ഫയര്‍ഫോക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ വിപണിയില്‍

Posted on Jul, 02 2013,ByTechLokam Editor

ZTE Open

മോസില്ലയുടെ ഫയര്‍ഫോക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ സ്പെയിനിലെ വിപണിയില്‍ ഇറങ്ങിയിരിക്കുന്നു. ZTE Open, Alcatel One Touch Fire എന്നീ രണ്ട് ഫോണുകള്‍ ആണ് വിപണിയില്‍ വന്നിരിക്കുന്നത്. മറ്റു യൂറോപ്യന്‍ രാജ്യങ്ങളില്‍ വരും ദിവസങ്ങളില്‍ ലഭ്യമാകും. അണ്‍ലോക്ക്ട് ZTE Open ന്റെ വില 50 അമേരിക്കന്‍ ഡോളര്‍ ആണ്.

3.5-inch സ്ക്രീന്‍ വലിപ്പമുള്ള സ്മാര്‍ട്ട്‌ഫോണ്‍ ആണ് ZTE Open. 256MB റാമും 1GHz സ്നാപ്ഡ്രാഗന്‍ പ്രോസസ്സറും ഫോണില്‍ ഉണ്ട്. ഈ ഫോണിലെ ക്യാമറ 3.2 മെഗാ പിക്സെല്‍ ആണ്. കണക്ടിവിറ്റിക്കായി ബ്ലൂടൂത്ത് എ-ജിപിഎസ്, വൈഫൈ എന്നിവയും ഉണ്ട്. ഫോണിലെ ഇന്റെര്‍ണല്‍ മെമ്മറി 512MB ആണ്. മൈക്രോഎസ്ഡി കാര്‍ഡ്‌ വഴി മെമ്മറി കൂട്ടാവുന്നതാണ്. Alcatel One Touch Fire ന്റെ സ്പെസിഫിക്കേഷനനും മുകളില്‍പ്പറഞ്ഞ പോലെയാണ്. വ്യത്യാസം ക്വാല്‍കോം പ്രോസസ്സര്‍ ആണെന്നു മാത്രം.

Alcatel One Touch Fire

വികസ്വര രാഷ്ട്രങ്ങളിലെ വളര്‍ന്ന് വരുന്ന സ്മാര്‍ട്ട്‌ഫോണ്‍ വിപണിയെ ആണ് ഈ ഫോണുകള്‍ ലക്ഷ്യം വെക്കുന്നത്. ആപ്പിളിന്റെയും സാംസങ്ങിന്റെയും ഒക്കെ വില കൂടിയ സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാന്‍ കഴിയാത്ത വികസ്വര രാജ്യങ്ങളിലെ ഉപഭോക്താക്കളെ ആണ് ഈ ഫോണിന്റെ നിര്‍മ്മാതാക്കള്‍ ഉന്നം വെക്കുന്നത്.

ബ്രൌസര്‍ അടിസ്ഥാനമാക്കിയുള്ള എച്ച്ടിഎംഎല്‍5 (HTML5) അധിഷ്ഠിതമായ മൊബൈല്‍ ഫോണ്‍ ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ഫയര്‍ഫോക്സ് ഒഎസ്. ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പ്രത്യേകത എന്ന് പറഞ്ഞാല്‍ ഇതിലെ അപ്ലിക്കേഷന്‍ എല്ലാം വെബ്ബ് അടിസ്ഥാനമാക്കിയുള്ള അപ്ലിക്കേഷനുകള്‍ ആണ്. അതായത് അപ്ലിക്കേഷന്‍ എല്ലാം പ്രവര്‍ത്തിക്കുന്നത് ഒരു വെബ്ബ് ബ്രൌസറില്‍ ആണ്. കഴിഞ്ഞ വര്‍ഷത്തെ ബാര്‍സിലോണ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സില്‍ ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു ഫയര്‍ഫോക്സ് ഒഎസ്. എന്‍ട്രി ലെവല്‍ സ്മാര്‍ട്ട്‌ഫോണുകളെ ആണ് ഈ ഒഎസ് ഈ ലക്ഷ്യം വെക്കുന്നത്. ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തെ കുറിച്ചുള്ള ചെറിയ സാങ്കേതിക പരിജ്ഞാനവും വെബ്ബ് അപ്ലിക്കേഷന്‍ നിര്‍മ്മിക്കാനും അറിയുന്ന ആര്‍ക്കും ഈ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന അപ്ലിക്കേഷന്‍ നിര്‍മ്മിക്കാം.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക