ഉബുണ്ടു എഡ്ജ്; ആന്‍ഡ്രോയ്ഡ്, ഉബുണ്ടു മൊബൈല്‍ ഒഎസ് എന്നിവ ഡ്യുവല്‍ ബൂട്ട് ചെയ്യുന്ന സൂപ്പര്‍ഫോണ്‍ എന്ന ആശയവുമായി കനോണിക്കല്‍

സ്മാര്‍ട്ട്‌ഫോണ്‍ പ്രേമികളെ കോരിത്തരിപ്പിക്കുന്ന ഒരു പ്രഖ്യാപനം ആണ് ഇന്നലെ ഉബുണ്ടുവിന്റെ നിര്‍മ്മാതാക്കളായ കനോണിക്കല്‍ ഇറക്കിയത്. കാനോണിക്കലിന്റെ സ്വന്തം മൊബൈല്‍ ഓപ്പറേറ്റിംഗ് സിസ്റ്റം ആയ ഉബുണ്ടു മൊബൈല്‍ ഒഎസ്സില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്മാര്‍ട്ട്‌ഫോണിനെ കുറിച്ചുള്ള ഒരു പ്രഖ്യാപനം ആയിരുന്നു അത്. ഉബുണ്ടു എഡ്ജ് എന്നാണ് ആ ഫോണിന്റെ പേര്. സ്മാര്‍ട്ട്‌ഫോണ്‍ ലോകത്തില്‍ അടിമുടി ഒരു മാറ്റം ഉണ്ടാക്കാന്‍ തരത്തിലുള്ള ഒരു ഫോണ്‍ ആണിത്. ആദ്യം വളരെ ചുരുക്കം എണ്ണം ഫോണുകള്‍ ഉണ്ടാക്കാനാണ് കനോണിക്കല്‍ ഉദേശിക്കുന്നത്. മെയ്‌ 2014ല്‍ ആണ് കനോണിക്കല്‍ ഈ ഫോണ്‍ പുറത്തിറക്കാന്‍ ഉദേശിക്കുന്നത്.

Ubuntu Edge Prototype

കാര്‍ വിപണിയിലെ നൂതനമായ ടെക്നോളജികള്‍ ആദ്യം പരീക്ഷിക്കുന്നത് ഫോര്‍മുല 1ല്‍ ആണ്. മൊബൈല്‍ ഫോണ്‍ വിപണിയില്‍ അതേ പോലെ ചെയ്യാനാണ് ഉബുണ്ടു എഡ്ജ് എന്ന ഫോണ്‍ കൊണ്ട് തങ്ങള്‍ ഉദേശിക്കുന്നത് എന്ന് കനോണിക്കല്‍ സിഇഒ മാര്‍ക്ക്‌ ഷട്ടില്‍വര്‍ത്ത് പറഞ്ഞു. അദ്ദേഹം പറഞ്ഞത് അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ ഉള്ള നൂനതനമായ ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറും ആണ് ഈ ഫോണില്‍ കനോണിക്കല്‍ ഉള്‍ക്കൊള്ളിക്കാന്‍ ഉദേശിക്കുന്നത്. ഫോണിന്റെ ചില സ്പെസിഫിക്കേഷന്‍ താഴെ കൊടുക്കുന്ന പോലെയാണ്.

