99.9% പുതിയ മൊബൈല്‍ വൈറസ്സുകളും ലക്ഷ്യം വെക്കുന്നത് ആന്‍ഡ്രോയ്ഡ് ഫോണുകളെയെന്നു റിപ്പോര്‍ട്ട്

99 Percentage Of New Mobile Malware Targets Android Phones

ലോകത്തിലെ ഏറ്റവും ജനപ്രിയമായ മൊബൈല്‍ഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റമാണ് ആന്‍ഡ്രോയ്ഡ്. മറ്റെല്ലാ ഫോണുകള്‍ക്കെതിരെയുള്ള പോലെ ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കെതിരെയുമുള്ള വൈറസ്സ് ആക്രമണം പുതുമയുള്ളതല്ല. പക്ഷെ കുറച്ചുകാലമായി ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്കെതിരെയുള്ള വൈറസ്സ് ആക്രമണം അതിരൂക്ഷമായിരിക്കുകയാണ്.

കാസ്പെറെസ്കി ലാബ്‌ പുറത്തുവിട്ട റിപ്പോര്‍ട്ട്‌ പ്രകാരം 2013ന്റെ ആദ്യം മാസങ്ങളില്‍ തിരിച്ചറിഞ്ഞ 99.9% പുതിയ മൊബൈല്‍ വൈറസ്സുകളും ആന്‍ഡ്രോയ്ഡ് ഫോണുകളെ ലക്ഷ്യം വെച്ചുള്ളതായിരുന്നു. ഇതില്‍ അധികവും ട്രോജന്‍ വൈറസ്സുകളായിരുന്നു. എസ്സ്.എം.എസ്സ് ട്രോജന്‍ അതിനൊരുദാഹരണം മാത്രം. പ്രീമിയം നിരക്കുള്ള നമ്പരുകളിലേക്ക് നമ്മള്‍ അറിയാതെ എസ്സ്.എം.എസ്സ് അയച്ചു ഫോണിലെ കാശു വിഴുങ്ങുന്ന ഒരു വൈറസ്സാണ് എസ്സ്.എം.എസ്സ് ട്രോജന്‍.

കാസ്പെറെസ്കി ലാബിന്റെ റിപ്പോര്‍ട്ട് പ്രകാരം 2013ന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ തിരിച്ചറിഞ്ഞ വൈറസ്സുകളുടെ എണ്ണം 2012ഇല്‍ കണ്ടെത്തിയ മൊത്തം വൈറസ്സുകളുടെ എണ്ണത്തിന്റെ പകുതിയോളം വരും. വൈറസ്സ് ബാധിച്ചവരുടെ എണ്ണത്തില്‍ ആദ്യത്തെ മൂന്ന് സ്ഥാനം കൈയ്യാളുന്ന രാജ്യങ്ങളാണ്‌ അമേരിക്ക(25%), റഷ്യ(19%), നെതര്‍ലാന്‍ഡ്(14%).