അഭ്യൂഹങ്ങള്‍ക്ക് ഒരറുതി വരുത്തി ഐഫോണ്‍ 5S, ഐഫോണ്‍ 5C എന്നീ ഫോണുകള്‍ ആപ്പിള്‍ അവതരിപ്പിച്ചു

Posted on Sep, 11 2013,ByArun

അമേരിക്കയിലെ കാലിഫോര്‍ണിയയിലെ ആസ്ഥാനമന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ആപ്പിള്‍ ഐഫോണ്‍ 5S, ഐഫോണ്‍ 5C എന്നീ രണ്ട് പുതിയ ഫോണുകള്‍ അവതരിപ്പിച്ചു. ഈ ഫോണുകളെ കുറിച്ച് സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച അഭ്യൂഹങ്ങള്‍ ഏറെയും ശരിയായിരുന്നു. പുതിയ സവിശേഷതകള്‍ കൂട്ടിചേര്‍ത്ത വിലകൂടിയ മോഡല്‍ ആണ് ഐഫോണ്‍ 5S. സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ സാംസങ്ങ് പോലെയുള്ള കമ്പനികള്‍ ഉയര്‍ത്തുന്ന വെല്ലുവിളി നേരിടാന്‍ ഉള്ള വില കുറഞ്ഞ മോഡല്‍ ആണ് ഐഫോണ്‍ 5C.

iPhone5s Gold

ഫോണുകളിലെ ഗോള്‍ഡ്‌ സ്റ്റാന്‍ഡേര്‍ഡ് ആണ് ഐഫോണ്‍ 5S എന്നാണ് ഐഫോണ്‍ 5S അവതരിപ്പിച്ച് കൊണ്ട് ആപ്പിള്‍ പറഞ്ഞത്. 64 ബിറ്റ് A7 ചിപ്പ് ആണ് ആപ്പിള്‍ ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. 64 ബിറ്റ് ചിപ്പ് ഉപയോഗിക്കുന്ന ലോകത്തിലെ ആദ്യത്തെ ഫോണ്‍ ആണ് ഐഫോണ്‍ 5S. നിലവില്‍ വേറൊരു ഫോണിലും 64 ബിറ്റ് ചിപ്പ് ഇല്ല. ഈ പുതിയ ചിപ്പില്‍ ഏകദേശം 1 ബില്ല്യണ്‍ ട്രാന്‍സിസ്റ്ററുകള്‍ ഉണ്ട്. ഇതില്‍ 64 ബിറ്റ് അപ്ലിക്കേഷന്‍ മാത്രമല്ല 32 ബിറ്റ് അപ്ലിക്കേഷനും പ്രവര്‍ത്തിക്കും.

iphone5s

ഫിന്ഗര്‍ പ്രിന്റ്‌ സെന്സറോട് കൂടിയാണ് ഐഫോണ്‍ 5S വരുന്നത്. ടച്ച്‌ ഐഡി എന്നാണ് ആപ്പിള്‍ ഇതിനെ പറയുന്നത്. ഫോണിന്റെ ഹോം ബട്ടനോട് ചേര്‍ത്താണ് ഫിന്ഗര്‍ പ്രിന്റ്‌ റീഡര്‍ ഘടിപ്പിച്ചിരിക്കുന്നത്. ലേസര്‍ കൊണ്ട് മുറിച്ച സഫെയര്‍ ക്രിസ്റ്റലും, കാപാസിറ്റീവ് ടച്ച്‌ സെന്‍സറും ചേര്‍ന്നതാണ് ഫിന്ഗര്‍ പ്രിന്റ്‌ റീഡര്‍. വിരലടയാള വിവരങ്ങള്‍ സൂക്ഷിക്കുന്നത് ആപ്പിള്‍ സെര്‍വറിലോ, ഐക്ലൌഡിലോ അല്ല മറിച്ചു എന്‍ക്രിപ്റ്റ് ചെയ്ത് ഐഫോണ്‍ 5S ലെ A7 ചിപ്പിലാണ് സൂക്ഷിക്കുന്നത്. ഇനിമുതല്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്യാന്‍ സ്ക്രീന്‍ സ്വയ്പ്പ് ചെയ്യേണ്ട ആവശ്യം ഇല്ല ഹോം ബട്ടണ്‍ ടച്ച്‌ ചെയ്ത് അണ്‍ലോക്ക് ചെയ്യാം. ഐട്യൂണ്‍സ് സ്റ്റോറില്‍ നിന്നും വാങ്ങാന്‍ ഇനി ഫിന്ഗര്‍ പ്രിന്റര്‍ റീഡര്‍ ഉപയോഗിക്കാം.

