10 വയസ് തികഞ്ഞ് ഫെയ്സ്ബുക്ക്

Posted on Feb, 04 2014,ByArun

ലോകത്തെ മാറ്റിമറിച്ച സോഷ്യല്‍ നെറ്റ്വര്‍ക്കിങ്ങ് വെബ്സൈറ്റായ ഫെയ്സ്ബുക്കിന് 10 വയസ് തികഞ്ഞു. എഡ്വേര്‍ഡോ സാവെറിന്‍, ആന്‍ഡ്രൂ മെക്കല്ലം, ഡെസ്റ്റിന്‍ മോസ്‌കോവിറ്റ്‌സ്, ക്രിസ് ഹ്യൂഗസ് എന്നീ സുഹൃത്തുക്കളുമായി ചേര്‍ന്ന് 2004 ഫെബ്രുവരി 4നാണ് മാര്‍ക്ക്‌ സുക്കര്‍ബര്‍ഗ് ഫെയ്സ്ബുക്ക് തുടങ്ങിയത്. ഹാര്‍വാഡ് സര്‍വ്വകലാശാലയിലെ തന്റെ കിടപ്പ്മുറിയില്‍ ഇരുന്ന്‍ ഫെയ്സ്ബുക്കിന് രൂപം നല്‍കുമ്പോള്‍ മാര്‍ക്കിന് വയസ് വെറും 19 ആയിരുന്നു.

10 years of facebook

ഫെയ്സ്ബുക്ക് തുടങ്ങുമ്പോള്‍ അതിന്റെ പേര് thefacebook എന്നായിരുന്നു. തുടക്കത്തില്‍ ഹാര്‍വാഡ് സര്‍വ്വകലാശാലയില്‍ പഠിച്ചവര്‍ക്ക് മാത്രമേ അതില്‍ അക്കൗണ്ട്‌ തുടങ്ങാന്‍ കഴിഞ്ഞിരുന്നുള്ളൂ. പിന്നീട് ഫെയ്സ്ബുക്കിന്റെ വാതില്‍ അമേരിക്കയിലെ മറ്റ് സര്‍വ്വകലാശാലകള്‍ക്കും തുറന്നുകൊടുത്തു. ആര്‍ക്കും അംഗമാകാവുന്ന രീതിയില്‍ ഫെയ്സ്ബുക്ക് മാറിയത് 2006ലായിരുന്നു. Winklevoss സഹോദരന്‍മാരുടെ ആശയം അടിച്ചുമാറ്റിയാണ് മാര്‍ക്ക്‌ ഫെയ്സ്ബുക്ക് തുടങ്ങിയത് എന്നൊരു ചീത്തപേരുണ്ട്.

Facebook Old Look

ഇന്ന് ഏതാണ്ട് 170ന് മുകളില്‍ രാജ്യങ്ങളില്‍ 125 കോടി പേരാണ് ഫേസ്ബുക്കില്‍ അംഗങ്ങളായി ഉള്ളത്. 7.87 ബില്യണ്‍ അമേരിക്കന്‍ ഡോളറാണ് വാര്‍ഷിക വരുമാനം. ഗൂഗിള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പേര്‍ സന്ദര്‍ശിക്കുന്ന വെബ്സൈറ്റാണ് ഫെയ്സ്ബുക്ക്. ഫെയ്സ്ബുക്ക് അംഗങ്ങളില്‍ 70 ശതമാനത്തോളം പേര്‍ അമേരിക്കക്ക് പുറത്തുള്ളവര്‍ ആണ്. ഫെയ്സ്ബുക്ക് ഉപയോഗിക്കുന്നവരുടെ എണ്ണത്തില്‍ ഇപ്പോള്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ഇന്ത്യയാണ്.

അടുത്ത കാലത്ത് വിവിധ രാജ്യങ്ങളില്‍ ഏകാധിപത്യ ഭരണകൂടങ്ങള്‍ക്കെതിരെ യുവജനതയുടെ വന്‍പങ്കാളിത്തത്തോടെ നടന്ന വിപ്ലവങ്ങളുടെ മുഖ്യ ചാലകങ്ങളായി വര്‍ത്തിച്ചത് ഫെയ്സ്ബുക്ക് അടക്കമുള്ള ഇന്റര്‍നെറ്റ് മാധ്യമങ്ങളായിരുന്നു. ഇവയില്‍ ഈജിപ്തിലെ ഏപ്രില്‍ 6 യുവജനപ്രസ്ഥാനം തികഞ്ഞ ഒരു ഫെയ്സ്ബുക്ക് ഉപയോക്തൃകൂട്ടായ്മ തന്നെയായിരുന്നു. എന്നാല്‍ പൊതുസമൂഹത്തിന് ഗുണപരമല്ലാത്ത രീതിയിലുള്ള സംഘടിക്കലുകള്‍ക്കും ഫേസ്‌ബുക്ക് വഴിയൊരുക്കിയിട്ടുണ്ട്. 2011 ഓഗസ്റ്റില്‍ ലണ്ടനിലും സമീപ നഗരങ്ങളിലും നടന്ന കലാപങ്ങളില്‍ അക്രമികള്‍ തങ്ങള്‍ക്ക് സംഘം ചേരുവാനും പദ്ധതികള്‍ ആസൂത്രണം ചെയ്യുവാനുമുള്ള ഉപാധിയായി ഫെയ്സ്ബുക്കിനെ ഉപയോഗപ്പെടുത്തി എന്ന ആരോപണവും ഉയര്‍ന്നു വന്നിട്ടുണ്ട്.

നിലവില്‍ ഫെയ്സ്ബുക്കിന്റെ വരുമാനത്തില്‍ അധികവും വരുന്നത് മൊബൈല്‍ ഫെയ്സ്ബുക്ക് വഴിയുള്ള പരസ്യത്തില്‍ നിന്നാണ്. മൊബൈലിന്റെ സാധ്യത മനസിലാക്കിയ മാര്‍ക്ക്‌ മൊബൈല്‍ കേന്ദ്രീകൃത സേവങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. അതിനുള്ള ഏറ്റവും അവസാനത്തെ ഉദാഹരണം പേപ്പര്‍ എന്ന മൊബൈല്‍ ന്യൂസ്‌ റീഡര്‍ അപ്ലിക്കേഷനാണ്.

സംഗതി ഇതൊക്കെയാണെങ്കിലും ടെക്നോളജി വിദഗ്ദ്ധര്‍ പലരും ഫെയ്സ്ബുക്കിന്റെ ആസന്ന മരണം കാണുന്നു. ചെറുപ്പക്കാര്‍ പ്രത്യേകിച്ച് കൗമാര പ്രായക്കാര്‍ ഫെയ്സ്ബുക്ക് ഉപേക്ഷിച്ച് മറ്റിടങ്ങള്‍ തേടി പോകുകയാണെന്നാണ് പുതിയ നിരീക്ഷണം. അതികപേരും ചേക്കേരുന്നത് വാട്ട്സാപ്പ്, സ്നാപ്പ്ചാറ്റ് തുടങ്ങിയ മൊബൈല്‍ അപ്ലിക്കേഷനുകളിലേക്കാണ്.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക