രൂക്ഷമായ സാമ്പത്തിക പ്രതിസന്ധി; നോക്കിയ വില്‍പനയ്ക്കെന്ന അഭ്യൂഹങ്ങള്‍ ശക്തിപ്പെടുന്നു

Posted on Jun, 22 2013,ByTechLokam Editor

Nokia Logo

ഒരു കാലത്ത് മൊബൈല്‍ വിപണിയിലെ മുടിചൂടാമന്നന്‍ ആയിരുന്ന ഫിന്നിഷ് മൊബൈല്‍ ഫോണ്‍ നിര്‍മ്മാണക്കമ്പനിയായ നോക്കിയയെ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ട് കൊണ്ടിരിക്കുകയാണ്. കടംകയറിയ നോക്കിയ വില്‍പ്പനക്ക് തയ്യാറെടുക്കുന്നതായ അഭ്യൂഹങ്ങള്‍ ശക്തമാകുന്നു. നോക്കിയ സ്വന്തമാക്കാന്‍ മൂന്ന് വമ്പന്‍മാര്‍ രംഗത്തുള്ളതായാണ് വാര്‍ത്ത. ചൈനീസ് കമ്പനി ഹുവായ് അടക്കമുള്ളവര്‍ നോക്കിയയ്ക്കായി രംഗത്തുണ്ട്.

മൊബൈലെന്നാല്‍ നോക്കിയ എന്ന് പറഞ്ഞിരുന്ന ഒരു കാലം നോക്കിയക്ക് ഉണ്ടായിരുന്നു. ആന്‍ഡ്രോയ്ഡ് ഫോണുകളുടെയും, ഐഫോണിന്റെയും വിപണിയിലേക്കുള്ള കടന്നുകയറ്റത്തില്‍ നോക്കിയയുടെ പതനം ആരംഭിച്ചു. മാറുന്ന മൊബൈല്‍ ടെക്നോളജിക്കനുസരിച്ച് പുരോഗമിക്കാന്‍ കഴിയാഞ്ഞതാണ് നോക്കിയയ്ക്ക് വിനയായത്. വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകള്‍ ഇറക്കിയെങ്കിലും അതിനൊന്നിനും വിപണിയില്‍ ചലനം ഉണ്ടാക്കാന്‍ കഴിഞ്ഞില്ല. ഇക്കഴിഞ്ഞ ഏപ്രില്‍ മുതലാണ് നോക്കിയയുടെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായത്.

മൈക്രോസോഫ്റ്റ് നോക്കിയ ഏറ്റെടുക്കാന്‍ മുന്നോട്ട് വന്നിരുന്നു പക്ഷേ വിലയില്‍ ധാരണയാവാത്തതിനാല്‍ വില്‍പന നടന്നില്ല. വിപണി മൂല്യം മൂന്നില്‍ രണ്ടായി ഇടിഞ്ഞെങ്കിലും ലോകത്തെ മികച്ച അഞ്ച് മൊബൈല്‍ നിര്‍മ്മാതാക്കളില്‍ ഒരാളാണ് തുടരുന്നതാണ് നോക്കിയയെ ഏറ്റെടുക്കാന്‍ ആളുകള്‍ മുന്നോട്ട് വരുന്നത്. നോക്കിയയെ ഏറ്റെടുക്കുകയാണെങ്കില്‍ നോക്കിയയുടെ ബ്രാന്‍ഡ് മൂല്യം ഉയര്‍ത്തിപ്പിടിച്ച് ഫോണ്‍ വില്‍പ്പനയില്‍ നേട്ടമുണ്ടാക്കാനാകുമെന്നാണ് നോക്കിയയെ ഏറ്റെടുക്കാന്‍ തയ്യാറായി മുന്നോട്ട് വന്നിരിക്കുന്ന കമ്പനികള്‍ ലക്ഷ്യം വയ്ക്കുന്നത്. ഓഹരി വില്‍പ്പന സംബന്ധിച്ച വാര്‍ത്തകള്‍ എത്തിയതോടെ ഓഹരി വിപണിയില്‍ നോക്കിയയുടെ ഓഹരി വില കുതിച്ചുയര്‍ന്നു.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക