ആരുമറിയാതെ ഗൂഗിള്‍ പ്ലസ്സിന്റെ രണ്ടാം വാര്‍ഷികം കടന്നുപോയി

Posted on Jun, 29 2013,ByTechLokam Editor

Google plus second birthday

രണ്ട് വര്‍ഷം മുന്‍പ് ജൂണ്‍ 28 വെള്ളിയാഴ്ചയാണ് ഗൂഗിള്‍ അവരുടെ ഏറെ കൊട്ടിഘോഷിക്കപ്പെട്ട സോഷ്യല്‍ മീഡിയ സേവനമായ ഗൂഗിള്‍ പ്ലസ്സിന് തുടങ്ങിയത്. ഫെയ്സ്ബുക്കിനും ട്വിറ്റെറിനും ഒരു ഭീഷണി ആകുന്ന രീതിയില്‍ വളരാന്‍ ഇതുവരെ ഗൂഗിള്‍ പ്ലസ്സിന് കഴിഞ്ഞിട്ടില്ല. പുതിയ പുതിയ സവിശേഷതകള്‍ കൂട്ടിചേര്‍ത്ത് അവരുടെ മുന്നില്‍ പിടിച്ച് നിലക്കാന്‍ ഗൂഗിള്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്.

നിലവില്‍ ഗൂഗിള്‍ പ്ലസ്സിന് 500 ദശലക്ഷം അംഗങ്ങള്‍ ഉണ്ടെന്നും, അതില്‍ 300 ദശലക്ഷം അംഗങ്ങള്‍ വളരെ ആക്റ്റീവ് ആയി ഈ സേവനം ഉപയോഗിക്കുന്നു എന്നും ഗൂഗിള്‍ അവകാശപെടുന്നു. അവതരിപ്പിച്ച ആദ്യ മാസങ്ങളില്‍ വന്‍ മുന്നേറ്റം ഗൂഗിള്‍ പ്ലസ്‌ നടത്തിയെങ്കിലും അത് തുടരാന്‍ അവര്‍ക്കായില്ല.

സോഷ്യല്‍ മീഡിയ വഴി ഓരോ ദിവസവും വളരെ പ്രധാനപ്പെട്ട വാര്‍ത്തകളും വിവരങ്ങളും ആണ് ഷെയര്‍ ചെയ്യപെടുന്നത്. വാര്‍ത്തകള്‍ പെട്ടന്ന് അറിയാന്‍ ഉള്ള ഒരു മീഡിയ ആയി സോഷ്യല്‍ മീഡിയ വെബ്സൈറ്റുകള്‍ മാറിയിരിക്കുന്നു. ഇത് മുന്‍കൂട്ടി കണ്ടാണ്‌ ഗൂഗിളും സോഷ്യല്‍ മീഡിയ രംഗത്തേക്ക് കാലെടുത്ത്‌ വെച്ചത്. ഗൂഗിള്‍ പ്ലസ്സിന് മുന്‍പ് ഗൂഗിള്‍ ബസ്സ് (Google Buss) ഗൂഗിള്‍ വേവ് (Google Wave) എന്നീ രണ്ട് സേവനങ്ങള്‍ ഗൂഗിള്‍ തുടങ്ങിയിരുന്നു. പക്ഷേ ഇവരണ്ടും വന്‍ പരാജയമായിരുന്നു.

ഗൂഗിള്‍ +പ്ലസ്സിന്റെ ഹാങ്ഔട്ട് എന്ന വീഡിയോ ചാറ്റിങ് തന്നെയാണ് ഏറ്റവുമധികം ആളുകളെ ഇപ്പോള്‍ ആകര്‍ഷിക്കുന്നതെന്ന് നിസംശയം പറയാം. കൂടാതെ ടെക്നോളജി ലോകത്തെ ഒട്ടേറെ പ്രമുഖര്‍ വിവരങ്ങള്‍ പങ്കുവെക്കാന്‍ ഉപയോഗിക്കുന്നത് ഗൂഗിള്‍ പ്ലസ്‌ ആണ്. ഇത് ഗൂഗിളിന് ഏറെ അഭിമാനിക്കാവുന്ന ഒന്നാണ്.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക