ആപ്പിള്‍ WWDC 2013 ഇന്നു തുടങ്ങുന്നു; ആപ്പിളിന്റെ പുതിയ ഉപകരണങ്ങളുടെയും സേവനങ്ങളുടെയും പ്രഖ്യാപനങ്ങള്‍ ഉണ്ടാകും

Apple WWDC 2013

ആപ്പിളിന്റെ വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫെറന്‍സ് (WorldWide Developers Conference – WWDC) സാന്‍ഫ്രാന്‍സിസ്കോയില്‍ ഇന്നു തുടങ്ങും. ജൂണ്‍ 14 വരെ കോണ്‍ഫെറന്‍സ് ഉണ്ടാകും. ആപ്പിളിന്റെ ഇറങ്ങാനിരിക്കുന്ന പുതിയ ഉപകരണങ്ങളുടെയും സേവനങ്ങളുടെയും പ്രഖ്യാപനങ്ങള്‍ ഈ കോണ്‍ഫെറന്‍സില്‍വെച്ചാണ് സാധാരണ ഉണ്ടാകുന്നത്. പല പുതിയ സേവനങ്ങളും, ഉപകരണങ്ങളും ഈ വര്‍ഷം ഉണ്ടാകും എന്ന് പല അഭ്യൂഹങ്ങളും ഉണ്ട്.

ആപ്പിളിന്റെ സ്വന്തം ഓപ്പറെറ്റിംഗ് സിസ്റ്റം ആയ ഐഒഎസ്സ്(iOs)ന്റെ ഏറ്റവും പുതിയ പതിപ്പായ iOs 7ന്റെ പ്രഖ്യാപനം ഈ കോണ്‍ഫെറന്‍സില്‍വെച്ച് ഉണ്ടാകും എന്ന് പല പാശ്ചാത്യ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന്റെ രൂപകല്‍പ്പനയില്‍ കാതലായ മാറ്റങ്ങള്‍ ഉണ്ടാകും. കറുപ്പ്, വെളുപ്പ്‌ എന്നീ നിറങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയുള്ള ഡിസൈന്‍ ആകും എന്നാണ് പറയുന്നത്. ചിത്രങ്ങളും വീഡിയോകളും നേരിട്ട് ഫ്ലിക്കര്‍ , വിമോ(Vimeo) എന്നിവയിലേക്ക് നേരിട്ട് അപ്‌ലോഡ്‌ ചെയ്യാനുള്ള സൗകര്യം ഈ പുതിയ പതിപ്പില്‍ ഉണ്ടാകും.

ആപ്പിള്‍ തുടങ്ങാന്‍ പോകുന്ന മ്യൂസിക്‌ സ്ട്രീമിംഗ് സേവനമായ ഐറേഡിയോ(iRadio) ഈ കോണ്‍ഫെറന്‍സില്‍വെച്ച് അവതരിപ്പിച്ചേക്കും എന്ന് റിപ്പോര്‍ട്ട് ഉണ്ട്. മ്യൂസിക്‌ ലൈസന്‍സിന് വേണ്ടി വാര്‍ണ്ണര്‍ മ്യൂസിക്‌ ഗ്രൂപ്പ്‌ (Warner Music Group), യൂണിവേര്‍സല്‍ മ്യൂസിക്‌ ഗ്രൂപ്പ്‌ (Universal Music Group) എന്നിവയുമായി ആപ്പിള്‍ കരാറില്‍ ഏര്‍പെട്ടിട്ടുണ്ട്. ഇത് ഐറേഡിയോ ഉണ്ടാകും എന്നാ ഊഹത്തിനു ശക്തിപകരുന്നു.

ആപ്പിളിന്റെ ലാപ്ടോപ്പായ മാക്ബുക്കിന്റെ പുതിയ പതിപ്പ് ഇറങ്ങും എന്നും റിപ്പോര്‍ട്ട് ഉണ്ട്. മറ്റൊരു പ്രധാനപ്പെട്ട അഭ്യൂഹം ഐവാച്ച്(iWatch)ന്റെ പ്രഖ്യാപനം ആണ്. ശരീരത്തില്‍ ധരിക്കാന്‍ പറ്റുന്ന ഉപകരണങ്ങള്‍ ആപ്പിള്‍ ഉണ്ടാക്കുന്നു എന്ന്‍ റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. മാത്രമല്ല ഈയിടെ ആപ്പിള്‍ കര്‍വ്ഡ് (curved) ബാറ്ററി എന്ന ആശയത്തിന് പേറ്റന്റ് എടുത്തിരുന്നു. ഇതെല്ലാം ഐവാച്ച് വരും എന്ന അഭ്യൂഹത്തിന് ശക്തിപകരുന്നു.

എന്തായാലും വരും ദിവസങ്ങളില്‍ ഇവയില്‍ ഏതൊക്കെ അഭ്യൂഹങ്ങള്‍ ശരിയാകും എന്ന് നമുക്ക് കാണാം.