  • ആന്‍ഡ്രോയ്ഡ്, ഉബുണ്ടു മൊബൈല്‍ ഒഎസ് എന്നിവ ഡ്യുവല്‍ ബൂട്ട് ചെയ്യും.
  • വേഗതയേറിയ മള്‍ട്ടി കോര്‍ സിപിയു, 4 ജിബി റാം, 128 ജിബി സ്റ്റോറേജ്
  • 4.5 ഇഞ്ച്‌ 1,280 x 720 പിക്സല്‍ എച്ഡി സഫെയര്‍ (sapphire) ക്രിസ്റ്റല്‍ ഡിസ്പ്ലേ
  • കുറഞ്ഞ വെളിച്ചത്തില്‍ മിഴിവാര്‍ന്ന ചിത്രങ്ങള്‍ നല്‍കുന്ന 8 മെഗാപിക്സല്‍ പിന്‍ക്യാമറ, 2 മെഗാപിക്സല്‍ മുന്‍ക്യാമറ
  • ഡ്യുവല്‍ എല്‍ടിഇ (Dual-LTE), ഡ്യുവല്‍ ബാന്‍ഡ് 802.11n വൈഫൈ, ബ്ലൂടൂത്ത് 4, എന്‍എഫ്സി
  • ജിപിഎസ്, ആക്സിലെറോമീറ്റര്‍, ഗൈറോ, പ്രോക്സിമിറ്റി സെന്‍സര്‍, കോമ്പസ്, ബാരോമീറ്റര്‍
  • എച്ഡി സൗണ്ട് ഉള്ള സ്റ്റീരിയോ സ്പീക്കര്‍, ഡ്യുവല്‍ മൈക്ക് റെക്കോര്‍ഡിങ്ങ്, ആക്റ്റീവ് നോയിസ് കാന്‍സെലേഷന്‍
  • 3.5mm ജാക്ക്
  • സിലിക്കണ്‍ആനോഡ് ലിതിയം അയണ്‍ ബാറ്ററി

ഫോണിന്റെ രൂപകല്‍പ്പന വളരെ മനോഹരമാണ് എന്ന കാര്യത്തില്‍ സംശയം ഇല്ല. വില കൂടിയ റിസ്റ്റ് വാച്ചില്‍ ഉപയോഗിക്കുന്ന സഫെയര്‍ (sapphire) ക്രിസ്റ്റല്‍ ഡിസ്പ്ലേ ആണ് ഫോണില്‍ ഉണ്ടാവുക. വജ്രം കൊണ്ട് മാത്രമേ അങ്ങനെയുള്ള സ്ക്രീനില്‍ പോറല്‍ വീഴ്ത്താന്‍ പറ്റൂ. ഈ ഫോണ്‍ ഒരു ഡെസ്ക്ടോപ്പുമായി ഡോക്ക് ചെയ്തു ഒരു ഡെസ്ക്ടോപ്പ് കമ്പ്യൂട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്ന പോലെ പ്രവര്‍ത്തിപ്പിക്കാം.

നമുക്കാര്‍ക്കും അധികം പരിചയം ഇല്ലാത്ത ക്രൌഡ് ഫണ്ടിങ്ങ് എന്ന സേവനം വഴി ആണ് കനോണിക്കല്‍ ഇതിനുള്ള പണം സ്വരൂപിക്കുന്നത്. 32 മില്ല്യന്‍ ഡോളര്‍ ആണ് ഇങ്ങനെ കനോണിക്കല്‍ കണ്ടെത്താന്‍ ഉദേശിക്കുന്നത്. ഈ ലിങ്ക് www.indiegogo.com/projects/ubuntu-edge നിങ്ങള്‍ക്കും സംഭാവന നല്‍കാം. ഈ വാര്‍ത്ത‍ എഴുതുന്ന സമയത്ത് ഏകദേശം 3,398,675 ഡോളര്‍ കിട്ടിയിട്ടുണ്ട്. ഓഗസ്റ്റ്‌ 21 വരെ മാത്രമേ ഫണ്ട്‌ സ്വീകരിക്കുകയുള്ളൂ.

ഈ ആശയം വളരെ നല്ലതാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നു എങ്കില്‍ ഈ ലിങ്ക് www.indiegogo.com/projects/ubuntu-edge സന്ദര്‍ശിച്ച് നിങ്ങള്‍ക്കും ഫണ്ട്‌ നല്‍കാം.

കനോണിക്കല്‍ സിഇഒ മാര്‍ക്ക്‌ ഷട്ടില്‍വര്‍ത്ത് ഉബുണ്ടു എഡ്ജിനെ കുറിച്ച് വിശദീകരിക്കുന്ന വീഡിയോ താഴെ കൊടുത്തിരിക്കുന്നു

Leave a Reply