ഇന്‍സ്റ്റഗ്രാം വഴി ഇനി 15 സെക്കന്റ്‌ വീഡിയോയും ഷെയര്‍ ചെയ്യാം

Posted on Jun, 21 2013,ByTechLokam Editor

Instagram video sharing feature intro

വളരെ പ്രശസ്തമായ ഫോട്ടോ ഷെയറിംഗ് മൊബൈല്‍ അപ്ലിക്കേഷന്‍ ആയ ഇന്‍സ്റ്റഗ്രാം വീഡിയോയും ഷെയര്‍ ചെയ്യാനുള്ള ഫീച്ചര്‍ കൂട്ടിച്ചേര്‍ത്തിരിക്കുന്നു. പുതിയ ഇന്‍സ്റ്റഗ്രാം വഴി ഇനി 15 സെക്കന്റ്‌ ദൈര്‍ഘ്യം ഉള്ള വീഡിയോ നമുക്ക് ഷെയര്‍ ചെയ്യാം. ഒരു ബില്ല്യന്‍ ഡോളര്‍ നല്‍കി ഫെയ്സ്ബുക്ക് ഏറ്റെടുത്ത മൊബൈല്‍ അപ്ലിക്കേഷന്‍ ആണ് ഇന്‍സ്റ്റഗ്രാം.

ഈ പുതിയ ഷെയറിംഗ് വീഡിയോ സവിശേഷത ഒരേ സമയം ഐഫോണ്‍ ആപ്പിലും ആന്‍ഡ്രോയ്ഡ് ആപ്പിലും ലഭ്യമാക്കിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാം ആപ്പ് അപ്ഡേറ്റ് ചെയ്താല്‍ ഇത് ലഭ്യമാകും. 15 സെക്കന്റ്‌ ദൈര്‍ഘ്യം ഉള്ള വീഡിയോ മാത്രമേ ഷെയര്‍ ചെയ്യാന്‍ സാധിക്കൂ. വീഡിയോക്ക് മാത്രമായി പുതിയ 13 കസ്റ്റം ഫില്‍റ്ററുകള്‍ പുതിയ ഇന്‍സ്റ്റഗ്രാം ആപ്പില്‍ ഉണ്ട്. ഷൂട്ട്‌ ചെയ്ത വീഡിയോയില്‍ ഇഷ്ടപെടാത്ത ഫ്രെയിം എഡിറ്റ്‌ ചെയ്ത് ഒഴിവാക്കാം. വീഡിയോക്ക് നമുക്ക് ഇഷ്ടപെട്ട കവര്‍ ഫോട്ടോ സെറ്റ് ചെയ്യാം. സിനിമ എന്നൊരു പുതിയ മോഡ് വഴി വ്യക്തതയാര്‍ന്ന വീഡിയോ ഷൂട്ട്‌ ചെയ്യാം.

ഫെയ്സ്ബുക്കിന്റെ മെന്‍ലോ പാര്‍ക്ക്‌ ഓഫീസ് ക്യാമ്പസില്‍ വച്ച് നടന്ന ചടങ്ങില്‍ ഇന്‍സ്റ്റഗ്രാം സിഇഓ കെവിന്‍ സിസ്ട്രോം ആണ് ഈ ഇന്‍സ്റ്റഗ്രാം വീഡിയോ ഷെയറിംഗ് സവിശേഷത അവതരിപ്പിച്ചത്. simplicity, beauty, speed എന്നീ മൂന്ന് തത്ത്വങ്ങളില്‍ ഊന്നല്‍ നല്‍കിക്കൊണ്ടാണ് ഈ പുതിയ സവിശേഷത കൂട്ടിച്ചേര്‍ത്തത് എന്ന് കെവിന്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാമിന് ഇപ്പോള്‍ 130 ദശലക്ഷം ആക്റ്റീവ് യൂസേര്‍സ് ഉണ്ട്.

ഇന്‍സ്റ്റഗ്രാം വീഡിയോ ഷെയറിംഗ് സവിശേഷത അവതരിപ്പിച്ച്കൊണ്ട് ട്വിറ്റെര്‍ ഏറ്റെടുത്ത വൈന്‍ (wine) എന്ന വീഡിയോ ഷെയറിംഗ് അപ്ലിക്കേഷന് വന്‍ വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നു.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക