ആപ്പിളിനെയും ഫെയ്സ്ബുക്കിനെയും മറികടന്ന് വേസ് ട്രാവല്‍ നാവിഗേഷന്‍ ആപ്പ് ഏറ്റെടുക്കാന്‍ ഗൂഗിള്‍ ഒരുങ്ങുന്നു

Posted on Jun, 10 2013,ByTechLokam Editor

വേസ് (Waze) ട്രാവല്‍ നാവിഗേഷന്‍ മൊബൈല്‍ അപ്ലിക്കേഷനു വേണ്ടിയുള്ള ‘യുദ്ധത്തില്‍ ‘ അവസാനം ആപ്പിള്‍ , ഫെയ്സ്ബുക്ക് തുടങ്ങിയ ആഗോള ഭീമന്മാരെ പിന്‍തള്ളി ഗൂഗിള്‍ വിജയത്തോടടുക്കുന്നു. ഗ്ലോബ്സ് എന്ന ഇസ്രായേല്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്പ്രകാരം വേസ് എന്ന ട്രാവല്‍ നാവിഗേഷന്‍ കമ്പനിയെ ഏകദേശം 130 കോടി ഡോളറിന് ഗൂഗിള്‍ വാങ്ങുന്നു. ഗൂഗിള്‍ ഈയിടെ നടത്തിയതില്‍ വച്ച് ഏറ്റവും വലിയ ഏറ്റെടുക്കല്‍ ആണിത്. വേസ് ഇന്‍ക് (Waze Inc) ഒരു സ്റ്റാര്‍ട്ട്‌അപ്പ്‌ കമ്പനി ആണ്. ഇസ്രായേല്‍ ആയിരുന്നു അവരുടെ ആദ്യ ആസ്ഥാനം. എപ്പോള്‍ അമേരിക്കയിലെ സിലിക്കോണ്‍ വാലി കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്.

Google set to acquire Waze

ഗൂഗിളിനു പുറമേ ആപ്പിള്‍ ഫെയ്സ്ബുക്ക് എന്നീ കമ്പനികളും വേസിനെ ഏറ്റെടുക്കാന്‍ താല്‍പര്യം കാണിച്ചിരുന്നു. ഫെയ്സ്ബുക്ക് 100 കോടി ഡോളറും, അപ്പിള്‍ 50 കോടി ഡോളറും ആണ് ഓഫര്‍ ചെയ്തത്. പക്ഷേ ഇവരെ രണ്ടു പേരെയും മലര്‍ത്തിയടിച്ചു ഗൂഗിള്‍ വേസിനെ കൈക്കലാക്കി.

തത്സമയം ജിപിഎസ് സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന ട്രാവല്‍ നാവിഗേഷന്‍ ആപ്ലിക്കേഷനാണ് വേസ്. വേസ് ഉപയോഗിച്ചാല്‍ യാത്രാവേളകളില്‍ മുന്നിലുള്ള ഗതാഗതകുരുക്കിനെക്കുറിച്ചും യാത്രാ ക്ളേശങ്ങളെക്കുറിച്ചും തത്സമയ വിവരങ്ങള്‍ അറിയാന്‍ സാധിക്കും എന്നതാണ് ഇതിന്‍റെ ഏറ്റവും വലിയ പ്രത്യേകത. പോയ്ക്കൊണ്ടിരിക്കുന്ന റോഡില്‍ പോലീസുകാരുണ്ടോ, പോലീസുകാര്‍ ഉണ്ടെങ്കില്‍ അവര്‍ ഒളിഞ്ഞു നിന്നാണോ വാഹനങ്ങളെ പിടിക്കുന്നത് എന്നൊക്കെ ഈ ആപ്ലിക്കേഷന്‍ കാട്ടിത്തരും. കൂടാതെ മുന്നില്‍ ഒരു അപകടമോ ദുരന്തമോ മോശം കാലാവസ്ഥയോ ഉണ്ടെങ്കില്‍ അപ്പോള്‍തന്നെ മൊബൈലില്‍ ഫോട്ടോയെടുത്ത് അത് പോസ്റ്റ് ചെയ്യുകയും ചെയ്യാം. മുന്‍പേ പോകുന്നവര്‍ ഇത്തരത്തിലുള്ള എന്തെങ്കിലും തടസങ്ങള്‍ കാണുകയാണെങ്കില്‍ അത് വേസില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കില്‍ പിന്നില്‍ വരുന്നവര്‍ക്ക് അത് കാണാനാകും. അതുകൊണ്ടുതന്നെ അവര്‍ക്ക് മറ്റ് മാര്‍ഗങ്ങളിലൂടെ സ്ഥലത്തെത്താന്‍ സാധിക്കും. ഇങ്ങനെ കമ്മ്യൂണിറ്റി ബേസ്ഡ് ആപ്ലിക്കേഷന്‍ ആണ് എന്ന പ്രത്യേകത കൂടെ ഇതിനുണ്ട്. ഇങ്ങനെ ഒട്ടേറെ സവിശേഷതകള്‍ ഉള്ളത് കൊണ്ടാണ് സിലിക്കോണ്‍ വാലി ഭീമന്മാര്‍ വേസിന്റെ പിന്നാലെ കൂടിയത്.

അമേരിക്കന്‍ സര്‍ക്കാറുമായി ചേര്‍ന്ന് റോഡ് ഗതാഗത സംവിധാനം മെച്ചപ്പെടുത്തുന്നതിനും ദുരന്ത നിവാരണത്തിനുമായി ഈ അപ്ലിക്കേഷന്‍ ഉപയോഗിക്കുന്നുണ്ടെന്നും വേസ് വ്യക്തമാക്കി. അമേരിക്കയില്‍ സാന്‍റി ചുഴലിക്കാറ്റ് നാശവിതച്ചപ്പോള്‍ ഈ ആപ്ലിക്കേഷന്‍ കാര്യമായി ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. വേസ് തത്സമയ നാവിഗേഷന്‍ വിവരങ്ങള്‍ കാണിക്കുന്നത് അവരുടെ സ്വന്തം ഭൂപടത്തിലാണ്. ഗൂഗിളും വേസും മാത്രമാണ് ഇത്തരം കാര്യങ്ങള്‍ക്കായി സ്വന്തം മാപ്പ് ഉപയോഗിക്കുന്നതെന്നും വേസ് വൈസ് പ്രസിഡന്‍റ് ഡി ആന്‍ ഇസ്നര്‍ അവകാശപ്പെടുന്നു.

ഗൂഗിള്‍ മാപ്പിന് പകരം ആപ്പിള്‍ അവരുടെ സ്വന്തം മാപ്പ് അവരുടെ ഉപകരണങ്ങളില്‍ അവതരിപ്പിച്ചിരുന്നു. പക്ഷേ അതൊരു വന്‍പരാജയമായിരുന്നു. ആ വേളയില്‍ ആപ്പിള്‍ സിഇഒ ടിം കുക്ക് വേസ് അപ്ലിക്കേഷന്‍ ഉപയോഗിക്കാനായിരുന്നു നിര്‍ദേശിച്ചിരുന്നത്. അത് വേസിന് ഒരു വന്‍ മുതല്‍കൂട്ടായിരുന്നു.

അങ്ങിനെ വേസ് കൂടെ ഗൂഗിളിന്റെ കയ്യിലാകുന്നതോടെ തത്സമയ നാവിഗേഷന്‍ രംഗത്ത് ഗൂഗിളിനെ മറികടക്കാന്‍ വേറാരും ഉണ്ടാകില്ല.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക