സൈബര്‍ ആക്രമണത്തെ ചെറുക്കാന്‍ രണ്ട് ഘട്ട സുരക്ഷ സംവിധാനം ഒരുക്കി ട്വിറ്റര്‍

Twitter tries to stop hack attacks with two-step authentication process

ഹാക്കര്‍മാര്‍ അമേരിക്കയിലെയും ബ്രിട്ടനിലെയും വന്‍കിട മാധ്യമ സ്ഥാപനങ്ങളുടെ ട്വിറ്റര്‍ അക്കൌണ്ടുകളിലേക്ക് നുഴഞ്ഞുകയറി വ്യാജ വാര്‍ത്തകള്‍ പ്രസിദ്ധപ്പെടുത്തിയത് വഴി കുറച്ചൊന്നുമല്ല ട്വിറ്ററിന് പഴികേള്‍ക്കേണ്ടി വന്നത്. സുരക്ഷ ഉറപ്പക്കുനതിനു വേണ്ടി അന്ന് തന്നെ ട്വിറ്റര്‍ മാധ്യമസ്ഥാപനങ്ങള്‍ക്ക് വേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ അതുകൊണ്ടൊന്നും പ്രശ്നം അവസാനിക്കുന്നില്ലെന്ന് കണ്ടാണ് ട്വിറ്റര്‍ ഇപ്പോള്‍ പുതിയ സുരക്ഷ സംവിധാനം ഒരുക്കിയിരിക്കുന്നത്.

നവീകരണത്തിന്റെ ഭാഗമായി രണ്ട് ഘട്ടമായുള്ള ലോഗിന്‍ സംവിധാനമാണ് ട്വിറ്റര്‍ നടപ്പാക്കിയിരിക്കുന്നത്. ലോഗിന്‍ ചെയ്യുന്നത് യഥാര്‍ത്ഥ ഉപയോക്താവ് തന്നെയാണെന്ന് ഉറപ്പ് വരുത്തുകയാണ് രണ്ട് ഘട്ട ലോഗിന്‍ സംവിധാനം ലക്ഷ്യമിടുന്നത്. യൂസര്‍ നെയിമും പാസ്വേര്‍ഡിനും പുറമെ 6 അക്ക രഹസ്യ നമ്പര്‍ കൂടെ നല്‍കി അകത്തുകടക്കാന്‍‌ കഴിയുന്ന സുരക്ഷാ കവചമാണ് ട്വിറ്റര്‍ ഒരുക്കിയിരിക്കുന്നത്. എല്ലാതവണയും ട്വിറ്റര്‍ അക്കൌണ്ടിലേക്ക് കടക്കാന്‍ ശ്രമിക്കുമ്പോള്‍ ട്വിറ്റര്‍ 6 അക്ക രഹസ്യ നമ്പര്‍ ടെക്സ്റ്റ് മെസേജ് ചെയ്യും. ഈ നമ്പര്‍ നല്‍കിയാല്‍ മാത്രമേ പിന്നീട് ട്വിറ്റര്‍ അക്കൌണ്ടിലേക്ക് കടക്കാന്‍ സാധിക്കുകയുള്ളു. അക്കൌണ്ട് സെറ്റിങ്ങില്‍ പോയി അക്കൊണ്ട് സെക്ക്യൂരിറ്റി സജീവമാക്കുക എന്നതാണ് ഇതിനായി ട്വിറ്റര്‍ ഉപഭോക്താക്കള്‍ ചെയ്യേണ്ടതെന്നും ട്വിറ്റര്‍ പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. ഈ സംവിധാനം ഓപ്ഷണലാണ്. കൂടുതല്‍ സുരക്ഷ ആഗ്രഹിക്കുന്നവര്‍ക്ക് പുതിയ ലോഗിന്‍ രീതി ഉപയോഗപ്പെടുത്താം.

ഫിനാന്‍ഷ്യല്‍ ടൈംസ്, അസോസിയേറ്റഡ് സര്‍വ്വീസ് പ്രസ് എന്നീ പ്രമുഖരുടെ അക്കൗണ്ടുകള്‍ അടുത്തിയെ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. അസോസിയേറ്റര്‍ പ്രസിന്റെ ഹാക്ക് ചെയ്യപ്പെട്ട ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും പോയ ഒരു വ്യാജ സന്ദേശം അമേരിക്കന്‍ പ്രസിഡന്റ് ബരാക ഒബാമ ആക്രമിക്കപ്പെട്ടുവെന്നായിരുന്നു.

പ്രത്യേകിച്ചും വന്‍കിട കമ്പനികളുടെയും മാധ്യമ സ്ഥാപനങ്ങളുടെയും ട്വിറ്റര്‍ അക്കൌണ്ടുകള്‍ ഹാക്ക് ചെയ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്. എന്തായാലും ട്വിറ്റര്റിന് വൈകി വന്ന ബുദ്ധി കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ എത്രകണ്ട് വിജയിക്കും എന്ന് നമുക്ക് കാത്തിരുന്ന് കാണാം.

പുതിയ സുരക്ഷ സംവിധാനം ഇങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന്‍ വിശദീകരിച്ച് ട്വിറ്റര്‍ പുറത്തിറക്കിയ വീഡിയോ കാണുക