ്പ്ലേയാണ് ലൂമിയ 1020യില്‍ ഉള്ളത്. പോറലുകള്‍ തടയാനായി ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍ ഇതിനുണ്ട്. സൂപ്പര്‍ സെന്‍സിറ്റീവ് ടച്ച് സാങ്കേതിക വിദ്യ ഉപയോഗിച്ചിരിക്കുന്നതിനാല്‍ ഗ്ലൌസ് ഉപയോഗിച്ചാലും ടച്ച് പ്രവര്‍ത്തിക്കും. 1.5 ഗിഗാഹെട്സിന്റെ ക്വാഡ്കോര്‍ സ്നാപ്ഡ്രാഗണ്‍ S4 പ്രോസസ്സര്‍, 2GB റാം, 32GB ഇന്റേണല്‍ മെമ്മറി, എന്നിവ ഫോണിന് കരുത്തേകുന്നു. മെമ്മറി കാര്‍ഡ് പിന്തുണ ഈ ഫോണില്‍ ലഭ്യമല്ല.

3ജി, വൈഫൈ, ബ്ലൂടൂത്ത് 3.0, ജിപിഎസ്, മൈക്രോയുഎസ്ബി കണ്ക്ടിവിറ്റികളെല്ലാം ഇതിലുണ്ട്. ഫോണിന്റെ 2000 mAh ബാറ്ററി 16 ദിവസം സ്റ്റാന്‍ഡ്‍ബൈയും 13.3 മണിക്കൂര്‍ സംസാരസമയവും നല്‍കും. ക്യാമറ ഒഴികെയുള്ള കാര്യങ്ങളില്‍ ശരാശരി നിലവാരെ മാത്രമേ ഇത് പുലര്‍ത്തുന്നുള്ളു എന്നത് ഇതിന്റെ പ്രഥാന പോരായ്മയാണ്.

അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ചൈനയിലും അടുത്ത ആഴ്ച്ചതന്നെ ഫോണ്‍ മാര്‍ക്കറ്റില്‍ ലഭ്യമായി തുടങ്ങും. അമേരിക്കയില്‍ നോക്കിയയുടെ ഈ പുത്തന്‍ ഫോണിന്‍റെ വില 300 ഡോളറാണ്. സ്മാര്‍ട്ട്‌ഫോണ്‍ നിരൂപകരുടെ അഭിപ്രായപ്രകാരം വിപണിയില്‍ ലഭ്യമായതില്‍ വച്ച് ഏറ്റവും നല്ല സ്മാര്‍ട്ട്‌ ഫോണ്‍ ക്യാമറ ഇതുതന്നെയാണെന്നാണ്.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക