അടിമുടി മാറി ആപ്പിളിന്റെ മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പുതിയ പതിപ്പ്; ഐഒഎസ് 7

WWDC 2013 iOS 7

രൂപത്തിലും, പ്രവര്‍ത്തനത്തിലും അടിമുടി മാറികൊണ്ട് ആപ്പിളിന്റെ മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റത്തിന്റെ പുതിയ പതിപ്പ്, ഐഒഎസ് 7 ഇറങ്ങിയിരിക്കുന്നു. പഴയ ഐഒഎസ് പതിപ്പില്‍ നിന്നും പൂര്‍ണ്ണമായും വ്യത്യസ്തമായ ഒരു പതിപ്പാണിത്. ആപ്പിള്‍ ഐഒഎസിന്റെ യൂസര്‍ ഇന്റര്‍ഫേസ് മുഴുവനായും പുനരാവിഷ്കരിച്ചു. കൂടാതെ പുതിയ പല സവിശേഷതകളും കൂട്ടിച്ചേര്‍ത്തു. ഈ പുതിയ രൂപം വളരെ മനോഹരമായിട്ടുണ്ട്.

iOS 7

ത്രീഡി എഫെക്റ്റ് ഒന്നും ഇല്ലാത്ത വളരെ ലളിതമായ ഒരു ഫ്ലാറ്റ് ഡിസൈന്‍ (Flat Design) ആണ് ഐഒഎസിന്റെ പുതിയ പതിപ്പിലുള്ളത്. ജോണി ഈവ് എന്ന ഡിസൈനര്‍ ആണ് ഈ പുതിയ ഡിസൈന്‍ കൊണ്ടുവന്നത്. കറുപ്പ്, വെളുപ്പ്‌ എന്നീ നിറങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ളതാണ് പുതിയ ഡിസൈന്‍. വളരെ മനോഹരമായ ഒരു പുതിയ ഫോണ്ട് ആണ് ഐഒഎസ് 7ല്‍ ഉള്ളത്. ഐഒഎസിന്റെ ചരിത്രത്തില്‍ ആദ്യമായി ലോക്ക് സ്ക്രീനിനു ആപ്പിള്‍ മാറ്റം വരുത്തിയിരിക്കുന്നു. ഡിഫാള്‍ട്ട് ഐക്കണ്‍സ് വളരെ ഫ്ലാറ്റ് ആണ്. നോട്ടിഫിക്കേഷന്‍ പാനലിനും വളരെ ഫ്ലാറ്റ് ആയ ഡിസൈന്‍ ആണ്. കീബോര്‍ഡിന് കൂടുതല്‍ വെള്ള കലര്‍ന്ന നിറത്തില്ലുള്ള ട്രാന്‍സ്പരന്റ് ഡിസൈന്‍ ആണ്.

Apple Introduces iOS 7

ഐഒഎസ് 7 ന്റെ പുതിയ സവിശേഷതകള്‍

കണ്ട്രോള്‍ സെന്റെര്‍
ഫോണിന്റെ സ്ക്രീനിന്റെ താഴെ ഭാഗത്തുനിന്നും മുകളിലേക്ക് സ്വയ്പ് ചെയ്താല്‍ വരുന്ന ഒരു പാനല്‍ ആണ് കണ്ട്രോള്‍ സെന്റെര്‍ . ഇതില്‍ ഫോണിന്റെ ബ്രൈറ്റ്നസ്, ശബ്ദം, വൈഫൈ, ബ്ലൂടൂത്ത്, പ്രൊഫൈല്‍ മോഡ്, റൊട്ടേഷന്‍ ലോക്ക് തുടങ്ങിയവയില്‍ മാറ്റം വരുത്തുന്നതിനുള്ള സെറ്റിംഗ്സ് ഉണ്ട്. നമ്മള്‍ ഏതു അപ്ലിക്കേഷന്‍ ഉപയോഗിച്ചിരിക്കുബോളും, ഫോണ്‍ ലോക്ക് ചെയ്ത അവസ്ഥയില്‍ പോലും സ്ക്രീനിന്റെ താഴെ ഭാഗത്തുനിന്നും മുകളിലേക്ക് സ്വയ്പ് ചെയ്താല്‍ ഈ പാനല്‍ ആക്റ്റീവ് ആകുന്നതാണ്.

മള്‍ട്ടിടാസ്കിംഗ്
ഐഒഎസിന്റെ മുന്‍പത്തെ പതിപ്പുകളില്‍ ഫോണിലെ ഡിഫാള്‍ട്ട് അപ്ലിക്കേഷനുകള്‍ക്ക് മാത്രമേ മള്‍ട്ടിടാസ്കിംഗ് സാധ്യമായിരുന്നുള്ളു. ഇപ്പോള്‍ തേര്‍ഡ് പാര്‍ട്ടി അപ്ലിക്കേഷനുകള്‍ക്കും ഇതു സാധ്യമായിരിക്കുന്നു. അതായത് ഒന്നില്‍ കൂടുതല്‍ തേര്‍ഡ് പാര്‍ട്ടി അപ്ലിക്കേഷനുകള്‍ ഒരേ സമയം പ്രവര്‍ത്തിപ്പിക്കാം. ഇതിന് വളരെ കുറഞ്ഞ ബാറ്ററി ഉപയോഗം മാത്രമേ ഉണ്ടാകു.

iOS 7 screens

സഫാരി വെബ്ബ് ബ്രൌസറിന്റെ പുതിയ പതിപ്പ്
സഫാരി ഇപ്പോള്‍ തുറക്കുമ്പോള്‍ നേരെ ഫുള്‍ സ്ക്രീന്‍ മോഡിലാണ് തുറന്നുവരിക. ഇഷ്ടപെട്ട വെബ്സൈറ്റുകള്‍ പെട്ടന്ന്‍ തുറക്കാന്‍ പറ്റുന്ന രീതിയില്‍ സെര്‍ച്ച്‌ ഫീല്‍ഡ് നവീകരിച്ചിട്ടുണ്ട്. സഫാരിയിലെ ടാബ്ഡ് ബ്രൌസിംഗ് പുതിയ ഒരു അനുഭവം ആയിരിക്കും നമുക്ക് നല്‍കുക. മുന്‍പത്തെ പതിപ്പില്‍ ഉള്ള പോലെ ഒരേസമയം തുറന്നുവെക്കാവുന്ന ടാബുകളുടെ എണ്ണത്തില്‍ പരിമിതി ഒന്നും ഇല്ല. മുന്‍പ് അകെ 8 എണ്ണം മാത്രമേ പറ്റിയിരുന്നുള്ളൂ.

ക്യാമറ അപ്ലിക്കേഷന്‍
പുതിയ ക്യാമറ അപ്ലിക്കേഷനില്‍ ക്യാമറ മോഡ് സ്വയ്പ് ചെയ്ത് മാറ്റാന്‍ കഴിയും. അതൊകൊണ്ട് ഫോട്ടോ എടുക്കുമ്പോള്‍ ക്യാമറ സെറ്റിംഗ്സില്‍ കേറി പരതാതെ പെട്ടന്ന് ക്യാമറ മോഡ് മാറ്റാന്‍ കഴിയും.

ഫോട്ടോ മാനേജ്മെന്റ്
ഐഒഎസ് ഇറങ്ങിയതിനു ശേഷം ഫോട്ടോ ഗാലെറിക്കുള്ള ആദ്യത്തെ മാറ്റം ആണിത്. ഈ പുതിയ ഫോട്ടോ അപ്ലിക്കേഷനില്‍ വച്ച് തന്നെ തീയ്യതി, ലൊക്കേഷന്‍ എന്നിവയനുസരിച്ച് ഫോട്ടോ സെര്‍ച്ച്‌ ചെയ്യാന്‍ കഴിയും. ഇതില്‍ ചെറിയ രീതിയില്‍ ഫോട്ടോ എഡിറ്റ്‌ ചെയ്യുകയുമാവം.

സിരി
സിരി അപ്ലിക്കേഷനിലെ ആണിന്റെയും പെണ്ണിന്റെയും ശബ്ദം മാറ്റിയിട്ടുണ്ട്. ഫ്രഞ്ച് ജര്‍മ്മന്‍ എന്നീ ഭാഷകള്‍ ഇതില്‍ ലഭ്യമാണ്. ഇതിന്റെ യൂസര്‍ ഇന്റര്‍ഫേസും മാറിയിട്ടുണ്ട്. നമ്മള്‍ സംസാരിക്കുമ്പോള്‍ അപ്ലിക്കേഷന്റെ താഴെ ഒരു ശബ്ദ തരംഗം പോകുന്ന ഡിസൈന്‍ ആണ് ഉള്ളത്. ഫോണിന്റെ സെറ്റിംഗ്സ് ഇനി സിരി ഉപയോഗിച്ച് മാറ്റം. അതായത് ബ്ലൂടൂത്ത് ഓണ്‍ ചെയ്യുക ഓഫ്‌ ചെയ്യുക, ബ്രൈറ്റ്നസ് കൂട്ടുക തുടങ്ങിയ കാര്യങ്ങള്‍ ഇനി സിരി വഴി ചെയ്യാം. ട്വിറ്റെര്‍ , വിക്കിപീഡിയ എന്നിവയുമായി സിരി ഇന്റെഗ്രേറ്റ് ചെയ്തിട്ടുണ്ട്. സിരി ഇപ്പോള്‍ നേരിട്ട് ബിംഗ് സെര്‍ച്ച്‌ എന്‍ജിനിലെ ഫലങ്ങള്‍ ആണ് കാണിക്കുക.

