ഷവോമി എംഐ എവണ്‍ – ഗൂഗിളുമായി സഹകരിച്ച് ഷവോമിയുടെ ആന്‍ഡ്രോയിഡ് വണ്‍ സ്മാര്‍ട്‌ഫോണ്‍

ഷവോമിയുടെ ഹാർഡ്‌വെയറും ഗൂഗിളിന്റെ സ്റ്റോക്ക് അഥവാ ഒറിജിനൽ ആൻഡ്രോയ്ഡ് ഒഎസ്സും ചേർന്ന് ഇതാ ഒരു ഫോൺ എത്തിയിരിക്കുന്നു. ഷവോമി എംഐ എവണ്‍ എന്നാണ് അതിന്റെ പേര്. ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങിലാണ് ഷവോമി ഈ ഫോൺ അവതരിപ്പിച്ചത്. സ്വന്തം യുസര്‍ ഇന്റര്‍ഫേസ് ആയ എംഐ യുഐ ഉപയോഗിക്കാതെ പുറത്തിറക്കുന്ന ആദ്യ ഷവോമി സ്മാര്‍ട്‌ഫോണ്‍ ആണ് എംഐ എവണ്‍.

Xiaomi Mi A1 - Android One Phone

ഐഫോൺ 7 പ്ലസിനോട് കിടപിടിക്കുന്നു എന്ന് ഷവോമി അവകാശപ്പെടുന്ന പിൻഭാഗത്തുള്ള ഇരട്ട ക്യാമറ, ആൻഡ്രോയ്ഡ് സ്റ്റോക്ക് ഒഎസ്സ്, കുറഞ്ഞ വില എന്നിവയാണ് എംഐ എ1ന്റെ എടുത്ത് പറയേണ്ട സവിശേഷതകൾ.

ഗൂഗിളിന്റെ ആൻഡ്രോയ്ഡ് വൺ പദ്ധതിയുമായി സഹകരിച്ചാണ് ഷവോമി ഈ ഫോൺ ഇറക്കുന്നത്. ആൻഡ്രോയ്ഡ് വൺ ഫോണുകളിൽ ഗൂഗിളിന്റെ സ്റ്റോക്ക് ആൻഡ്രോയ്ഡ് ഒഎസ്സ് ആയിരിക്കും. ഗൂഗിൾ നിശ്ചയിക്കുന്ന ഹാർഡ്‌വെയർ കോൺഫിഗറേഷനും ഉണ്ടാകും. അതിനാൽ ആൻഡ്രോയ്ഡ് ഒഎസ്സിന്റെ ഏറ്റവും പുതിയ പതിപ്പ്, ഗൂഗിൾ ഇറക്കുന്ന സുരക്ഷാ അപ്ഡേറ്റുകൾ എന്നിവ നേരത്തെ ആൻഡ്രോയ്ഡ് വൺ ഫോണുകളിൽ ലഭിക്കും.

ഇതുവരെ ഇറങ്ങിയ ആൻഡ്രോയ്ഡ് വൺ ഫോണുകളിൽ ഏറ്റവും കുറഞ്ഞ വിലയിൽ കൂടുതൽ സവിശേഷതകൾ തരുന്ന ഒരു ഫോൺ ആണിത്. ചിലവ് കുറഞ്ഞ ഫോണുകളിൽ ആൻഡ്രോയിഡിന്റെ വളരെ മികച്ച അനുഭവം നല്കാൻ വേണ്ടി ഗൂഗിൾ തുടങ്ങിയ പദ്ധതിയാണ് ആൻഡ്രോയ്ഡ് വൺ. സംഗതി ഇങ്ങനെയാണെങ്കിലും ഷാവോമി അവരുടെ ബഡ്ജറ്റ് ബ്രാൻഡ് ആയ റെഡ്മി യിൽ അല്ല ഈ ഫോൺ ഇറക്കിയിരിക്കുന്നത്. പകരം അവരുടെ പ്രീമിയം ബ്രാൻഡ് ആയ എംഐ യിൽ ആണ്.

രൂപകൽപന

മെറ്റൽ ബോഡിയിൽ വളരെ ലളിതമായ പ്രീമിയം രൂപകല്പനയാണ് നൽകിയിരിക്കുന്നത്. റൗണ്ടഡ് എഡ്ജ് ഫോണ്‍ സുഖകരമായി കയ്യില്‍ പിടിക്കുന്നതിന് സഹായിക്കുന്നു. ഫിംഗര്‍ പ്രിന്റ്‌ സെന്‍സറിന്റെ സ്ഥാനം ഫോണിന്റെ പിൻഭാഗത്താണ്. 165 ഗ്രാം ആണ് ഫോണിന്റെ ഭാരം. ബ്ലാക്ക്, റോസ് ഗോള്‍ഡ്‌, ഗോള്‍ഡ്‌ നിറങ്ങളില്‍ ഈ ഫോണ്‍ ലഭിക്കും. റേഡിയേഷന്‍ മൂലമുണ്ടാവുന്ന ചൂട് കുറയ്ക്കുന്നതിനായി ഡ്യുവല്‍ ഗ്രാഫൈറ്റ് ഷീറ്റ് എന്നൊരു സംവിധാനം ഫോണില്‍ ഉപയോഗിച്ചിട്ടുണ്ട്. 2 ഡിഗ്രി സെല്‍ഷ്യസ് വരെ താപം കുറയ്ക്കാന്‍ ഇതിന് കഴിയുമെന്ന് ഷവോമി പറയുന്നത്.

ഡിസ്പ്ലേ

5.5 ഇഞ്ച് വലിപ്പമുള്ള ഫുൾ എച്ച്ഡി ഡിസ്പ്ലേയിൽ വളരെ മികവുറ്റ രീതിയിൽ ചിത്രങ്ങളും വീഡിയോയും കാണാം. 2.5D വക്രാകൃതിയിൽ അഗ്രങ്ങൾ ഉള്ള ഗ്ലാസ് ആണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. കോര്‍ണിങ് ഗൊറില്ല ഗ്ലാസ് 3 ന്റെ സംരക്ഷണവും ഡിസ്‌പ്ലേയ്ക്കുണ്ട്.

ഹാർഡ്‌വെയർ

ക്വാല്‍കോം ഒക്റ്റാ കോർ സ്നാപ്പ്ഡ്രാഗൺ 625 പ്രോസസ്സറും, 4 ജിബി റാമും ആണ് ഫോണിന് കരുത്ത് പകരുന്നത്. 64 ജിബി ഇന്റേണല്‍ മെമ്മറിയും 128 ജിബി വരെ വര്‍ധിപ്പിക്കാവുന്ന മൈക്രോ എസ്ഡി കാര്‍ഡ് സൗകര്യവും ഫോണിനുണ്ട്. ഇരട്ട സിം കാർഡ് സപ്പോർട്ട് ഉണ്ട്. രണ്ടിലും 4 ജി VoLTE സിം ഉപയോഗിക്കാം. എപ്പോഴത്തെയും പോലെ എസ്ഡി കാര്‍ഡ് ഇടുന്നതിന് ഹൈബ്രിഡ് ട്രേ ആണ് ഷവോമി ഒരുക്കിയിരിക്കുന്നത്. അതിനാൽ രണ്ട് സിമ്മും ഒരുമിച്ച് ഉപയോഗിക്കുകയാണെങ്കിൽ എസ്ഡി കാര്‍ഡ് ഇടാൻ കഴിയില്ല.

