സ്മാര്‍ട്ട് ഫോണ്‍ ഉപയോക്തക്കള്‍ക്ക് ഫേസ്ബുക്കിനെക്കാള്‍ പ്രിയം വാട്സ് ആപ്പിനോട്

Posted on Dec, 03 2013,ByArun

സ്മാര്‍ട്ട് ഫോണില്‍ ഫേസ്ബുക്കിനെക്കാള്‍ കേമന്‍ വാട്സ് ആപ്പ് ആണെന്നാണ് ഏറ്റവും പുതിയ സര്‍വ്വേ ഫലങ്ങള്‍ തെളിയിക്കുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ വഴി ഇന്‍സ്റ്റന്റ് മെസേജുകള്‍ കൈമാറാന്‍ ഫേസ്‌ബുക്കിന്റെ മെസഞ്ചര്‍ അപ്ലിക്കേഷനേക്കാള്‍ കൂടുതല്‍ ആളുകള്‍ വാട്‌സ് ആപ്പിനെ ആശ്രയിക്കുന്നതായാണ് സര്‍വ്വേഫലം പറയുന്നത്.

Whatsapp logo

ലോകത്തിലെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗം കൂടിയ അഞ്ച് രാജ്യങ്ങളിലാണ് സര്‍വ്വേ നടത്തിയത്. ഒക്‌ടോബര്‍ 25 നും നവംബര്‍ 10 നും ഇടയില്‍ അമേരിക്ക, ബ്രസീല്‍, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ, ചൈന എന്നീ രാജ്യങ്ങളിലെ ഐഒഎസ് അല്ലെങ്കില്‍ ആന്‍ഡ്രോയ്ഡ് ഒഎസുകളില്‍ അധിഷ്ഠിതമായ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിക്കുന്ന 3,759 പേരിലായിരുന്നു സര്‍വേ നടന്നത്‌.

ഒരു ആഴ്ചയില്‍ ഏതൊക്കെ മൊബൈല്‍ മെസ്സേജിങ്ങ് അപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നുണ്ട് എന്നായിരുന്നു സര്‍വ്വേയിലെ ചോദ്യം. 44 ശതമാനം സ്‌മാര്‍ട്ട് ഫോണ്‍ ഉപയോക്‌താക്കള്‍ ആഴ്‌ചയില്‍ ഒരിക്കലെങ്കിലും വാട്‌സ് ആപ്‌ ഉപയോഗിക്കാറുണ്ട്‌. എന്നാല്‍ ആഴ്‌ചയില്‍ ഒരിക്കലെങ്കിലും ഫേസ്‌ബുക്ക്‌ മെസഞ്ചര്‍ ഉപയോഗിക്കുന്നവര്‍ വെറും 35 ശതമാനമാണ്‌. അമേരിക്കയിലെ 16 നും 24 നും പ്രായക്കാര്‍ക്കിടയില്‍ സ്‌നാപ്‌ചാറ്റ് എന്ന മെസേജ് അപ്ലികേഷന് പ്രചാരമേറുന്നതായി സര്‍വേ കണ്ടെത്തി.

28 ശതമാനം ആളുകള്‍ ആഴ്‌ചയില്‍ ഒരു തവണയെങ്കിലും വിചാറ്റ് ഉപയോഗിക്കുന്നുണ്ട്. അതില്‍ ഭൂരിഭാഗവും ചൈനയില്‍ നിന്നാണ്. 17 ശതമാനം ഉപഭോക്താക്കളുമായി ബിബിഎം മെസഞ്ചര്‍ തൊട്ടുപിറകില്‍ ഉണ്ട്. അവരുടെ ഭൂരിപക്ഷം ഉപഭോക്താക്കളും ഇന്തോനേഷ്യ, സൗത്ത്‌ ആഫ്രിക്ക എന്നിവടങ്ങളില്‍ നിന്നും ആണ്.

ട്വിറ്ററിനെ കടത്തിവെട്ടിയതായി ഏപ്രിലില്‍ വാട്‌സ്ആപ്പ്‌ ചീഫ്‌ എക്‌സിക്യുട്ടീവ്‌ യാന്‍ കൗം വ്യക്‌തമാക്കിയിരുന്നു. അടുത്തിടെ വോയ്‌സ് മെസേജ്‌ സേവനം കൂടി അവതരിപ്പിച്ച വാട്‌സ് ആപ്പ്‌ മാസംതോറും ലോകമൊട്ടുക്കെ ഉപയോഗിക്കപ്പെടുന്നവരുടെ എണ്ണം 300 ദശലക്ഷമാണ്‌.

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക