മലയാളം ഉള്‍പ്പെടെ 82 ഭാഷകളെ പിന്തുണച്ച് ഗൂഗിളിന്റെ പുതിയ ഹാന്‍ഡ്‌റൈറ്റിങ് ഇന്‍പുട്ട് ആപ്പ്

ആന്‍ഡ്രോയ്ഡ് ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ക്കായി മലയാളം ഉള്‍പ്പെടെ 82 ഭാഷകളെ പിന്തുണയ്ക്കുന്ന ‘ഗൂഗിള്‍ ഹാന്‍ഡ്‌റൈറ്റിങ് ഇന്‍പുട്ട് ‘ (Google Handwriting Input) ആപ്പ് ഗൂഗിള്‍ പുറത്തിറക്കി. മലയാളത്തിന് പുറമെ ഹിന്ദി, ബംഗാളി, ഗുജറാത്തി, കന്നഡ, മറാത്തി, പഞ്ചാബി, തമിഴ്‌, തെലുങ്ക് എന്നീ ഇന്ത്യന്‍ ഭാഷകളെയും ഈ ആപ്പ് പിന്തുണയ്ക്കുന്നുണ്ട്. ആന്‍ഡ്രോയ്ഡിന്റെ 4.0.3 വേര്‍ഷന്‍ മുതല്‍ ഉള്ള ഉപകരണങ്ങളില്‍ ഈ സംവിധാനം പ്രവര്‍ത്തിക്കും. ഏപ്രില്‍ 15 ന് പുറത്തിറങ്ങിയ ഈ ടൂളിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്.

Google Handwriting Input

ചെറിയ സ്‌ക്രീനില്‍ കീബോര്‍ഡുകളില്‍ ടൈപ്പ് ചെയ്യല്‍ അധികമാളുകള്‍ക്കും അല്‍പ്പം ശ്രമകരമായ ജോലിയാണ്. ശരിയായ കീയില്‍ അമര്‍ത്താന്‍ കൂടുതല്‍ ശ്രദ്ധചെലുത്തേണ്ടി വേണ്ടിവരും. വോയിസ്‌ ഇന്‍പുട്ട് ആണ് മറ്റൊരു മാര്‍ഗ്ഗം. ശബ്ദകോലാഹലമുള്ള ചുറ്റുപാടില്‍ ഇത് പ്രായോഗികമല്ല. അത്തരം ബുദ്ധിമുട്ടുകളൊന്നും കൂടാതെ മൊബൈലുകളിലും ടാബിലും മലയാളമടക്കമുള്ള 82 ഭാഷകളില്‍ എഴുതാന്‍ ഗൂഗിളിന്റെ പുതിയ ആപ്പ് സഹായിക്കുന്നു.

ഈ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താല്‍ ഇന്റര്‍നെറ്റിന്റെ സഹായമില്ലാതെ കൈകൊണ്ടും, സ്‌റ്റൈലസ് (മൊബൈല്‍ ഫോണുകളിലും ടാബ് ലറ്റ് ഫോണുകളിലും എഴുതാന്‍ ഉപയോഗിക്കുന്ന പെന്‍) ഉപയോഗിച്ചും എഴുതാന്‍ കഴിയും. ആകെ ചെയ്യേണ്ടത് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുക, തുടര്‍ന്ന്‍ ഹാന്‍ഡ്‌റൈറ്റിങ് ഇന്‍പുട്ട് കീബോര്‍ഡ് എനാബിള്‍ ചെയ്യുക. തുടര്‍ന്ന്‍ എഴുതേണ്ട ഭാഷകള്‍ തെരഞ്ഞെടുക്കുക, എന്നിട്ട് ആ ഭാഷ പാക്കുകള്‍ ഡൗണ്‍ലോഡ് ചെയ്യുക.

ഗൂഗിള്‍ ഹാന്‍ഡ്‌റൈറ്റിങ് ഇന്‍പുട്ട് ആപ്പ് ഈ ലിങ്ക് https://play.google.com/store/apps/details?id=com.google.android.apps.handwriting.ime സന്ദര്‍ശിച്ചാല്‍ നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാം.

Leave a Reply