3080 mAh ശേഷിയുള്ള ബാറ്ററി ആണ് ഷവോമി ഫോണിന് നൽകിയിരിക്കുന്നത്. യു.എസ്.ബി 2, യു.എസ്.ബി ടൈപ്പ് സി എന്നിവയുടെ സപ്പോർട്ട് എംഐ എവണ്ണിൽ ഉണ്ട്. കോമ്പസ്, പ്രോക്സിമിറ്റി, ഗൈറോ, ആക്സിലറോമീറ്റർ, ജിപിസ്, ഫിംഗർപ്രിന്റ് എന്നീ സെൻസറുകൾ ഫോണിലുണ്ട്. കണക്റ്റിവിറ്റിക്കായി വൈഫൈ, ബ്ലൂടൂത്ത്, എൻ.എഫ്.സി എന്നിവ കൂടാതെ ഒരു ഐആര്‍ ബ്ലാസ്റ്ററും ഇതില്‍ ഉള്‍പെടുത്തിയിട്ടുണ്ട്.

മികച്ച ശബ്ദാനുഭവം നല്‍കുന്നതിന് 10 വോള്‍ടിന്റെ പവര്‍ ആംപ്ലിഫെയര്‍ ഫോണിനുണ്ടാവും. ഇതിലുള്ള ഡിഎച്ച്എസ് ഓഡിയോ കാലിബ്രേഷന്‍ അല്‍ഗരിതവും സ്റ്റാന്‍ഡ് എലോണ്‍ ഓഡിയോ ആംപ്ലിഫെയറും മികച്ച ശബ്ദാനുഭവത്തിന് സഹായിക്കുന്നു.

ക്യാമറ

Xiaomi Mi A1 - Dual Camera

പിൻഭാഗത്തെ ഇരട്ട ക്യാമറയാണ് എംഐ എവണ്ണി ന്റെ പ്രധാന സവിശേഷത. അതിൽ ഒരെണ്ണം 12 മെഗാപിക്‌സലിന്റെ ടെലിഫോട്ടോ ലെന്‍സും മറ്റേത് 12 മെഗാപിക്‌സലിന്റെ വൈഡ് ആംഗിള്‍ ലെന്‍സുമാണ്. ഡിഎസ്എല്‍ആര്‍ ഗുണമേന്‍മയുള്ള ചിത്രങ്ങള്‍ പകര്‍ത്താനാവുന്ന ഈ ക്യാമറാ ഫോണ്‍ ഐഫോണ്‍ 7 പ്ലസിനേക്കാള്‍ മികച്ചതാണെന്ന് ഷവോമി അവകാശപ്പെടുന്നു.

ഐ ഫോൺ 7 പ്ലസിൽ ഉള്ളതുപോലെ പോർട്രേറ്റ് മോഡ് ഫോട്ടോ എടുക്കാൻ കഴിയും. ഫുൾ എച്ച്ഡി വീഡിയോ 30fps ലും എച്ച്ഡി വീഡിയോ 120fps ലും പിൻക്യാമറ ഉപയോഗിച്ച് എടുക്കാം. സെല്‍ഫികള്‍ക്കായി ലൈവ് ബ്യൂട്ടിഫിക്കേഷന്‍ മോഡ് ഉള്‍പ്പെടുത്തിയിട്ടുള്ള 5 മെഗാപിക്സല്‍ മുന്‍ക്യാമറ ആണ് ഉള്ളത്.

സോഫ്റ്റ്‌വെയർ

സ്റ്റോക്ക് ആന്‍ഡ്രോയ്ഡ് 7.1.2 നോഗട്ടില്‍ ആണ് ഈ ഫോൺ പ്രവര്‍ത്തിക്കുന്നത്. 2017 അവസാനത്തോട് കൂടി ആന്‍ഡ്രോയ്ഡ് ഒറിയോ അപ്ഡേറ്റ് ലഭിക്കുന്നതാണ്. അടുത്ത വര്‍ഷം പുറത്തിറങ്ങുന്ന ആന്‍ഡ്രോയ്ഡ് പി യുടെ അപ്ഡേഷനും ഗൂഗിൾ ഉറപ്പുനല്‍കുന്നുണ്ട്.

