സാംസങ് ഗാലക്‌സി എസ് 4 ഇന്ത്യന്‍ വിപണിയില്‍

ആന്‍ട്രോയിഡ് സ്മാര്‍ട്ട്‌ഫോണ്‍ നിരയില്‍ സാംസങിന്റെ സൂപ്പര്‍ഫോണായ ഗാലക്‌സി എസ് 4 ഇന്ത്യന്‍ വിപണിയിലെത്തി. എസ് 4 ന്റെ 16 ജിബി മോഡലിന് 41,500 രൂപയാണ് വില നിശ്ചയിച്ചിരിക്കുനത്. പ്രമുഖ ടെക്നോളജി സൈറ്റായ സിനെറ്റും ഇതുവരെ ഇറങ്ങിയ ഫോണുകളില്‍ ഏറ്റവും മികച്ച ഫോണ്‍ എന്ന സ്ഥാനം എസ് 4 ന് നല്‍കിയിട്ടുണ്ട്.

Samsung Galaxy s4

കഴിഞ്ഞ മാര്‍ച്ച് 14ന് ന്യൂയോര്‍ക്കില്‍ അവതരിപ്പിക്കപ്പെട്ട ഗാലക്‌സി എസ് 4 ന്റെ 32 ജിബി, 64 ജിബി വകഭേദങ്ങള്‍ ഇന്ത്യന്‍ വിപണിയിലെത്തിക്കാന്‍ സാംസങ് ഉദ്ദേശിക്കുന്നില്ല. മൈക്രോ എസ്ഡി കാര്‍ഡ് സൗകര്യമുള്ളതിനാല്‍ ഇന്റേണല്‍ സ്‌റ്റോറേജ് 16 ജിബി മതിയാകുമെന്നാണ് കമ്പനിയുടെ നിലപാട്. സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തെ ആദ്യ എട്ടു-കോര്‍ പ്രൊസസറുമായാണ് ഗാലക്‌സി എസ് 4 ന്റെ വരവ്. 2 ജിബി റാമും ആന്‍ഡ്രോയ്ഡ് 4.2.2 (ജെല്ലി ബീന്‍) പ്ലാറ്റ്‌ഫോമും കൂടിയാകുമ്പോള്‍ കരുത്തിന്റെ കാര്യത്തില്‍ മറ്റേത് സ്മാര്‍ട്ട്‌ഫോണും എസ് 4 ന് താഴയേ വരൂ.

അഞ്ചിഞ്ച് ഫുള്‍ എച്ച് ഡി (1080 X 1920) സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലെയാണ് എസ് 4 ന്റേത്. 2600 എംഎഎച്ച് ബാറ്ററി ഊര്‍ജം പകരുന്ന എസ് 4 ന്റെ ഭാരം വെറും 130 ഗ്രാം മാത്രം. കണ്ണുകൊണ്ടും അംവിക്ഷേപങ്ങള്‍ കൊണ്ടും നിയന്ത്രിക്കാവുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആണ് എസ് 4. സാംസങ് ഗാലക്സി എസ് 4 ന്‍റെ പിന്‍ ക്യാമറയ്ക്ക് 13 മെഗാപിക്സലാണ് റസല്യൂഷന്‍. വീഡിയോ കോളിങിനുള്ള സെക്കന്‍ഡറി ക്യാമറ 2 മെഗാപിക്‌സലുമാണ്. ഫുള്‍ എച്ഡി വീഡിയോ പകര്‍ത്താനും എസ് 4 ന്‍റെ മുന്‍ പിന്‍ ക്യാമറകള്‍ക്ക് സാധിക്കും. ഇതിനെല്ലാം പുറമേ ഈ രണ്ട് ക്യാമറകളും ഒന്നിച്ച് പ്രവര്‍ത്തിപ്പിക്കാനാകുമെന്ന പുതിയ ഫീച്ചറും സാംസങ് ഇതില്‍ കൊണ്ടുവന്നിട്ടുണ്ട്. ഡ്യുവല്‍ ഷോട്ട്, സിനിമ ഷോട്ട് പോലുള്ള പ്രത്യേക ക്യാമറ ഫീച്ചറുകളും എസ് 4 ലുണ്ട്.എഫ് എം റേഡിയോ ഇല്ല.