പി.എസ്.വൈയുടെ പുതിയ ആല്‍ബം ജന്റില്‍മാനും യുട്യൂബില്‍ പുതിയ റെക്കോര്‍ഡിട്ടു

ഗന്നം സ്റ്റൈല്‍ എന്ന ഒറ്റ പാട്ടിലൂടെ പോപ്‌ സംഗീത ശ്രേണിയെ കീഴടക്കിയ തെക്കന്‍ കൊറിയന്‍ പോപ്‌ താരം വീണ്ടും യുട്യൂബില്‍ ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. ഗന്നം സ്റ്റൈലിന് ശേഷം സൈ പുറത്തിറക്കിയ ജന്റില്‍മാന്‍ എന്ന വീഡിയോയാണ് യുട്യൂബില്‍ തരംഗമായിരിക്കുന്നത്. രണ്ട് ദിവസത്തിനുള്ളില്‍ 4.4 കോടി പേരാണ് ജന്റില്‍മാന്‍ കണ്ടത്.

psy gentleman

ശനിയാഴ്ച്ച രാത്രി 09.00നാണ് പി.എസ്.വൈ പുതിയ സംഗീത ആല്‍ബമായ ജന്റില്‍മാന്‍ യുട്യൂബില്‍ പോസ്റ്റ് ചെയ്തത്. ആദ്യ 24 മണിക്കൂറിനുള്ളില്‍ രണ്ട് കോടി പേര്‍ സൈയുടെ ജന്റില്‍മാന്‍ ആസ്വദിച്ചു. ഒരു ദിവസം യുട്യൂബില്‍ ഏറ്റവും കൂടുതല്‍ കണ്ട റെക്കോഡ് നേരത്തെ 80 ലക്ഷമായിരുന്നു. മെയ് 2012ന് പുറത്തിറങ്ങിയ കൗമാര പോപ് താരം ജസ്റ്റിന്‍ ബൈബറുടെ ബോയ്ഫ്രണ്ടിന്റെ റെക്കോഡാണ് ജെന്റില്‍മാന്‍ തിരുത്തിയത്.

കഴിഞ്ഞ ജൂലൈയില്‍ പുറത്തിറങ്ങിയ ഗന്നം സ്റ്റൈല്‍ 150 കോടിയിലേറെ പേരാണ് ഇതുവരെ കണ്ടത്. ഗന്നം സ്റ്റൈലിന്റെ വഴിയേ തന്നെയാണ് പുതിയ ആല്‍ബവും എന്ന സൂചനകളാണ് ഇപ്പോള്‍ ലഭിക്കുന്നത്.