ഗൂഗിളിന്റെ തന്നെ അംഗീകൃത ആപ്പുകളായിരിക്കും ഫോണിലുണ്ടാവുക. ഒപ്പം ഷവോമിയുടെ എംഐ റിമോട്ട്, എംഐ ഫീഡ്ബാക്ക്, എംഐ സ്റ്റോർ എന്നീ ആപ്പുകളും ഉണ്ടാകും. ആപ്പുകള്‍ക്കെല്ലാം ഗൂഗിള്‍ പ്ലേ പ്രൊട്ടക്റ്റിന്റെ സംരക്ഷണമുണ്ടാവും. ഒപ്പം ഗൂഗിള്‍ ക്ലൗഡില്‍ അണ്‍ലിമിറ്റഡ് സ്റ്റോറേജും ഫോണില്‍ ലഭ്യമാവും.

ഫോണിന്റെ വില, ലഭ്യത

വളരെ മികച്ച ഹാർഡ്‌വെയർ കോൺഫിഗറേഷനും, അത്യാധുനിക ഫീച്ചറുകളും അതിലുപരി ഗൂഗിളിന്റെ സ്റ്റോക്ക് ആൻഡ്രോയിഡ് ഒ എസ്സും ഉള്ള ഈ ഫോണിന്റെ വില വെറും 14999 രൂപ മാത്രം ആണ്. സെപ്റ്റംബര്‍ 12 ന് ഉച്ചയ്ക്ക് 12 മണി മുതല്‍ ഫ്ലിപ്പ്കാര്‍ട്ട്‌, എംഐ ഇന്ത്യ വെബ്സൈറ്റുകൾ വഴി ഫോൺ ഓൺലൈനിൽ വാങ്ങാം.

കൂടാതെ ഷവോമിയുടെ സ്വന്തം എംഐ ഹോം സ്‌റ്റോറുകൾ, പ്രമുഖ റീട്ടെയ്ല്‍ സ്റ്റോറുകൾ ( സംഗീത, പൂര്‍വികാ, ബിഗ്‌ സി, ലോട്ട്, യൂണിവേഴ്സല്‍, ഇ-സോണ്‍, ക്രോമ, വിജയ്‌ സെയ്ല്‍സ്) വഴി ഓഫ്‌ലൈനായും ഈ സ്മാര്‍ട്ട്‌ഫോണ്‍ സ്വന്തമാക്കാം. കേരളത്തിൽ ഫോൺ 4, മൈജി , 3ജി ഷോപ്പുകൾ വഴി ഫോൺ ലഭിക്കുന്നതാണ്

സവിശേഷതകൾ ഒറ്റനോട്ടത്തിൽ

ഡിസ്പ്ലേ 5.5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേ (1080 x 1920 പിക്സൽസ്), 2.5D കോർണിങ് ഗൊറില്ല ഗ്ലാസ് സംരക്ഷണം
ഹാർഡ്‌വെയർ 2 GHz 64 ബിറ്റ് ഒക്റ്റാ കോർ സ്നാപ്പ്ഡ്രാഗൺ 625 പ്രോസസ്സർ.
ഒഎസ്സ് ആൻഡ്രോയ്ഡ് 7.1.2 നോഗട്ട്, സ്റ്റോക്ക് ആൻഡ്രോയ്ഡ് യുഐ
മെമ്മറി, സ്റ്റോറേജ് 4 ജിബി റാം, 64 ജിബി നിർമ്മിത സ്റ്റോറേജ്. മൈക്രോ എസ് ഡി കാർഡ് ഉപയോഗിച്ച് മെമ്മറി 128 ജിബി വരെ ഉയർത്താവുന്നതാണ്.
പിൻ ക്യാമറ 12 മെഗാപിക്സൽ wide angle ലെൻസ് + 12 മെഗാപിക്സൽ telephoto ലെൻസ് (ഇരട്ട ക്യാമറ), ഫ്ലാഷ്
മുൻ ക്യാമറ 5 മെഗാപിക്സൽ
കണക്റ്റിവിറ്റി , സിം ഇരട്ട സിം, രണ്ടിലും 4G VoLTE സപ്പോർട്ട് , വൈഫൈ, ബ്ലൂടൂത്ത്, എൻഎഫ്സി, ഇൻഫ്രാ റെഡ് ബീം
സെൻസറുകൾ കോമ്പസ്, പ്രോക്സിമിറ്റി, ഗൈറോ, ആക്സിലറോമീറ്റർ, ജിപിസ്, ഫിംഗർപ്രിന്റ്
ബാറ്ററി 3080 mAh
നിറങ്ങൾ മാറ്റ് ബ്ലാക്, ഗോൾഡ്, റോസ് ഗോൾഡ്
ഫിംഗർപ്രിന്റ് സെൻസർ ഫോണിന്റെ പിൻഭാഗത്ത്
വില Rs. 14,999/-

എതിരാളികൾ

വിപണിയിൽ മോട്ടോ ജി5എസ് പ്ലസ്, നോക്കിയ 6, കൂൾപാഡ് കൂൾ പ്ലേ, ലെനോവോ കെ8 നോട്ട് എന്നീ ഫോണുകളുമായിട്ടായിരിക്കും മത്സരിക്കേണ്ടി വരിക. ഷവോമിയുടെ ഒട്ടുമിക്ക ബഡ്ജറ്റ് ഫോണുകളിൽ വരെ ബാറ്ററി കപ്പാസിറ്റി 4000 എംഎഎച്ച് ഉണ്ട്. എംഐ എവണ്ണിൽ ബാറ്ററി 3080 എംഎഎച്ച് മാത്രമേ ഉള്ളൂ എന്നത് ഒരു പോരായ്മായാണ്.

വിരാമതിലകം

വളരെ കുറഞ്ഞ വിലക്ക് നല്ല ബിൽഡ് ക്വാളിറ്റി, മികച്ച ഹാർഡ്‌വെയർ, സ്റ്റോക്ക് ഒഎസ്സ് തുടങ്ങി ഉയർന്ന മൂല്യങ്ങൾ ആണ് എംഐ എവൺ നിങ്ങൾക്ക് നൽകുന്നത്. ആൻഡ്രോയ്ഡ് വൺ സരംഭത്തിൻ കീഴിൽ ഉണ്ടാക്കിയതിൽ വെച്ച് ഏറ്റവും മികച്ച ഫോൺ ആയിട്ടാണ് ഗൂഗിൾ എംഐ എവണ്ണിനെ വിശേഷിപ്പിക്കുന്നത്.

ഷവോമി ഇന്ത്യൻ വിപണിയിൽ കൂടുതൽ ആഴ്‌ന്നിറങ്ങാൻ വേണ്ടി മറ്റുള്ളവരെക്കാൾ ഒരു മുളം മുന്നേ എറിഞ്ഞിരിക്കുകയാണ്. ഷവോമിയെ പോലെ നോക്കിയ, ലെനോവോ, ഹോണർ എന്നീ വമ്പന്മാർ ആൻഡ്രോയ്ഡ് വൺ കുടക്കീഴിലേക്ക് വരുമോ എന്ന് കണ്ടറിയാം. എന്തായാലും ബിൽഡ് ക്വാളിറ്റി, മികച്ച ഹാർഡ്‌വെയർ എന്നിവക്ക് കൂടെ ആൻഡ്രോയ്ഡ് ഒഎസ്സിന്റെ ഏറ്റവും പുതിയ പതിപ്പ്, സുരക്ഷാ അപ്ഡേറ്റുകൾ തുടങ്ങിയവ വളരെ വേഗത്തിൽ എത്തിക്കുന്നവർക്ക് ആകും മുൻഗണന.

15000 രൂപയോ അതിൽ താഴെ വിലയുള്ള ഒരു ആൻഡ്രോയ്ഡ് ഫോൺ ആണോ നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നത് എങ്കിൽ നിങ്ങൾക്ക് ഷവോമി എംഐ എവൺ കണ്ണും പൂട്ടി വാങ്ങാം.

Leave a Reply