iPhone5s

പഴയ ഐഫോണുമായി താരതമ്യം ചെയ്യുമ്പോള്‍ ഐഫോണ്‍ 5S രണ്ട് ഇരട്ടി വേഗതയേറിയതാണ്. പഴയതിനേക്കാള്‍ രണ്ട് ഇരട്ടി വേഗത്തില്‍ ഗ്രാഫിക്സ് കൈകാര്യം ചെയ്യാനും കഴിയും. നെക്സസ് 7 നെ പോലെ ഓപ്പണ്‍ ജിഎല്‍ ഇഎസ് 3 ഐഫോണ്‍ 5S സപ്പോര്‍ട്ട് ചെയ്യും. ഇത് കൂടുതല്‍ വ്യക്തയാര്‍ന്ന ഗെയിമിങ്ങ് അനുഭവം നല്‍കും. M7 എന്ന ഒരു പുതിയ ചിപ്പും ഈ ഫോണില്‍ ഉണ്ട്. ഫോണിന്റെ ചലനങ്ങള്‍ കൂടുതല്‍ സൂക്ഷമതയോടെ നിരീക്ഷിക്കാന്‍ വേണ്ടിയാണിത്. ആക്സിലറോമീറ്റര്‍, ഗൈറോസ്കോപ്, കോമ്പസ് എന്നിവയില്‍ നിന്ന് ഉള്ള വിവരങ്ങള്‍ കൂടുതല്‍ സൂക്ഷമതയോടെ വിശകലനം ചെയ്യാനും ഇതിന് കഴിയും. പുതിയ തലമുറ ഹെല്‍ത്ത്‌ അപ്ലിക്കേഷനുകള്‍ക്ക് ആണ് ഇത് തുടക്കംകുറിക്കുന്നത്.

8 മെഗാപിക്സല്‍ ആണ് ഐഫോണ്‍ 5Sന്റെ പിന്‍ക്യാമറ. ആപ്പിളിന് ഫോണിലെ മെഗാപിക്സല്‍ ‘യുദ്ധത്തില്‍’ താല്‍പ്പര്യം ഇല്ല എന്നാണ് ഇത് വ്യക്തമാക്കുന്നത്. ഡ്യുല്‍ എല്‍ഇഡി ഫ്ലാഷും ഫോണില്‍ ഉണ്ട്. ട്രൂ ടോണ്‍ ഫ്ലാഷ് എന്നാണ് ആപ്പിള്‍ ഇതിനെ വിളിക്കുന്നത്‌. വെള്ള, ആംബര്‍ നിറങ്ങളോട് കൂടിയ ഫ്ലാഷ് ആണിത്. ഫോട്ടോ എടുക്കുന്ന സ്ഥലത്തെ വെളിച്ചത്തിന്റെ അളവ് അനുസരിച്ച് ഫ്ലാഷിലെ വെളിച്ചത്തിന്റെ നിറം ക്രിമീകരിച്ച് കൂടുതല്‍ മിഴിവാര്‍ന്ന ചിത്രങ്ങള്‍ നല്‍ക്കാന്‍ ഈ ക്യാമറക്ക് കഴിയും.

ഓട്ടോ ഇമേജ് സ്റ്റബിലൈസേഷന്‍ എന്നൊരു പുതിയ സവിശേഷതയും ഐഫോണ്‍ 5Sല്‍ ഉണ്ട്. ഇത് പ്രകാരം ഒന്നില്‍ കൂടുതല്‍ ഫോട്ടോകള്‍ ഒരേസമയം എടുക്കാന്‍ കഴിയും, എന്നിട്ട് ഓരോ ഇമേജിലെയും വ്യക്തമായ ഭാഗങ്ങള്‍ കൂട്ടിചേര്‍ത്ത് കൂടുതല്‍ മിഴിവാര്‍ന്ന ചിത്രം തരുന്നു. 250 മണിക്കൂര്‍ സ്റ്റാന്റ് ബൈ സമയം ആണ് ഐഫോണ്‍ 5S ലെ ബാറ്ററി വാഗ്ദാനം ചെയ്യുന്നത്.