Siri iOS 7

ആപ്പ് സ്റ്റോര്‍
നമ്മുടെ ലൊക്കേഷന്‍ അനുസരിച്ച് ആപ്പുകള്‍ സെര്‍ച്ച്‌ ചെയ്യാം. ഇനി മുതല്‍ ആപ്പ് സ്റ്റോര്‍ ഓട്ടോമാറ്റിക്കായി അപ്പ്സ് അപ്ഡേറ്റ് ചെയ്തുകൊള്ളും. അതുകൊണ്ട് ആപ്പ്‌ അപ്ഡേറ്റ് അലേര്‍ട്ട് ചിന്നങ്ങള്‍ ഇനി ഉണ്ടാകില്ല.

ഐട്യൂണ്‍സ് റേഡിയോ
അവസാനം അപ്പിള്‍ മ്യൂസിക്‌ സ്ട്രീമിംഗ് സേവന രംഗത്തേക്കും കാലുകുത്തിയിരിക്കുന്നു. ഐട്യൂണ്‍സില്‍ ഉള്ള 260 ലക്ഷം പാട്ടുകളും ഇതു വഴി കേള്‍ക്കാം. ഈ ആപ്പ് ഉപയോഗിച്ച് നമുക്ക് ഇഷ്ടപെട്ട സ്റ്റേഷന്‍ തിരഞ്ഞെടുത്ത് അതിലെ പാട്ടുകള്‍ കേള്‍ക്കാം. നമ്മള്‍ ഏതൊക്കെ പാട്ടുകള്‍ കേട്ടു എന്നുള്ളതൊക്കെ അപ്പിള്‍ സേവ് ചെയ്തുവെക്കുന്നുണ്ട്. ആര്‍ക്കും ഈ അപ്ലിക്കേഷന്‍ സൗജന്യമായി ഉപയോഗിക്കാം. പക്ഷേ അതില്‍ പരസ്യങ്ങള്‍ കാണിക്കും. ഐട്യൂണ്‍സ് മാച്ച് ഉപഭോക്താക്കള്‍ക്ക് പരസ്യങ്ങള്‍ കാണിക്കുന്നതല്ല.

ആക്റ്റിവേഷന്‍ ലോക്ക്
മൊബൈല്‍ മോഷണം തടയാനുള്ള ആപ്പിളിന്റെ ഒരു പുതിയ സേവനം ആണിത്. ഇത് ആക്റ്റീവ് ആയുള്ള ഫോണുകള്‍ നഷ്ടപെട്ടാല്‍ ഫോണ്‍ ഓഫ്‌ ആക്കി ഓണ്‍ ചെയ്താല്‍ ആപ്പിള്‍ ഐക്ലൌഡ് യൂസര്‍നേമും പാസ്സ്‌വേര്‍ഡും നല്‍കിയാല്‍ മാത്രമേ ഫോണ്‍ ഓണ്‍ ആകു.

ഐഒഎസ് 7 ന്റെ ബീറ്റ പതിപ്പാണ്‌ എപ്പോള്‍ ഇറങ്ങിയിരിക്കുന്നത്. ഡെവലപ്പേര്‍സിന് മാത്രേ ഇതു എപ്പോള്‍ ലഭ്യമാകൂ. ഐഫോണ്‍ 4, ഐഫോണ്‍ 4S, ഐഫോണ്‍ 5, ഐപാഡ് 2, ഐപാഡ് മിനി, ഐപോഡ് ടച്ച്‌ ഫിഫ്ത്ത് ജെനറേഷന്‍ എന്നീ ഉപകരണങ്ങളെ ഐഒഎസ് 7 സപ്പോര്‍ട്ട് ചെയ്യും. പക്ഷെ എല്ലാ സവിശേഷതകളും എല്ലാ ഉപകരണങ്ങളിലും ലഭ്യമാകില്ല.