ഇന്ത്യയുടെ ആദ്യ ഗതിനിര്‍ണയ ഉപഗ്രഹം ഐ.ആര്‍.എന്‍.എസ്.എസ് 1 എ വിജയകരമായി വിക്ഷേപിച്ചു

IRNSS 1 A

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യ ഗതിനിര്‍ണയ ഉപഗ്രഹമായ ഐ.ആര്‍.എന്‍.എസ്.എസ്.1-എ വിജയകരമായി വിക്ഷേപിച്ചു. തിങ്കളാഴ്ച രാത്രി 11.41-ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് ഉപഗ്രഹം ഭ്രമണപഥത്തിലേക്ക് കുതിച്ചുയര്‍ന്നത്. ഇതോടെ ബഹിരാകാശരംഗത്തെ വന്‍ ശക്തികളില്‍ ഒന്ന് എന്ന ചരിത്രനേട്ടമാണ് രാജ്യം സ്വന്തമാക്കിയത്. ഇതാദ്യമായാണ് ഐ.എസ്.ആര്‍.ഒ. അര്‍ധരാത്രിയോടടുപ്പിച്ച് വിക്ഷേപണം നടത്തുന്നത്.

വിക്ഷേപണ ദൗത്യങ്ങളില്‍ ഇന്ത്യയുടെ പടക്കുതിരയായ പി.എസ്.എല്‍.വി. സി-22 റോക്കറ്റാണ് ഐ.ആര്‍.എന്‍.എസ്.എസ്. 1-എ യെ 20 മിനിറ്റും 37 സെക്കന്റും കൊണ്ട് ഭ്രമണപഥത്തിലെത്തിച്ചത്. തിരുവനന്തപുരത്തെ വിക്രം സാരാഭായ് സ്‌പേയ്‌സ് സെന്ററാണ് സി 22 റോക്കറ്റ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. ഇന്ത്യയുടെ നാവിഗേഷന്‍ സംവിധാനത്തിന്റെ ഭാഗമായി ഐ.എസ് ആര്‍.ഒ വിക്ഷേപിക്കുന്ന ഏഴ് ഉപഗ്രഹങ്ങളില്‍ ആദ്യത്തേതാണ് ഐ ആര്‍ എന്‍ എസ് എസ് 1 എ. ഐ ആര്‍ എന്‍ എസ് എസ്1 എ തുടങ്ങി ജി വരെയുള്ള ഏഴ് ഉപഗ്രഹങ്ങളാണ് നാവിഗേഷന്‍ ശൃംഖലയിലുള്ളത്. ആറ് മാസത്തില്‍ ഒരു ഉപഗ്രഹം വീതം വിക്ഷേപിച്ച് ബാക്കി ആറു ഉപഗ്രഹങ്ങളും 2015 നു മുമ്പ് ഭ്രമണപഥത്തിലെത്തിക്കണമെന്നാണ് ഐ.എസ്.ആര്‍.ഒയുടെ കണക്കുകൂട്ടല്‍ .

വ്യോമ, നാവിക, കര ഗതാഗതം, ദുരിത നിവാരണം, മൊബൈല്‍ ഫോണ്‍ വഴിയുള്ള നാവിക നിയന്ത്രണം തുടങ്ങിയ മേഖലകളില്‍ സഹായകമായ വിവരങ്ങള്‍ ലഭ്യമാക്കുന്ന പ്രഥമ ഇന്ത്യന്‍ നാവിഗേഷന്‍ സാറ്റലൈറ്റാണ് ഐ.ആര്‍.എന്‍.എസ്.എസ്. 1എ. രാജ്യത്തിന്റെ 1,500 കിലോ മീറ്റര്‍ ചുറ്റളവിലുള്ള കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ ഉപഗ്രഹത്തിനാവും. യുദ്ധം പോലെയുള്ള അടിയന്തിരഘട്ടങ്ങളില്‍ സൈന്യത്തിന്റേയും ജനങ്ങളുടെയും ആവശ്യങ്ങള്‍ക്ക് ആ ഉപഗ്രഹം ഉപയോഗപ്പെടുത്താനാവും.

രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യനും ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ.കെ. രാധാകൃഷ്ണന്‍ ഉള്‍പ്പെടെ ശാസ്ത്രജ്ഞന്മാരും എന്‍ജിനീയര്‍മാരുമടക്കമുള്ള സംഘവും ശ്രീഹരിക്കോട്ടയില്‍ ഈ ചരിത്രമുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിച്ചു. ഉപഗ്രഹ നാവിഗേഷന്‍ രംഗത്ത് ഇന്ത്യ പുതുയുഗപ്പിറവി കുറിച്ചതായി ഡോ. കെ. രാധാകൃഷ്ണന്‍ വിക്ഷേപണത്തിന് ശേഷം പറഞ്ഞു.

1425 കിലോഗ്രാം ഭാരമാണ് ഐ ആര്‍ എന്‍ എസ് എസ്1 എയ്ക്ക് ഉള്ളത്. ഉപഗ്രഹത്തിന്റെ കാലാവധി പത്ത് വര്‍ഷമാണ്. ഇന്ത്യ സ്വതന്ത്രമായി രൂപകല്പന ചെയ്ത് വികസിപ്പിച്ചെടുത്ത ആദ്യ നാവിഗേഷന്‍ ഉപഗ്രഹമാണിത്. ഈ പദ്ധതിക്ക് 2006ലാണ് കേന്ദ്ര സര്‍ക്കാര്‍ ഐ.എസ്.ആര്‍.ഒയ്ക്ക് അനുമതി നല്‍കിയത്. 1420 കോടി രൂപയാണ് മൊത്തം പദ്ധതി ചെലവ്. ഐ.ആര്‍.എന്‍.എസ്.എസ് നാവിഗേഷന്‍ നിലയത്തെ നിയന്ത്രിക്കുന്നത് കര്‍ണാടകയിലെ ബ്യാലലുവില്‍ ഉള്ള ഐ.എസ്.ആര്‍.ഒ നിലയമായിരിക്കും. 2015ല്‍ പദ്ധതി സമ്പൂര്‍ണമായി പ്രവര്‍ത്തനക്ഷമമാകും.

യുദ്ധങ്ങളും മറ്റ് ആഭ്യന്തര കലാപങ്ങളും നടക്കുന്ന സമയം നാവിഗേഷന്‍ സംവിധാനത്തിനായി വാടക ഉപഗ്രഹങ്ങളെയാണ് ഇന്ത്യ ആശ്രയിക്കുന്നത്. പുതിയ ഉപഗ്രഹത്തിന്റെ വിക്ഷേപണത്തോടെ ഇന്ത്യക്ക് മറ്റൊരു രാജ്യത്തെ ആശ്രയിക്കാതെ തന്നെ ജിപിഎസിന് തത്തുല്യമായ നാവിഗേഷന്‍ സംവിധാനം ഉപയോഗിക്കാം.ഇന്ത്യയിലെ ഓരോ മുക്കും മൂലയും തിരയാന്‍ വ്യാപകമായി ഉപയോഗിക്കുന്നത് ജിപിഎസ് സംവിധാനമാണ്. ഐ.ആര്‍.എന്‍.എസ്.എസ് 1 എ ഭ്രമണപഥത്തിലെത്തുന്നതോടെ ദിശാനിര്‍ണയത്തില്‍ ഇന്ത്യയ്ക്ക് വന്‍ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ.

Leave a Reply