ഐഫോണ്‍ 5S 16 ജിബി പതിപ്പിന് 199 ഡോളറും, 32 ജിബി പതിപ്പിന് 299 ഡോളറും, 64 ജിബി പതിപ്പിന് 399 ഡോളറും ആണ് വില. ഇവ മൂന്നും രണ്ട് വര്‍ഷത്തെ കോണ്‍ട്രാക്റ്റോട് കൂടിയേ കിട്ടൂ. സില്‍വര്‍, ഗോള്‍ഡ്‌, സ്പേസ് ഗ്രേ എന്നീ നിറങ്ങളില്‍ ഐഫോണ്‍ 5S വിപണിയില്‍ ഇറങ്ങും.

ഐഫോണ്‍ 5Cക്ക് കരുത്ത് പകരുന്നത് ആപ്പിളിന്റെ A6 പ്രോസസ്സര്‍ ആണ്. 8 മെഗാ പിക്സല്‍ ക്യാമറയാണ് ഫോണിന് നല്‍കിയിരിക്കുന്നത്. നിര്‍മ്മാണ ചിലവ് കുറക്കുന്നതിന്റെ ഭാഗമായി പോളികാര്‍ബനേറ്റ് പ്ലാസ്റ്റിക് പുറംചട്ടയുള്ള മെറ്റല്‍ ഫ്രെയിം ആണ് ഐഫോണ്‍ 5C യില്‍ ഉപയോഗിച്ചിരിക്കുന്നത്. പച്ച മഞ്ഞ, നീല, വെള്ള, ചുവപ്പ് എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. ഈ ഫോണിന് വേണ്ടി വിവിധ നിറങ്ങളില്‍ മനോഹരമായ കേസ് ആപ്പിള്‍ തന്നെ ഇറക്കും.

iPhone5c

ബ്ലൂടൂത്ത് 4.0 LE, ഡ്യുല്‍ ബാന്‍ഡ് വൈഫൈ, LTE സപ്പോര്‍ട്ട് തുടങ്ങിയവ ഐഫോണ്‍ 5Cയുടെ സവിശേഷതകള്‍ ആണ്. ലോകത്തെ മിക്ക LTE ബാന്റുകളും സപ്പോര്‍ട്ട് ചെയ്യുന്ന ഒരു ഫോണ്‍ ആണ് ഐഫോണ്‍ 5C. രണ്ട് വര്‍ഷത്തെ കോണ്‍ട്രാക്റ്റോട് കൂടിയ 16 ജിബി ഐഫോണ്‍ 5Cയുടെ വില 99 ഡോളറും, 32 ജിബി പതിപ്പിന്റെ വില 199 ഡോളറും ആണ്.

iPhone 5c Blue

iPhone 5c Case Blue

പാരിസ്ഥിതിക്ക് ദോഷകരമായ ആര്‍സെനിക്, മെര്‍ക്കുറി, പിവിസി എന്നിവകൊണ്ടുള്ള ഘടകങ്ങള്‍ ആപ്പിള്‍ പുതിയ ഫോണില്‍ ഉപയോഗിച്ചിട്ടില്ല. യുഎസ്, ഓസ്ട്രേലിയ, കാനഡ, ചൈന, ഫ്രാന്‍സ്, ജര്‍മ്മനി, ഹോങ്ങ്കോങ്ങ്, ജപ്പാന്‍, സിങ്കപ്പൂര്‍, യുകെ എന്നീ രാജ്യങ്ങളില്‍ സെപ്റ്റംബര്‍ 20 മുതല്‍ ഈ ഫോണുകള്‍ ലഭ്യമാകും. ഇന്ത്യന്‍ വിപണിയില്‍ ഈ ഫോണുകള്‍ ഡിസംബറിലെ എത്തൂ. ആദ്യമായാണ് ആപ്പിള്‍ ഐഫോണ്‍ ഇറങ്ങുന്ന ദിവസം തന്നെ ചൈനയിലെ വിപണിയില്‍ ലഭ്യമാക്കുന്നത്.

iPhone 5c Green

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപെടുത്തുക