കമ്പ്യൂട്ടര്‍ മൗസിന്റെ ഉപജ്ഞാതാവ് ഡൗഗ്ലസ് ഏഗല്‍ബര്‍ട്ട് അന്തരിച്ചു

Posted on Jul, 04 2013,ByTechLokam Editor

Doug Engelbart

കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കുന്ന മൗസിന്റെ പിതാവ് എന്നറിയപ്പെടുന്ന ഡൗഗ്ലസ് ഏഗല്‍ബര്‍ട്ട് (88) മരണമടഞ്ഞു. വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് പോര്‍ട്ട്‌ലന്റിലെ സ്വവസതിയിലായിരുന്നു അന്ത്യം. ഡഗ്ലസിന്റെ മകള്‍ ക്രിസ്റ്റീനയാണ് മരണവിവരം അറിയിച്ചത്. ഏഗര്‍ബര്‍ട്ടിന്റെ മരണം ഓറിഗണ്‍ കമ്പ്യൂട്ടര്‍ ഹിസ്റ്ററി മ്യുസിയം സ്ഥിരീകരിച്ചു. അമേരിക്കയിലെ ഒറിഗോണിലെ പോര്‍ട്ട്‌ലാന്‍ഡില്‍ 1925 ജനുവരി 30ന് ആണ് അദ്ദേഹം ജനിച്ചത്‌.

കീബോര്‍ഡ് മാത്രം ഉപയോഗിച്ചുള്ള കമ്പ്യൂട്ടര്‍ ഉപയോഗത്തിന് ഒരറുതിവരുത്തി കൊണ്ട് 1960 കളിലാണ് ഡൗഗ് മൗസ് കണ്ടുപിടിക്കുന്നത്. ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗ് ബിരുദധാരിയായ ഡൗഗ് രണ്ടാം ലോകമഹായുദ്ധകാലത്ത് റഡാര്‍ ടെക്‌നീഷ്യനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഡോക്ടറേറ്റ് നേടി.

കാലിഫോര്‍ണിയ റിസേര്‍ച്ച് ഇന്‍സ്റ്റിറ്റിയുട്ടുമായി ചേര്‍ന്ന് ഇമെയില്‍, വേര്‍ഡ് പ്രോസസിംഗ്, വീഡിയോ ടെലികോണ്‍ഫറന്‍സുകള്‍ എന്നിവയുടെ അവതരണത്തിലും ഡൗഗ് പങ്കുവഹിച്ചിട്ടുണ്ട്. 1983ല്‍ മൗസ് സാങ്കേതിക വിദ്യ ആപ്പിളിന് വിറ്റത് വെറും 40,000 ഡോളറിനായിരുന്നു. അതുകൊണ്ടുതന്നെ മൗസിന്റെ ആദ്യരൂപകല്പനയിലൂടെ ഡൗഗിന് വലിയ സാമ്പത്തിക നേട്ടമൊന്നും ലഭിച്ചിരുന്നില്ല.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക