അഭ്യൂഹങ്ങള്‍ക്ക് വിട സാംസങ്ങ് ഗാലക്‌സി എസ് 5 എത്തി

സാംസങ്ങിന്റെ ഏറ്റവും പുതിയ മുന്‍നിര ഫോണായ ഗാലക്‌സി എസ് 5 പുറത്തിറങ്ങി. ബാഴ്‌സലോണയില്‍ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സില്‍ സാംസങ്ങ് സിഇഒ ജെ.കെ. ഷിന്‍ ആണ് ഗാലക്‌സി എസ് 5 സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിച്ചത്. ബാഴ്‌സലോണയിലെ മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ്സില്‍ മിക്കവരും ആകാംക്ഷയോടെ കാത്തിരുന്ന ഒരു സ്മാര്‍ട്ട്‌ഫോണ്‍ ആണിത്.

Samsung Galaxy S5

5.1 ഇഞ്ച് വലിപ്പമുള്ള ഫുള്‍ എച്ച്ഡി സൂപ്പര്‍ അമോലെഡ് (1920 x 1080) ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. അതിനാല്‍ ഈ ഫോണിനെ നമുക്ക് ഫാബ്‌ലറ്റ് വിഭാഗത്തില്‍ ഉള്‍പെടുത്താം. ഗാലക്‌സി എസ് 5ന്റെ എടുത്ത് പറയേണ്ട സവിശേഷതകള്‍ ഇവയാണ് – മെച്ചപ്പെട്ട ക്യാമറ, വേഗതയേറിയ കണക്ടിവിറ്റി സൗകര്യങ്ങള്‍, ആരോഗ്യസംരക്ഷണം മുന്‍നിര്‍ത്തിയുള്ള സവിശേഷ ഫിറ്റ്‌നെസ്സ് സങ്കേതങ്ങള്‍ , വിരലടയാള സ്കാനര്‍, പൊടിയെയും വെള്ളത്തെയും ചെറുക്കാനുള്ള ശേഷി.

Samsung Galaxy S5 Group

ആന്‍ഡ്രോയഡ് 4.4.2 (കിറ്റ്കാറ്റ്) ഒഎസിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 2.5 GHz ക്വാഡ്-കോര്‍ പ്രൊസസറും ഒപ്പം 2 ജിബി റാമും ഫോണിനെ കരുത്തുറ്റതാക്കുന്നു. ഫോണിന്റെ 16 ജിബി, 32 ജിബി ഇന്റേണല്‍ സ്‌റ്റോറേജുള്ള രണ്ട് മോഡലുകളായാണ് എത്തുക. 64 ജിബി കാര്‍ഡുപയോഗിച്ച് മെമ്മറി വര്‍ധിപ്പിക്കുകയുമാകാം.

ഗാലക്‌സി എസ് 5 ലുള്ളത് 16 മെഗാപിക്‌സല്‍ ക്യാമറയാണ്. ലോകത്തെ ഏറ്റവും കൂടിയ ഓട്ടോഫോക്കസ് സ്പീഡ് (0.3 സെക്കന്‍ഡ് വരെ) ആണ് ക്യാമറയ്ക്ക് സാംസങ്ങ് അവകാശപ്പെടുന്നത്. ‘സെലക്ടീവ് ഫോക്കസ്’ എന്ന ഫീച്ചറുപയോഗിച്ച്, ക്യാമറ ഫ്രെയിമിലുള്ള വസ്തുവിന്റെ ചില പ്രത്യേകഭാഗം മാത്രം ഫോക്കസ് ചെയ്യാനും, മറ്റ് ഭാഗം മുഴുവന്‍ മങ്ങിയതാക്കാനും കഴിയും. കൂടാതെ 2.1 മെഗാപിക്‌സല്‍ മുന്‍ക്യാമറയും ഫോണിലുണ്ട്.

Samsung Galaxy S5 Black

2800 mAh ബാറ്ററി ഫോണിന്റെ ഒരു പോരായ്മയാണ്. 21 മണിക്കൂര്‍ സംസാരസമയവും, 390 മണിക്കൂര്‍ സ്റ്റാന്‍ഡ്‌ബൈയുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ബാറ്ററി ആയുസ്സ്. അള്‍ട്രാ പവര്‍ സേവിങ് മോഡ് വഴി ബാറ്ററിയിലെ ചാര്‍ജിന്റെ ഉപയോഗം കുറയ്ക്കാനാകും. 4ജി എല്‍ടിഇ, വൈഫൈ, എഎന്‍ടി പ്ലസ്, ബ്ലൂടൂത്ത്, യുഎസ്ബി 3.0, എന്‍എഫ്‌സി, കൂടാതെ ഇന്‍ഫ്രാറെഡ് റിമോട്ട് ഫങ്ഷനാലിറ്റിയുമുണ്ട് ഇതില്‍.

ആരോഗ്യ സംരക്ഷണത്തിന് സഹായകമാകുന്ന സങ്കേതങ്ങള്‍ ഇതിലുണ്ട്. ക്യാമറയ്ക്കടുത്തായി ഒരു ഹാര്‍ട്ട് റേറ്റ് സെന്‍സര്‍ സ്ഥാപിച്ചിരിക്കുന്നു. ഗാലക്സി ഗിയര്‍ സ്മാര്‍ട്ട്‌ വാച്ചിന്റെ പുതിയ പതിപ്പുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ഇതിന് കഴിയും. ഇതുവഴി ഗാലക്‌സി എസ് 5ന് മെച്ചപ്പെട്ട ആരോഗ്യ സംരക്ഷണ ആപ്പുകള്‍ നിമ്മിക്കാന്‍ കഴിയും. ഫോണ്‍ സുരക്ഷക്കായി വിരലടയാള സ്കാനര്‍ സാംസങ്ങ് ഈ ഫോണില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സുരക്ഷിതമായ ബയോമെട്രിക് സ്‌ക്രീന്‍ ലോക്കിങ് ഫീച്ചര്‍ ഇതുവഴി ലഭിക്കുന്നു. ഹോംബട്ടനിലാണ് വിരലടയാള സ്‌കാനര്‍ സ്ഥാപിച്ചിട്ടുള്ളത്.

കറുപ്പ്, വെളുപ്പ്, നീല, സുവര്‍ണ നിറങ്ങളില്‍ ഗാലക്‌സി എസ് 5 ലഭ്യമാകും. ഫോണിന്റെ വിലയെക്കുറിച്ച് കൂടുതല്‍ വിവരം സാംസങ്ങ് പുറത്തുവിട്ടിട്ടില്ല. ഏപ്രില്‍ 11 ന് 150 രാജ്യങ്ങളില്‍ ഗാലക്‌സി എസ് 5 വില്‍പ്പനയ്‌ക്കെത്തും.

Leave a Reply