ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ബാഡ് ന്യൂസ് മാല്‍വെയര്‍

ഗൂഗിള്‍ പ്ലേയിലെ 32 അപ്ലിക്കേഷനുകളെ ‘ബാഡ് ന്യൂസ് ‘ എന്ന് പേരുള്ള ഒരു മാല്‍വെയര്‍ ബാധിച്ചതായി മൊബൈല്‍ സുരക്ഷാകമ്പനിയായ ‘ലുക്കൗട്ട് ‘ റിപ്പോട്ടുചെയ്തു. ഈ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഗൂഗിള്‍ ആ ആപ്ലിക്കേഷനുകള്‍ സ്റ്റോറില്‍ നിന്ന് നീക്കിയതായും, അവയുടെ ഡെവലപ്പര്‍മാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതായും റിപ്പോര്‍ട്ട് പറയുന്നു. ഇതിന്‍റെ പേരു പോലെ ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോക്താക്കളെ സംബന്ധിച്ച് ഇത് ശരിക്കും ‘ബാഡ് ന്യൂസ് ‘ തന്നെയാണ്.

bad-news infected app icons
ബാഡ്‌ന്യൂസ് ബാധിച്ചതായി കണ്ടെത്തിയ ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ആപ്ലിക്കേഷനുകളുടെ ഐക്കണുകള്‍

ഒരു അഡൈ്വര്‍ടൈസിങ് ശൃംഖല പോലെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ഒന്നാണ് ഈ മാല്‍വെയര്‍. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ബാഡ്‌ന്യൂസ് ആപുകള്‍ 20 ലക്ഷം മുതല്‍ 90 ലക്ഷം തവണ വരെ ഡൗണ്‍ലോഡ് ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. എന്നുവെച്ചാല്‍, 90 ലക്ഷം ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ വരെ ഇത് ബാധിക്കാന്‍ സാധ്യതയുണ്ട്. റഷ്യ, യുക്രൈന്‍, ജര്‍മനി എന്നിവിടങ്ങളിലെ ഉപയോക്താക്കളെയാണ് ബാഡ്‌ന്യൂസ് കാര്യമായി ബന്ധിച്ചതെന്നും ലുക്കൗട്ട് പറയുന്നു.

മൊബൈല്‍ വൈറസുകള്‍ കൂടുതല്‍ കരുത്താര്‍ജിക്കുന്നതിന് തെളിവാണ് ഇത്രയേറെ ഫോണുകളില്‍ ബാഡ്‌ന്യൂസിന് കയറിപ്പറ്റാന്‍ കഴിഞ്ഞതെന്ന് ലുക്കൗട്ട് പറയുന്നു. ആപ് പരിശോധനാവേളയില്‍ ഈ മാല്‍വെയര്‍ അതിന്റെ ദുഷ്ടസ്വഭാവം പുറത്തെടുക്കാതെ ഒതുങ്ങിയിരിക്കും. അങ്ങനെ അതിന് പരിശോധകരെ കബളിപ്പിക്കാനാകും. പിന്നീട് സൗകര്യംപോലെ അത് തനിനിറം കാട്ടുകയാണ് ചെയ്യുക. ഈ കബളിപ്പിക്കല്‍ സ്വഭാവം കൊണ്ടാണ് ബാഡ്‌ന്യൂസിന് ഇത്രയേറെ ഫോണുകളില്‍ എത്താന്‍ പറ്റിയതെന്ന് ലുക്കൗട്ട് പറയുന്നു. മാത്രമല്ല, അഡൈ്വര്‍ടൈസിങ് ശൃംഖല പോലെ പ്രവര്‍ത്തിക്കാന്‍ കഴിയുന്ന മൊബൈല്‍ വൈറസ് പ്രത്യക്ഷപ്പെടുന്നതും ആദ്യമായാണ്.

വ്യാജ വാര്‍ത്താസന്ദേശങ്ങള്‍ അയയ്ക്കാനും, അതുവഴി യൂസര്‍മാരെക്കൊണ്ട് ഫോണില്‍ ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ പ്രേരിപ്പിക്കാനും ബാഡ്‌ന്യൂസ് ദുഷ്ടപ്രോഗ്രാമിന് സാധിക്കും. ഒപ്പം ഫോണ്‍ നമ്പറും ഐഡിയും ഈ ദൃഷ്ടശൃംഖലയുടെ കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സെര്‍വറിലേക്ക് അയച്ചുകൊടുക്കാനും അതിനാകും.

ആന്‍ഡ്രോയ്ഡ് ഫോണുകളുപയോഗിക്കുന്നവര്‍ക്ക് കുടുതല്‍ കരുതല്‍ വേണമെന്നാണ് പുതിയ സംഭവം നല്‍കുന്ന പാഠം.