ലോകത്തില്‍ സ്മാര്‍ട് ഫോണ്‍ വില്‍പ്പന ആദ്യമായി സാധാരണ ഫോണിന്റെ വില്‍പ്പനയെ മറികടന്നു

സ്മാര്‍ട് ഫോണ്‍ വില്‍പ്പന ആദ്യമായി സാധാരണ ഫോണുകളുടെ വിപണിയെ മറികടന്നതായി റിപ്പോര്‍ട്ട്. റിസര്‍ച്ച് ഓര്‍ഗസൈനേഷനായ ഐഡിസിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

smart phone

216 ദശലക്ഷം സ്മാര്‍ട് ഫോണുകളാണ് ഈ വര്‍‌ഷത്തിന്‍റെ ആദ്യമൂന്ന് മാസങ്ങളിലായി വിറ്റഴിക്കപ്പെട്ടത്. എന്നാല്‍ സാധാരണ ഫോണുകള്‍ 189 ദശലക്ഷം മാത്രമാണ് വിറ്റഴിഞ്ഞതെന്നും ഐഡിസി വ്യക്തമാക്കുന്നു. മൊത്തം ഫോണ്‍ വിപണിയുടെ 51.6 ശതമാനവും ഇപ്പോള്‍ സ്മാര്‍ട് ഫോണുകളുടേതാണെന്നും ഐഡിസി അഭിപ്രായപ്പെട്ടു.

സാംസങിന്‍റെ സ്മാര്‍ട് ഫോണ്‍ വില്‍പ്പന കുതിച്ചു കയറുകയാണെന്ന റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ച്ചയാണ് പുറത്തുവന്നത്. ഈ വര്‍ഷത്തിന്‍റെ ആദ്യപാതത്തില്‍ റിക്കോര്‍ഡ് ലാഭമാണ് സാംസങ് ഉണ്ടാക്കിയത്. ഇതില്‍ നിര്‍ണായക പങ്കാണ് സാംസങ് ഗാലക്സി സ്മാര്‍ട് ഫോണുകള്‍ വഹിച്ചത്.

അമേരിക്കയില്‍ 2011 ല്‍ തന്നെ സാധാരണ ഫോണുകളുടെ വിപണിയെ സ്മാര്‍ട് ഫോണുകള്‍ മറികടന്നിരുന്നു. ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന ഈ വിപണി മാറ്റത്തിന് പിന്നില്‍ ഇന്ത്യ, ചൈന, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ഉപഭോക്താക്കളാണെന്നാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.